മൻസൂർ അലി ഖാനെ തള്ളി ലോകേഷും; തൃഷക്ക് പിന്തുണ
Film News
മൻസൂർ അലി ഖാനെ തള്ളി ലോകേഷും; തൃഷക്ക് പിന്തുണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th November 2023, 11:51 pm

മൻസൂർ അലി ഖാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷയുടെ പ്രതികരണത്തിന് പിന്നാലെയാണ് ലോകേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഒരേ ടീമിൽ പ്രവൃത്തിച്ചവരാണെന്നും മൻസൂർ അലി ഖാന്റെ വാക്കുകൾ തികച്ചും സ്ത്രീവിരുദ്ധമാണെന്നും ലോകേഷ് തന്റെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മൻസൂർ അലി ഖാന്റെ പരാമർശം കേട്ടിട്ട് തനിക്ക് നിരാശയും രോഷവും തോന്നുന്നുണ്ടെന്നും ലോകേഷ് പറയുന്നുണ്ട്.

‘ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതാണെന്നും, മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു’ എന്നായിരുന്നു ലോകേഷ് ട്വീറ്റ് ചെയ്തത്.

Disheartened and enraged to hear the misogynistic comments made by Mr.Mansoor Ali Khan, given that we all worked in the same team. Respect for women, fellow artists and professionals should be a non-negotiable in any industry and I absolutely condemn this behaviour. https://t.co/PBlMzsoDZ3

— Lokesh Kanagaraj (@Dir_Lokesh) November 18, 2023

അടുത്തിടെ നൽകിയ വാർത്ത സമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയത്. മറ്റൊരു സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തിൽ തൃഷയെ ഇടാൻ പറ്റിയില്ലായെന്നും, 150 പടത്തിൽ താൻ ചെയ്ത റേപ് സീനുകൾ ലിയോയിൽ ഇല്ലായെന്നും മസൂർ അലി ഖാൻ പറഞ്ഞിരുന്നു.

വില്ലൻ കഥാപാത്രം ലോകേഷ് തന്നില്ലായെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോ സിനിമയുടെ വിജയത്തിൽ താനിത് പറയുമായിരുന്നെന്നും എന്നാൽ കലാപം നടത്താൻ ആഗ്രഹിക്കുന്ന ചിലരുണ്ടായിരുന്നുവെന്നതിനാൽ താൻ വെറുതെയിരിക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.

മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് തൃഷ രംഗത്ത് വന്നിരുന്നു. തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞിരുന്നു.

‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. അത് സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്.

അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാൽ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറിൽ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്’ എന്നായിരുന്നു തൃഷയുടെ പ്രതികരണം.

Content Highlight: Lokesh kanagaraj also against mansoor ali khan’s words