ലോകഃ തമിഴ് ചിത്രമായിരുന്നെങ്കില്‍ പരാജയപ്പെട്ടേനെ; നാഗവംശിക്ക് പിന്നാലെ തമിഴ് നിര്‍മാതാവ് ജി. ധനജ്ഞയന്‍
Indian Cinema
ലോകഃ തമിഴ് ചിത്രമായിരുന്നെങ്കില്‍ പരാജയപ്പെട്ടേനെ; നാഗവംശിക്ക് പിന്നാലെ തമിഴ് നിര്‍മാതാവ് ജി. ധനജ്ഞയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd October 2025, 11:39 am

മലയാള സിനിമയില്‍ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച സിനിമയായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ചിത്രം 300 കോടിയും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധി റെക്കോര്‍ഡുകളും ലോകഃയുടെ പേരിലുണ്ട്. കേരളത്തില്‍ മാത്രം അല്ല കേരളത്തിന് പുറത്തും തരംഗം സൃഷ്ടിക്കാന്‍ ലോകഃയ്ക്ക് സാധിച്ചു.

തെലുങ്കില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയര്‍, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത സിനിമ, കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ എത്തിയ സിനിമ എന്നീ റെക്കോര്‍ഡുകളും ലോകഃ സ്വന്തമാക്കി. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ചിത്രം ഹിറ്റായി മാറി. തെലുങ്ക് സിനിമയല്ലാത്തതുകൊണ്ടാണ് ചിത്രം ആന്ധ്രയില്‍ വന്‍ വിജയം ആയതെന്ന് തെലുങ്കില്‍ വിതരണത്തിനെത്തിച്ച നാഗവംശി പറഞ്ഞിരുന്നു. ഇപ്പോഴിതാ തമിഴ് നിര്‍മാതാവ് ജി. ധനജ്ഞയനും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

തമിഴ് സിനിമയിലും ഇക്കാര്യം ശരിയാണെന്നും ലോകഃ തമിഴില്‍ നിര്‍മിച്ചിരുന്നെങ്കില്‍ നാഗവംശി പറഞ്ഞത് പോലെയുള്ള പ്രതികരണം ലഭിക്കുമായിരുന്നെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഓരോ ഭാഷയിലെ ചിത്രത്തെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ലോകഃ തെലുങ്കില്‍ വിതരണത്തിനെത്തിച്ചത് താനാണെന്നും നല്ല ലാഭമായിരുന്നു ഈ സിനിമ തനിക്ക് നല്‍കിയതെന്നും നാഗവംശി പറഞ്ഞിരുന്നു. തെലുങ്ക് പടമായിരുന്നെങ്കില്‍ ഇവിടുത്തെ പ്രേക്ഷകര്‍ ഒന്നും നോക്കാതെ ചിത്രത്തെ പരാജയപ്പെടുത്തിയേനെ എന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ലാഗാണ്. കഥ പോരാ, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ ഇവിടുള്ളവര്‍ കുറ്റം പറയും. ഇത് ഉറപ്പാണ്. അങ്ങനെ നടന്നില്ലെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും. തെലുങ്ക് സിനിമയായി അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരാള് പോലും ഈ പടം കാണില്ല. കാരണം ഇവിടുത്തെ പ്രേക്ഷകര്‍ക്ക് തെലുങ്ക് സിനിമയെന്ന് പറഞ്ഞാല്‍ പ്രത്യേക മൈന്‍ഡ് സെറ്റുണ്ട്. അതില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ക്ക് താത്പര്യമില്ല,’ എന്നും നാഗവംശി പറഞ്ഞിരുന്നു.

Content Highlight:  Lokah would have failed if it had been a Tamil film says Producer g dhananjayan