| Monday, 1st October 2018, 11:55 am

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നിഷേധിച്ചു; ലോഡ്ജുടമയെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് ലോഡ്ജില്‍ താമസിക്കാന്‍ മുറി നിഷേധിച്ച ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര റെയില്‍വേ സ്റ്റേഷന് സമീപമുള്ള അല്‍-സഫ ലോഡ്ജ് ഉടമ ഭാസ്‌കരനേയും ലോഡ്ജ് ജീവനക്കാരനെയുമാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

മൊകേരി സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശീതള്‍. എന്നാല്‍ ഇവര്‍ക്ക് ലോഡ്ജുടമയും സ്റ്റാഫും മുറി നിഷേധിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ലോഡ്ജ് ഉടമ തനിക്ക് മുറി നിഷേധിച്ചതെന്ന് ശീതള്‍ പറയുന്നു.

ALSO READ: വിഴിഞ്ഞം: ‘ഇനി മീന്‍പിടിക്കാന്‍ പോകരുത്, നിങ്ങള്‍ മല്‍സ്യത്തൊഴിലാളികളല്ല’; തീരങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ട് കേരളത്തിന്റെ സൈന്യം

ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിങ്ങളെപ്പോലുള്ളവര്‍ക്ക് മുറി നല്‍കാനാവില്ലെന്ന് പറഞ്ഞ് മുറി നിഷേധിക്കുകയായിരുന്നുവെന്ന് ശീതള്‍ പറയുന്നു.


യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ശീതളിനായി ഭാരവാഹികള്‍ അല്‍ സഫ ലോഡ്ജില്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാവിലെ ലോഡ്ജിലെത്തിയ ശീതളിന് റൂം നല്‍കാന്‍ ലോഡ്ജ് ജീവനക്കാര്‍ തയ്യാറായില്ല. ഇത്തരക്കാര്‍ക്ക് റൂം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശമുണ്ടെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ നിലപാട്.

തന്റെ ഐഡിന്റിറ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമേ കൂടെ വന്ന യൂണിയന്‍ ഭാരവാഹികളെയും ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ പറയുന്നു. ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്.

പൊലീസിനെയും മാധ്യമങ്ങളെയും പേടിയില്ലെന്നും ഇറങ്ങിപ്പോകണമെന്നാണ് ഉടമയടക്കമുള്ളവര്‍ പറഞ്ഞതെന്നും ശീതള്‍ കൂട്ടിച്ചേര്‍ത്തു. പൊലീസിന് ഇക്കാര്യത്തില്‍ മറുപടി നല്‍കാനായില്ലെന്നും ശീതള്‍ ആരോപിച്ചു.

അതേസമയം ശീതളിന് നേരിട്ട അപമാനത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. ഹോട്ടലിനെതിരെ നിയമനടപടി എടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ശീതള്‍ പരാതി നല്‍കിയാല്‍ കടുത്ത നടപടി ഉണ്ടാകും.

ALSO READ: സംവരണവിരുദ്ധര്‍ അറിയാന്‍, സാമുദായിക സംവരണം ആരുടേയും ഔദാര്യമല്ല

കോടതി ഉത്തരവിനെയും സര്‍ക്കാര്‍ നിലപാടിനെയും മാനിക്കാതെ ട്രാന്‍സ്‌ജെന്‍ഡറാണെന്ന പേരില്‍ റൂം നിഷേധിച്ചത് ന്യായീകരിക്കാനാവില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

“സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിട്ടുള്ളൊരാള്‍ക്കാണ് ഇത്തരം ദുരനുഭവം ഉണ്ടായിരിക്കുന്നത്. അല്ലാത്തവര്‍ നേരിടുന്ന അവസ്ഥയൊന്നും നമ്മള്‍ അറിയുന്നില്ല. കുറ്റകരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് അറുതി വരുത്താനാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സെല്ലും രൂപീകരിച്ചത്.”- മന്ത്രി കൂട്ടിച്ചേര്‍ത്തു. ലിംഗപരമായ വിവേചനം കാണിക്കരുതെന്ന് ഭരണഘടനാപരമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

അതേസമയം ഒരു നടിയാണ് വരുന്നതെന്നാണ് അറിയിച്ചിരുന്നതെന്നും ഇത്തരക്കാര്‍ക്ക് താമസിക്കാനാണെങ്കില്‍ റൂം നല്‍കാനാവില്ലെന്നായിരുന്നു ലോഡ്ജ് ഉടമ പറഞ്ഞതെന്നും ശീതള്‍ വ്യക്തമാക്കി.

“ഇങ്ങനെയുള്ള ആളുകള്‍ക്ക് റൂമില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളൊരു സ്ത്രീയല്ല, നിങ്ങളെപ്പോലൊരാള്‍ക്ക് റൂം തരരുതെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ലോഡ്ജുടമ പറഞ്ഞത്.”- ശീതള്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: പുതിയ കുഴൂര്‍: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പരിപാടി

എന്നെയും കൂടെയുള്ള വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് നിങ്ങള്‍ മറ്റേ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെയെത്തിയതെന്ന് അവര്‍ സംസാരിച്ചു. റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരും തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യംചെയ്യുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ശീതള്‍ പറയുന്നു.


“ഞാന്‍ ഒരു സര്‍ക്കാര്‍ ബോര്‍ഡംഗമാണെന്ന് പറഞ്ഞിട്ടും മുറി അനുവദിക്കാന്‍ തയ്യാറായിട്ടില്ല. യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പോലെയാണ് ലോഡ്ജുടമ സംസാരിച്ചത്. ഇവരെപ്പോലുള്ളവരാണ് സ്ത്രീകള്‍ക്കും തങ്ങളെപ്പോലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്.”- അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പലയിടത്തും ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളോട് മോശമായി പെരുമാറുന്നുണ്ടെന്നും ഇതൊന്നും ആരും അറിയുന്നില്ലെന്നും ശീതള്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയടക്കം ഇത്തരം വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടും പുരോഗമനപരമായ കാലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ശീതള്‍ പ്രതികരിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more