റിലീസ് ചെയ്ത് 30 ദിവസം പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയ മുഴുവന്‍ ലോകഃ തന്നെയാണ് സംസാരവിഷയം. എപ്പോഴെല്ലാം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറയുന്നുണ്ടോ അപ്പോഴെല്ലാം ഓരോ അപ്‌ഡേറ്റുമായി ലോകഃയെ ലൈവായി നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. കളക്ഷന്റെ കാര്യത്തിലും ചിത്രം മികച്ച കുതിപ്പാണ് നടത്തുന്നത്.
രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചാപ്റ്റര്‍ വണ്‍ അവസാനിച്ചത്. ആദ്യ ഭാഗത്തില്‍ അതിഥിവേഷത്തിലെത്തി കൈയടി നേടിയ ടൊവിനോ തോമസിന്റെ മൈക്കിള്‍/ ചാത്തനാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിനുള്ള ഗംഭീര പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ടീം ലോകഃ.
ടൊവിനോയുടെ ചാത്തനും ദുല്‍ഖറിന്റെ ഒടിയനും കത്തനാരുടെ നിലവറയിലിരുന്ന് സംസാരിക്കുന്ന രംഗമാണ് പ്രൊമോയിലുള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് പ്രൊമോയുടെ ഹൈലൈറ്റ്. തന്റെ ജ്യേഷ്ഠനായ ചാത്തന്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും തന്നെപ്പോലെ ഫണ്ണല്ല അയാളെന്നും മൈക്കിള്‍ ചാര്‍ലിക്ക് വാണിങ് നല്‍കുന്നുണ്ട്.
തന്നെയും മൂത്തോനെയുമാണ് അയാള്‍ക്ക് വേണ്ടതെന്നും കൂടെ നില്‍ക്കണമെന്നും ചാത്തന്‍ ഒടിയനോട് പറയുമ്പോള്‍ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞ് ചാര്‍ലി പോകുന്നുണ്ട്. എന്നാല്‍ വീണ്ടും ഒടിയനെ തടഞ്ഞുനിര്‍ത്തുന്ന ചാത്തനോട് ‘നീ വിളിക്ക് നമുക്ക് നോക്കാം’ എന്ന് പറയുന്നിടത്ത് പ്രൊമോ അവസാനിക്കുന്നു. പിന്നീട് രണ്ട് ചാത്തന്മാര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഗ്ലിംപ്‌സ് അനിമേഷന്‍ രൂപത്തില്‍ കാണിക്കുന്നുമുണ്ട്.
വരാന്‍ പോകുന്നത് ചാത്തനും ചാത്തനും തമ്മിലുള്ള യുദ്ധമാണെന്നും അതില്‍ സഹായത്തിനായി ഒടിയനുമെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ ഭാഗത്തിന് മേലെ നില്‍ക്കുന്ന ഗംഭീര ചിത്രമാകും ചാപ്റ്റര്‍ 2 എന്ന് സിനിമാപ്രേമികള്‍ ഇതിനോടകം തീരുമാനിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയുടെ മൂത്തോനെയും കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു.
2026 ആദ്യപകുതിയില്‍ തന്നെ ലോകഃ ചാപ്റ്റര്‍ 2വിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയുടെ തിരക്കിലാണ് ടൊവിനോ. ഇതിന് ശേഷമാകും ലോകഃ ചാപ്റ്റര്‍ 2 ആരംഭിക്കുക. മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിക്കാന്‍ ചാത്തന്മാര്‍ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Lokah Chapter Two promo featuring Tovino Thomas and Dulquer Salmaan out