ഷങ്കറോ മണിരത്‌നമോ അറ്റ്‌ലീയോ അല്ല, തമിഴ് സിനിമയില്‍ മറ്റാര്‍ക്കും നേടാനാകാത്ത നേട്ടത്തില്‍ ലോകേഷ് കനകരാജ്
Indian Cinema
ഷങ്കറോ മണിരത്‌നമോ അറ്റ്‌ലീയോ അല്ല, തമിഴ് സിനിമയില്‍ മറ്റാര്‍ക്കും നേടാനാകാത്ത നേട്ടത്തില്‍ ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th August 2025, 9:02 pm

ബോളിവുഡിനും ടോളിവുഡിനും (തെലുങ്ക്) ശേഷം ഇന്ത്യന്‍ സിനിമാരംഗത്തെ വലിയ ശക്തികളാണ് കോളിവുഡ്. ഒരേസമയം കണ്ടന്റിന് പ്രധാന്യമുള്ള സിനിമകളും അതോടൊപ്പം മാസ് മസാല സിനിമകളും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ തമിഴ് സിനിമക്ക് പ്രത്യേക കഴിവാണുള്ളത്. ഓരോ കാലഘട്ടത്തിലും ഓരോ മികച്ച സംവിധായകര്‍ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടുപോകാറുണ്ട്.

കൊമേഴ്‌സ്യല്‍ സിനിമകളുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തിയ ഷങ്കറും, വ്യത്യസ്തമായ കഥപറച്ചിലിലൂടെ തമിഴ് സിനിമയുടെ ക്വാളിറ്റി ഉയര്‍ത്തിയ മണിരത്‌നവും ഇന്‍ഡസ്ട്രിയുടെ വഴികാട്ടികളാണ്. പുതിയ തലമുറയില്‍ കൊമേഴ്‌സ്യല്‍ സിനിമകളിലൂടെ ഇന്‍ഡസ്ട്രിയെ നയിക്കാന്‍ കഴിവുള്ള സംവിധായകരാണ് ലോകേഷ് കനകരാജും അറ്റ്‌ലീയും.

ജവാനിലൂടെ ബോളിവുഡിലേക്ക് അറ്റ്‌ലീ ആദ്യ ഹിന്ദി ചിത്രം തന്നെ 1000 കോടി ക്ലബ്ബില്‍ കയറ്റി ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റി. ഇപ്പോഴിതാ അറ്റ്‌ലീക്ക് പോലുമില്ലാത്ത നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം കൂലി ഇതിനോടകം ബോക്‌സ് ഓഫീസില്‍ 400 കോടി കളക്ഷന്‍ പിന്നിട്ടുകഴിഞ്ഞു.

ഇതോടെ തുടര്‍ച്ചയായി മൂന്ന് വട്ടം 400 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ സംവിധായകനായി ലോകേഷ് മാറിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണം വെച്ചാണ് ലോകേഷും രജിനിയും ബോക്‌സ് ഓഫീസിന് തീയിട്ടിരിക്കുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 407 കോടിയാണ് കൂലി നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ 300 കോടി, 400 കോടി കളക്ഷന്‍ നേടിയ ചിത്രവും കൂലി തന്നെ.

തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് കൂലി. തന്റെ ഇഷ്ടനടനായ കമല്‍ ഹാസനെ നായകനാക്കിക്കൊണ്ടുള്ള വിക്രത്തിലൂടെയാണ് ലോകേഷ് ആദ്യമായി ഇന്‍ഡസ്ട്രി ഹിറ്റ് നേടിയത്. ആറ് വര്‍ഷമായി ബാഹുബലി 2 സ്വന്തമാക്കിവെച്ച റെക്കോഡാണ് വിക്രം നിഷ്പ്രയാസം തകര്‍ത്തത്. പിന്നാലെ തമിഴിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായി വന്ന ലിയോയും ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി.

ഓരോ സിനിമ കഴിയുന്തോറും തന്റെ ബ്രാന്‍ഡ് വാല്യു ലോകേഷ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത സംവിധാനസംരംഭം 2026 ഓടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആദ്യമായി നായകകുപ്പായമണിയുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം അധികം വൈകാതെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Lokesh Kanagaraj becomes the first director who have three 400 crore movies