മോളിവുഡിനും കിട്ടി ഒരു അവഞ്ചേഴ്‌സ്, മുത്തശ്ശിക്കഥ പോലെ ചന്ദ്രയുടെ ലോകം
D-Review
മോളിവുഡിനും കിട്ടി ഒരു അവഞ്ചേഴ്‌സ്, മുത്തശ്ശിക്കഥ പോലെ ചന്ദ്രയുടെ ലോകം
അമര്‍നാഥ് എം.
Thursday, 28th August 2025, 3:54 pm
ഒരുപാട് ബജറ്റിട്ട്, ഇതുവരെ കാണാത്ത തരത്തില്‍ ആക്ഷനും വി.എഫ്.എക്‌സും ഉപയോഗിച്ചാലും കഥ നടക്കുന്ന പശ്ചാത്തലം പ്രേക്ഷകര്‍ക്ക് കണക്ടായില്ലെങ്കില്‍ പുറംകാല് കൊണ്ട് ചവിട്ടിക്കളയുമെന്ന് ഇതിന് മുമ്പ് വന്ന പല 'മുത്തശ്ശിക്കഥകളും' പാഠം പഠിപ്പിച്ചിട്ടുണ്ട്. അവിടെയാണ് ഡൊമിനിക് അരുണ്‍ എന്ന സംവിധായകന്‍ വിജയിച്ചത്.

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം. മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സായി വേഫറര്‍ ഫിലിംസ് അവതരിപ്പിച്ച വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ലോകാഃ ചാപ്റ്റര്‍ വണ്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. നാല് ഭാഗങ്ങളുള്ള സിനിമയിലെ ആദ്യ ചിത്രമായാണ് ചന്ദ്രയെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലാത്ത വുമണ്‍ സൂപ്പര്‍ഹീറോ എന്ന ആശയം എത്ര കണ്ട് വര്‍ക്കാകുമെന്നായിരുന്നു സംശയം.

ഒരുപാട് ബജറ്റിട്ട്, ഇതുവരെ കാണാത്ത തരത്തില്‍ ആക്ഷനും വി.എഫ്.എക്‌സും ഉപയോഗിച്ചാലും കഥ നടക്കുന്ന പശ്ചാത്തലം പ്രേക്ഷകര്‍ക്ക് കണക്ടായില്ലെങ്കില്‍ പുറംകാല് കൊണ്ട് ചവിട്ടിക്കളയുമെന്ന് ഇതിന് മുമ്പ് വന്ന പല ‘മുത്തശ്ശിക്കഥകളും’ പാഠം പഠിപ്പിച്ചിട്ടുണ്ട്. അവിടെയാണ് ഡൊമിനിക് അരുണ്‍ എന്ന സംവിധായകന്‍ വിജയിച്ചത്.

മലയാളികള്‍ കേട്ടുവളര്‍ന്ന ചില മുത്തശ്ശിക്കഥകളെ ഇന്നത്തെ ലോകത്ത് ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിച്ചത് വലിയ കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. കഥ നടക്കുന്ന ചുറ്റുപ്പാടിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പോകുന്നത്. ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവം എന്താണെന്ന് മനസിലാകുമ്പോഴേക്ക് കഥ മറ്റൊരു തലത്തിലേക്ക് ഷിഫ്റ്റാകും.

ഇന്റര്‍വെല്ലിന് മുമ്പുള്ള 15 മിനിറ്റിലെ നരേഷന്‍ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ സിനിമ അതിന്റെ പീക്കിലാണ് പോയത്. ഒരിടത്ത് പോലും മടുപ്പിക്കാതെ, അടുത്തത് എന്താകുമെന്ന ആകാംക്ഷ ജനിപ്പിച്ച് അടുത്ത ഭാഗത്തിനായി കാത്തിരിപ്പ് നല്‍കിയാണ് ചന്ദ്രയുടെ കഥ അവസാനിക്കുന്നത്. എന്നാല്‍ ചന്ദ്ര നിര്‍ത്തിയ സ്ഥലത്ത് നിന്ന് കഥ തുടങ്ങാന്‍ ഇനിയും ഒരുപാട് ആളുകള്‍ ബാക്കിയുണ്ടെന്ന് പോസ്റ്റ് ക്രെഡിറ്റ് സീന്‍ അടിവരയിടുന്നു.

വുമണ്‍ സൂപ്പര്‍ഹീറോ എന്ന ആശയം എവിടെയും പാളാതെയാണ് ലോകാഃയില്‍ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ ഇമോഷനുകളെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് കണക്ടായി. ആക്ഷനും ഇമോഷനും ഒരുപോലെ തന്നില്‍ ഭദ്രമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ തെളിയിച്ചു. ചന്ദ്ര എന്ന കഥാപാത്രം കല്യാണിയുടെ കരിയര്‍ ബെസ്റ്റെന്ന് തന്നെ പറയാം.

സ്ത്രീപ്രാധാന്യമുള്ള സബ്ജക്ടായിരുന്നിട്ട് കൂടി നസ്‌ലെനും കട്ടക്ക് സ്‌കോര്‍ ചെയ്തു. കോമഡി സീനിലെല്ലാം കിടിലന്‍ ടൈമിങ്ങായിരുന്നു നസ്‌ലെന്റേത്. കല്യാണിയുമായുള്ള കോമ്പിനേഷന്‍ സീനുകളിലും താരം മികച്ച പ്രകടനമായിരുന്നു. വണ്‍ലൈനറുകളിലൂടെ ഇടക്കിടെ ചിരിപ്പിക്കാനും നസ്‌ലെന് സാധിച്ചു. ലോകാഃയുടെ അടുത്ത ഭാഗങ്ങളിലും നസ്‌ലെന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കാണുമ്പോള്‍ തന്നെ ഒരെണ്ണം പൊട്ടിക്കാന്‍ തോന്നുന്ന വില്ലനായാണ് സാന്‍ഡിയുടെ നാച്ചിയപ്പ ഗൗഡയെ അവതരിപ്പിച്ചത്. അടിമുടി ആണ്‍ അഹന്ത നിറഞ്ഞ കഥാപാത്രമാണ് ഇതെന്ന് ആദ്യ സീനില്‍ തന്നെ വ്യക്തമാക്കാന്‍ സംവിധായകന് സാധിച്ചു. കഥയ്‌ക്കൊത്ത വില്ലനായിരുന്നു സാന്‍ഡിയുടെ നാച്ചിയപ്പ. അവസാനം വരെ ആ കഥാപാത്രത്തിന്റെ മീറ്റര്‍ സാന്‍ഡിയില്‍ ഭദ്രമായിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചന്തു സലിംകുമാറും മികച്ച പെര്‍ഫോമന്‍സ് നടത്തിയ സിനിമയാണ് ഇത്. വേണു എന്ന കഥാപാത്രം ചന്തുവില്‍ ഭദ്രമായിരുന്നു. നജൈലായി വേഷമിട്ട അരുണ്‍ കുര്യന്‍, നിഷാന്ത് സാഗറിന്റെ പ്രകാശ്, ശരത് സഭ തുടങ്ങി സ്‌ക്രീനില്‍ വന്ന എല്ലാവരും മികച്ച പ്രകടനമായിരുന്നു. ഒരു കഥാപാത്രം പോലും അനാവശ്യമാണെന്ന തോന്നലുണ്ടായിട്ടില്ല.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം വന്ന കാസ്റ്റ് ലിസ്റ്റില്‍ സിനിമയിലെ സര്‍പ്രൈസ് കാമിയോകള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ആരൊക്കെയുണ്ടെന്ന് അറിഞ്ഞിട്ടും ആ താരങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്ന ഇംപാക്ട് പറഞ്ഞറിയിക്കാനാകാത്തതാണ്. ഒപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വോയിസ് കൂടി കേട്ടപ്പോള്‍ ഇനി വരാന്‍ പോകുന്നത് ചില്ലറ ഐറ്റമല്ലെന്ന് ഉറപ്പായി. അടുത്ത ഭാഗത്തില്‍ ഇവരൊക്കെ ഒന്നിച്ച് വരുമ്പോള്‍ അവഞ്ചേഴ്‌സ് വൈബാണ് മനസില്‍ തോന്നുന്നത്.

ചിത്രത്തിന്റെ മേക്കിങ്ങ് എടുത്തുപറയേണ്ട ഒന്നാണ്. റിയല്‍ വേള്‍ഡിനൊപ്പം വി.എഫ്.എക്‌സും എ.ഐ ഉപയോഗിച്ചുള്ള രംഗങ്ങളും കഥ പറച്ചിലിനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഒന്ന് പാളിയാല്‍ വലിയ രീതിയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ട സബ്ജക്ടിനെ ഇത്ര ഗംഭീരമായി അവതരിപ്പിച്ചതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

സിനിമയെ മറ്റൊരു തലത്തിലെത്തിച്ചത് ജേക്‌സ് ബിജോയ്‌യുടെ സംഗീതമാണ്. തുടക്കത്തിലെ ഇംഗ്ലീഷ് ഗാനം തൊട്ട് സിനിമയോടൊപ്പം ജേക്‌സിന്റെ സംഗീതം സഞ്ചരിക്കുന്നുണ്ട്. ഹൈ മൊമന്റുകള്‍ അതിന്റെ പൂര്‍ണതയിലെത്തിക്കുന്നിടത്തെല്ലാം ജേക്‌സും അറിഞ്ഞ് പണിയെടുത്തിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും നല്‍കിയ ബി.ജി.എം എടുത്തുപറയേണ്ട ഒന്നാണ്. പഴയ പാട്ടിനെ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചതും മികച്ച അനുഭവമായി.

ചന്ദ്രയുടെയും കൂട്ടരുടെയും ലോകത്തെ പ്രേക്ഷകര്‍ക്കായി ഒപ്പിയെടുത്ത നിമിഷ് രവിയെക്കുറിച്ചും എടുത്തു പറയേണ്ടതാണ്. ഇതൊരു മലയാളം സിനിമ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു നിമിഷ് ലോകാഃക്ക് വേണ്ടിയൊരുക്കിയ ഫ്രെയിമുകള്‍. ഫ്‌ളാറ്റ് സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ ഓരോ ഇമേജുകളുടെയും വലിപ്പം കൃത്യമായി മനസിലാക്കാന്‍ സാധിച്ചു.

യാനിക് ബെന്‍, അടി പൊട്ടണമെന്ന് പ്രേക്ഷകര്‍ വിചാരിക്കുന്ന സീനില്‍ കിണ്ണംകാച്ചിയ അടി പൊട്ടിക്കാന്‍ യാനിക്ക് ഒരുക്കിയ ആക്ഷന്‍ സീനുകള്‍ക്ക് സാധിച്ചു. പ്രീ ഇന്റര്‍വെല്‍ ഫൈറ്റ്, ക്ലൈമാക്‌സ് ഫൈറ്റ് എന്നിവയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മാരകമെന്നേ പറയാനാകൂ.

പഴയകാലവും പുതിയ കാലവും ബ്ലെന്‍ഡ് ചെയ്ത് കാണിച്ച ചമന്‍ ചാക്കോയുടെ എഡിറ്റും, രണ്ട് കാലഘട്ടത്തിനും അനുസരിച്ച് സിനിമയുടെ ലോകം ഒരുക്കിയ ബംഗ്ലാന്റെ പ്രൊഡക്ഷന്‍ ഡിസൈനും ഗംഭീരമായിരുന്നു. വലിയൊരു ലോകത്തിലേക്കുള്ള ആദ്യത്തെ വാതിലായി ലോകാഃ എന്ന സിനിമയെ കണക്കാക്കാം.

Content Highlight: Lokah Chapter one movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം