തമിഴ് സിനിമയിലെ രണ്ട് വമ്പന്മാര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളിലൂടെയും ഹൈപ്പിന്റെ കൊടുമുടിയിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ തമിഴിലെ ആദ്യത്തെ 1000 കോടി ക്ലബ്ബ് എന്ന സ്വപ്‌നം കൂലിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
രജിനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. താന്‍ ആദ്യം രജിനിയെ സമീപിച്ചപ്പോള്‍ പറഞ്ഞത് കൂലിയുടെ കഥയെല്ലെന്ന് ലോകേഷ് പറഞ്ഞു. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള കഥയാണ് അതെന്നും ആ കഥയില്‍ രജിനി വില്ലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.
‘ഒരുപാട് സമയം ആവശ്യമുള്ള പ്രൊജക്ടായിരുന്നു അത്. പ്രീ പ്രൊഡക്ഷന് തന്നെ ഒരു വര്‍ഷത്തിനമുകളില്‍ ആവശ്യമാണ്. ഷൂട്ട് തീരാന്‍ എങ്ങനെ പോയാലും മൂന്ന് വര്‍ഷത്തിലധികം ആവശ്യമാണ്. രജിനി സാറിന്റെ പീക്ക് ടൈമില്‍ അദ്ദേഹത്തിന്റെ കരിയറിലെ മൂന്ന് വര്‍ഷം എന്തിനാണ് കളയുന്നതെന്ന് ആലോചിച്ച് ആ പ്രൊജക്ട് ഉപേക്ഷിച്ചു. എന്നിട്ടാണ് കൂലിയുടെ കഥയിലേക്ക് എത്തിയത്,’ ലോകേഷ് പറയുന്നു.
രജിനികാന്ത് വില്ലനായി വന്ന സിനിമകളിലെല്ലാം അപാര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലെ വില്ലനായിട്ടുള്ള പ്രകടനം പകരം വെക്കാനില്ലാത്തതാണെന്നും ലോകേഷ് പറഞ്ഞു. രണ്ടാം പകുതിയിലെ പെര്‍ഫോമന്‍സൊന്നും മറ്റൊരു സിനിമയിലും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൂണ്ട്ര് മുടിച്ച് എന്ന പടത്തിലെപ്പോലൊരു വില്ലനിസം മറ്റൊരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല. നായകന് വലിയ പ്രാധാന്യമില്ലാത്ത സിനിമയാണത്. ഫസ്റ്റ് ഹാഫില്‍ ഹീറോ മരിക്കും. പിന്നീട് അവസാനം വരെ രജിനി സാറിന്റെ പെര്‍ഫോമന്‍സിലൂടെയാണ് പടം മുന്നോട്ടുപോകുന്നത്. അതിന് മേലെ വെക്കാന്‍ മറ്റൊരു സിനിമയില്ല. സത്യം പറഞ്ഞാല്‍ അതുപോലൊരു വില്ലന്‍ കഥാപാത്രമായിരുന്നു എന്റെ മനസില്‍,’ ലോകേഷ് പറഞ്ഞു.