തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലിയോ. വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എല്‍.സി.യു ആണോ അല്ലയോ എന്ന കാര്യത്തില്‍ റിലീസിന് മുമ്പ് പല തരത്തില്‍ ചര്‍ച്ചകള്‍ അരങ്ങേറി. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി.
പാര്‍ത്ഥിബന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു വിജയ് കാഴ്ചവെച്ചത്. അഭിനയിക്കാനറിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സ്. ആക്ഷന്‍ രംഗങ്ങളിലും അസാമാന്യ മെയ്‌വഴക്കമായിരുന്നു വിജയ്‌യുടേത്. ഇപ്പോഴിതാ ചിത്രത്തിലെ കോഫി ഷോപ്പ് ഫൈറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.
അമിതമായി വയലന്‍സ് കാണിക്കുക എന്നതിനെക്കാള്‍ ആ ഫൈറ്റിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്കെത്തിക്കുക എന്നതായിരുന്നു തന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ലോകേഷ് കനകരാജ് പറയുന്നു. ആ ഫൈറ്റ് സീനില്‍ പാര്‍ത്ഥിബന്‍ എന്ന കഥാപാത്രത്തിന്റെ മകള്‍ ഇല്ലായിരുന്നെങ്കില്‍ വയലന്‍സിന് ലിമിറ്റില്ലാതെ കാണിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവിടെ താന്‍ എന്ത് ചെയ്താലും അത് തന്റെ മകളെക്കൂടി ബാധിക്കുമെന്ന ബോധ്യം ആ കഥാപാത്രത്തിനുണ്ട്. അത് അവള്‍ക്ക് ഷോക്കും ട്രോമയും നല്‍കുമെന്ന് അയാള്‍ക്ക് അറിയാം. അതുകൊണ്ട് മകളെ സേഫാക്കാനാണ് ആ കഥാപാത്രം പ്രധാനമായും ശ്രമിക്കുക. അതിന്റെ കൂടെ വില്ലന്മാരെ എതിരിടുക എന്നതും ആ സീനില്‍ ചേര്‍ത്തു,’ ലോകേഷ് പറഞ്ഞു.
ആ ഫൈറ്റിനിടയില്‍ മകള്‍ എല്ലാം കാണുന്നുണ്ടെന്ന് അറിയുമ്പോള്‍ അവളോട് കണ്ണടക്കാനാണ് ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്നും അയാള്‍ക്ക് വേറെ വഴിയില്ലാതെ വരികയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ മകളെ രക്ഷിക്കാന്‍ വേറെ വഴിയില്ലാതെ വരുമ്പോഴാണ് അയാള്‍ എല്ലാവരെയും കൊല്ലുന്നതെന്നും ലോകേഷ് പറഞ്ഞു.
‘ആ സീനിന് ഒടുവില്‍ എല്ലാവരെയും കൊല്ലുക എന്നല്ലാതെ അയാള്‍ക്ക് വേറെ ഓപ്ഷനില്ലാതെ വരികയാണ്. കാരണം, സ്വന്തം മകളെ രക്ഷിക്കാന്‍ അത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. മകള്‍ ആ സീനില്‍ ഇല്ലായിരുന്നെങ്കില്‍ ആ സീനിന്റെ സ്റ്റേജിങ് മറ്റൊരു തരത്തിലായേനെ. ചുമ്മാ ഒരു ഫൈറ്റ് സീന്‍ വെക്കാമെന്ന രീതിയില്‍ ചേര്‍ത്തതല്ല അത്,’ ലോകേഷ് കനകരാജ് പറയുന്നു.
Content Highlight: Lokesh Kanagaraj explains about the coffee shop fight scene in Leo movie