മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാളചിത്രമെന്ന നേട്ടവും ലോകഃയുടെ പേരില്‍ തന്നെയാണ്. ചിത്രം കളക്ഷനില്‍ മറ്റൊരു മികച്ച നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 304 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ ഫീമെയില്‍ സെന്‍ട്രിക് സിനിമകളുടെ പട്ടികയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയാണ് ലോകഃ ചരിത്രമെഴുതിയത്. ഒന്നാം സ്ഥാനത്തുള്ളത് ഹിന്ദി ചിത്രം സ്ത്രീ 2വാണ്. ശ്രദ്ധ കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം 880 കോടിയായിരുന്നു നേടിയത്.
ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ലോകഃ മറികടന്നത് കേരള സ്‌റ്റോറി എന്ന പ്രൊപ്പഗണ്ട ചിത്രത്തെയാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു വന്‍ വിജയമായത്. 301.3 കോടിയായിരുന്നു കേരള സ്‌റ്റോറി ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
കേരള സ്‌റ്റോറിയെ മാത്രമല്ല, ബോളിവുഡിലെ പല വമ്പന്‍ സിനിമകളെയും ലോകഃ പിന്നിലാക്കിയിട്ടുണ്ട്. കങ്കണ റണാവത്ത് നായികയായ തനു വെഡ്‌സ് മനു റിട്ടേണ്‍സ് (255 കോടി), ഗംഗുഭായ് കത്തിയവാഡി (209 കോടി), ഹിച്ച്കി (215 കോടി), റാസി (200 കോടി), ക്രൂ( 175 കോടി) എന്നിവയാണ് ലിസ്റ്റിലെ മറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ പിന്തള്ളിയാണ് ലോകഃ ചരിത്രമെഴുതിയത്.
മലയാളത്തില്‍ നിന്ന് 100 കോടി നേടിയ ആദ്യ ഫീമെയില്‍ സെന്‍ട്രിക് സിനിമയെന്ന നേട്ടത്തിന് പുറമെ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ രണ്ടാമത്തെ സിനിമയെന്ന റെക്കോഡും ലോകഃ സ്വന്തം പേരിലാക്കി. മോഹന്‍ലാല്‍ നായകനായ തുടരും ആണ് കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ആദ്യ മലയാള ചിത്രം. തുടരും നേടിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന നേട്ടം വെറും നാല് മാസം കൊണ്ടാണ് ലോകഃ മറികടന്നത്.
മലയാളികള്‍ കേട്ടു വളര്‍ന്ന കള്ളിയങ്കാട്ട് നീലി, ചാത്തന്‍, ഒടിയന്‍ എന്നീ കഥകളെ പുതിയ കാലത്തേക്ക് പ്ലെയ്‌സ് ചെയ്താണ് ലോകഃയില്‍ അവതരിപ്പിച്ചത്. കേരളത്തിന് പുറത്തും ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര പുറത്തിറങ്ങിയത്.
Content Highlight: Lokah Chapter one crossed worldwide collection of Kerala Story