ഒടുവില്‍ 'ലോക'യുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് വേഫെറര്‍; എവിടെ, എപ്പോള്‍ കാണാം
Malayalam Cinema
ഒടുവില്‍ 'ലോക'യുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് വേഫെറര്‍; എവിടെ, എപ്പോള്‍ കാണാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 4:16 pm

ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ വിജമായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ഒ.ടി.ടി റീലീസ് തിയ്യതി പുറത്ത്. ഒക്ടോബര്‍ 31ന് ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കും.

ജിയോ ഹോട്ട് സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ വേഫെറര്‍ നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും തിയ്യതി വെളിപ്പെടുത്തിയിരുന്നില്ല.

മലയാളം തമിഴ്, ഹിന്ദി എന്നിങ്ങനെ ഏഴ് ഭാഷകളില്‍ സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഡൊമിനിക് അരുണ്‍ ഒരുക്കിയ ഈ സിനിമ മോഹന്‍ലാലിന്റെ തുടരും, എമ്പുരാന്‍ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ക്കുകയും ആഗോളതലത്തില്‍ ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോക കളക്ഷന് പുറമെ മറ്റ് പല റെക്കോഡുകളും നേടിയിരുന്നു.

മലയാളത്തില്‍ ആദ്യമായി 50000 ഷോ പൂര്‍ത്തിയാക്കുന്ന ചിത്രമെന്ന നേട്ടം ലോകഃക്ക് സ്വന്തമാണ്. ഇപ്പോഴിതാ തിയേറ്റര്‍ തേരോട്ടം അവസാനിപ്പിച്ച് ഒ.ടി.ടി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് ചിത്രം. സിനിമയുടെ ഒ.ടി.ടി റീലീസുമായി ബന്ധപ്പെട്ട്  മുമ്പ് വ്യാജവാര്‍ത്തകള്‍ വന്നിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോക അഞ്ച് ഭാഗങ്ങള്‍ ഉള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായാണ് എത്തിയത്. സിനിമയില്‍ കല്യാണി പ്രിദര്‍ശന് പുറമെ നസ്‌ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിങ്ങനെ വന്‍താരനിര അണി നിരന്നിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ വരും ഭാഗങ്ങള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content highlight: Lokah Chapter One Chandra’s OTT release date is out