മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി. ഇപ്പോൾ മഹായാനം സിനിമയെപ്പറ്റിയും ലോഹിതദാസിനെപ്പറ്റിയും പറയുകയാണ് സീമ.
മഹായാനം സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് അതിൻ്റെ അർത്ഥം എന്താണെന്ന് അറിയില്ലായിരുന്നെന്നും ഒരു ദിവസം താൻ സിനിമയുടെ എഴുത്തുകാരനായ ലോഹിതദാസിനോട് അർത്ഥം എന്താണെന്ന് ചോദിച്ചുവെന്നും സീമ പറഞ്ഞു.
അത് അവസാനത്തെ യാത്രയാണെന്നാണ് ലോഹിതദാസ് പറഞ്ഞതെന്നും അപ്പോൾ തന്നെ പറഞ്ഞു വിടുന്നതിന് വേണ്ടിയിട്ടാണോ ഇങ്ങനെ പേരിട്ടത് എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചുവെന്നും നടി പറയുന്നു.
എന്നാൽ ആ സിനിമയുടെ അർത്ഥം പോലെ തന്നെ സംഭവിച്ചുവെന്നും ആ സിനിമയോടെ ഒരു ബ്രേക്ക് വന്നെന്നും അവർ പറഞ്ഞു. അതൊരു വലിയ ബ്രേക്ക് ആയിരുന്നെന്നും അതുകഴിഞ്ഞിട്ടുള്ള സിനിമയാണ് ഒളിമ്പ്യന് അന്തോണി ആദമെന്നും നടി കൂട്ടിച്ചേർത്തു. അമൃത ടി.വിയുടെ റെഡ് കാർപ്പറ്റിൽ സംസാരിക്കുകയായിരുന്നു സീമ.
‘മഹായാനം അഭിനയിച്ചപ്പോള്‍ ഇതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് അറിയില്ല. ലോഹിതദാസാണ് അതിന്റെ എഴുത്തുകാരന്‍. അപ്പോള്‍ ഒരു ദിവസം എന്റെ അടുത്ത് വന്നിരുന്നു പുള്ളി. ഞാന്‍ ചോദിച്ചു, ‘മഹായാനം എന്നുപറഞ്ഞാല്‍ എന്താ അര്‍ത്ഥം’ എന്ന്.
‘അത് അവസാനത്തെ യാത്രയാണ്’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഇതാണോ മീനിങ്, എന്നെ പറഞ്ഞയക്കാന്‍ വേണ്ടിയിട്ടാണോ ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്’ എന്ന്.
‘അയ്യോ അങ്ങനെയല്ല, അതിന്റെ അര്‍ത്ഥമാണ് അതെന്ന്’ ലോഹിതദാസ് പറഞ്ഞു. അത് അതുപോലെ സംഭവിച്ചു. അതൊരു ബ്രേക്ക് ആയിരുന്നു. വലിയൊരു ബ്രേക്ക് ആയിരുന്നു അത്. അത് കഴിഞ്ഞിട്ടുള്ള പടമാണ് ഒളിമ്പ്യന്‍,’ സീമ പറയുന്നു.
മഹായാനം
ജോഷി സംവിധാനം ചെയ്ത് സി.ടി. രാജൻ നിർമിച്ച സിനിമയാണ് മഹായാനം. മമ്മൂട്ടി, സീമ, ജലജ, മുകേഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ലോഹിതദാസ് കഥ എഴുതിയ ചിത്രം 1989ലാണ് പുറത്തിറങ്ങിയത്.
Content Highlight: Lohithadas said ‘that was the last journey’, and that’s exactly what happened; it was a break says Seema