പുതിയ കുഴൂര്‍: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പരിപാടി
Kerala Flood
പുതിയ കുഴൂര്‍: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പരിപാടി
റംസീന ഉമൈബ
Sunday, 30th September 2018, 11:17 am

 

2018 ആഗസ്റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയം മലയാളിയുടെ വികസന, രാഷ്ട്രീയ സങ്കല്പങ്ങളില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ തുറന്ന മനസ്സോടെ സമൂഹം ചര്‍ച്ച ചെയ്തു പരിഹാരം കാണും എന്ന പ്രതീക്ഷയും പൊതുവേ പ്രകടമാണ്. ഈ പ്രതീക്ഷ തന്നെയാണ് പുതിയ കുഴൂര്‍ എന്ന കൂട്ടായ്മയുടേയും ഊര്‍ജ്ജം.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളുള്ളത് ചാലക്കുടി പുഴയുടെ തീരത്താണ്. ഇതില്‍ത്തന്നെ പ്രളയത്തിന്റെ തീവ്രതയാല്‍ ഭൂരിഭാഗം ജനങ്ങളുടെ വാസസ്ഥലങ്ങളും ജീവനോപാധികളും തകര്‍ത്തെറിയപ്പെട്ട കാര്‍ഷിക ഗ്രാമമാണ് തൃശൂര്‍ ജില്ലയിലെ കുഴൂര്‍. അതുകൊണ്ട് തന്നെ കുഴൂരിന്റെ പുനര്‍നിര്‍മാണം എന്നത് കുഴൂരിലെ ജനങ്ങളുടെ ജീവനോപാധികളുടെ പുനര്‍നിര്‍മാണമായും ജനാധിപത്യത്തിന്റെ തന്നെ പുനര്‍നിര്‍മാണമായും മനസ്സിലാക്കിയുള്ള ഇടപെടലുകള്‍ ആണ് ആവശ്യം.

19.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ 12 വാര്‍ഡുകളും പൂര്‍ണ്ണമായും പ്രളയ ബാധിതമാണ്. ഒരാഴ്ചയില്‍ അധികം മിക്ക വീടുകളും വെള്ളത്തില്‍ മുങ്ങിക്കിടന്നു. സ്‌കൂളുകള്‍ മാത്രമല്ല കടത്തിണ്ണകള്‍ പോലും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. പ്രളയജലത്താല്‍ കുഴൂര്‍ ഒറ്റപ്പെട്ടുപോയതുകൊണ്ട് സഹായങ്ങളും സേവനങ്ങളും അവിടെ എത്തിച്ചേരാന്‍ ദിവസങ്ങളെടുത്തു. ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാതിരുന്നിട്ടും ഒരു മരണം പോലും സംഭവിക്കാതെ കുഴൂര്‍ അതിജീവിച്ചതിന് കാരണം ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പുഴയും പ്രകൃതിയുമായുള്ള ബന്ധം തന്നെയാണ്.

പ്രളയജലം കയറിവരുന്നത് കണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ വീടുവിട്ട് ഓടേണ്ടിവന്നതിനാല്‍ ഗ്രാമത്തിലെ കന്നുകാലി സമ്പത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതെയായി. ഒഴുകിപ്പരന്ന പുഴയും ചെളിയും മാലിന്യങ്ങളും കുഴൂരിലെ വാസസ്ഥലങ്ങളേയും കൃഷിഭൂമിയേയും മാത്രമല്ല എല്ലാ അടിസ്ഥാന വിഭവങ്ങളെയും തീര്‍ത്തും നശിപ്പിച്ചു. ഈ ദുരിതക്കയത്തില്‍ നിന്നാണ് കുഴൂര്‍ ഇന്ന് പുതുജീവന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ഭൂമിശാസ്ത്രം

തിരുമുക്കുളം, കാക്കുളിശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മാള, അന്നമനട പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊയ്യ, പുത്തന്‍വേലിക്കര പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി പുഴയും, കിഴക്കുഭാഗത്ത് പാറക്കടവ് പഞ്ചായത്തുമാണ്.

ചരിത്രം

കുഴൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ചരിത്രവും ഐതീഹ്യവും കൂടിക്കലര്‍ന്ന നിഗമനങ്ങള്‍ നിലവിലുണ്ട്. പണ്ടുകാലത്ത് ഇന്നത്തെ ചാലക്കുടിപുഴ പൂവ്വത്തുശ്ശേരിയില്‍ വെച്ച് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഐരാണിക്കുളം വഴി ഒഴുകിയാണ് അറബിക്കടലില്‍ പതിച്ചിരുന്നതെന്ന് കേള്‍ക്കുന്നു. പിന്നീട് ഈ പുഴ ഗതിമാറി പൂവ്വത്തുശ്ശേരിയില്‍ വെച്ച് തെക്കോട്ട് തിരിഞ്ഞ് ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ പോരലിനിടയില്‍ ആറാട്ടുകടവില്‍ രൂപം കൊണ്ട അഗാധമായ ചുഴിയില്‍ നിന്നും ഉയര്‍ന്നുവന്ന ഊര് ചുഴിയൂര്‍ ആയിയെന്നും അതല്ല കുഴിയില്‍ നിന്നും രൂപപ്പെട്ട ഊര് കുഴിയൂര്‍ ആയിയെന്നും കാലക്രമത്തില്‍ ഇത് കുഴൂരായി മാറിയെന്നുമാണ് ഐതിഹ്യം.

കുഴൂര്‍ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂല ഗ്രാമങ്ങളില്‍ ഒന്നായി കേരളോല്‍പത്തിയില്‍ ഐരാണിക്കുളം പരാമര്‍ശിക്കപ്പെടുന്നുണ്ട്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രം തന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്‌കാരത്തിന്റെ പഴമയാണ് കാണിക്കുന്നത്.

എന്തുകൊണ്ട് കുഴൂര്‍?

ഭരണസംവിധാനങ്ങളുടെ ചെയ്തികള്‍ നിഷ്ഫലവും നിരുത്തരവാദപരവുമായപ്പോള്‍ ജനങ്ങള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തെ പ്രളയത്തില്‍ നിന്നും പിടിച്ചുകയറ്റിയത്. സിവില്‍ സമൂഹമാണ് കേരളത്തിലെമ്പാടും രക്ഷാപ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുള്ള ദുരിതപരിഹാര ശ്രമങ്ങളിലും സജീവമായി പങ്കുചേര്‍ന്നത് എന്നത് നാം അനുഭവിച്ചറിഞ്ഞതാണ്.

അതുകൊണ്ടുതന്നെ പ്രളയാനന്തരം നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ട നവകേരളം എന്ന സ്വപ്നം തീര്‍ച്ചയായും ഏറ്റവും അടിത്തട്ടത്തില്‍ നിന്നും തുടങ്ങേണ്ടതും തദ്ദേശീയ ജനാധിപത്യത്തിനും ഭരണനിര്‍വഹണത്തിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തിനും പ്രാമുഖ്യം നല്‍കുന്നതുമായിരിക്കണം. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണെന്ന് ദുരന്താനന്തരമെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

എല്ലാവിഭാഗം ജനങ്ങളുടെയും ശബ്ദങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഒരേ പരിഗണനയും ശ്രദ്ധയും ലഭിക്കാന്‍ ജനങ്ങള്‍ തന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ ഏറെ മുന്നോട്ടുപോവുകയും എന്നാല്‍ കേന്ദ്രീകൃത ഭരണസംവിധാനങ്ങളുടെ നിഷേധാത്മക സമീപനം കാരണം പല തിരിച്ചടികളും നേരിടുകയും ചെയ്യുന്ന തദ്ദേശീയ ജനാധിപത്യസംവിധാനങ്ങളെ (അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍) ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ കേരളം പുനര്‍നിര്‍മ്മിക്കാന്‍ കഴിയൂ.

“പുതിയ കുഴൂര്‍” എന്നതിലൂടെ നമ്മളും ലക്ഷ്യമാക്കുന്നത് അതുതന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ നടപടികളിലും ജനങ്ങള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞ് ഇടപെട്ട സ്ഥലമാണ് കുഴൂര്‍. തദ്ദേശീയ ജനാധിപത്യ സ്ഥാപനത്തിന്റെ പിന്തുണയും അതിനുണ്ടായിരുന്നു. അതിനെ വിപുലപ്പെടുത്തുകയും കരുത്തുറ്റതാക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്ന ഒരുകൂട്ടം പൊതുപ്രവര്‍ത്തകരാണ് തദ്ദേശീയ സമൂഹത്തിന്റെയും ഭരണസംവിധാനങ്ങളുടെയും മുന്‍കൈയിലുള്ള ഒരു ദീര്‍ഘകാല പുനരധിവാസ പ്രവര്‍ത്തനത്തിന് കുഴൂരില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ഇതുവരെ

തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ച കളക്ഷന്‍ സെന്ററില്‍ നിന്നും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് നമ്മള്‍ ആദ്യമായി കുഴൂരില്‍ എത്തുന്നത്. പ്രളയം കുഴൂരില്‍ സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി നേരില്‍ക്കണ്ടറിഞ്ഞ് പലതരം അവശ്യസാധനങ്ങള്‍ പലതവണകളായി നമ്മള്‍ കുഴൂരില്‍ വിതരണം ചെയ്യുകയുണ്ടായി. വെള്ളമിറങ്ങി ആദ്യദിവസങ്ങളില്‍ കുഴൂര്‍ അനുഭവിച്ച ഒരു പ്രധാന പ്രതിസന്ധി കന്നുകാലികളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുക എന്നതായിരുന്നു. വീട്ടുവളപ്പുകളിലും പറമ്പുകളിലും വയലുകളിലുമായി വെള്ളം ഒഴുകിപ്പരന്ന വഴികളിലെല്ലാം മൃഗങ്ങള്‍ ചത്തുകിടക്കുന്നുണ്ടായിരുന്നു.

വെള്ളത്തിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മൃതദേഹം കുഴിച്ചിടുന്നതോ കത്തിക്കുന്നതോ ആസാധ്യമായിരുന്നു. ആ സാഹചര്യത്തിലാണ് പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണസമിതിയെ ഇക്കാര്യത്തില്‍ നമ്മള്‍ സഹായിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നെത്തിയ ആനന്ദമാര്‍ഗ്ഗി സന്ന്യാസി സമൂഹത്തിന്റെ സഹായത്തോടെ ആദ്യം മൃതദേഹങ്ങള്‍ വെള്ളക്കെട്ടില്‍ നിന്നും വലിച്ചുകയറ്റി. പിന്നീട് മാലിന്യഭോജിയായ ബാക്ടീരിയ അടങ്ങിയ “ബയോകുലം” എന്ന പൊടി ചത്ത ജീവികളുടെ മുകളില്‍ വിതറി അത് പൂര്‍ണ്ണമായും ദ്രവിപ്പിച്ചു. ഇങ്ങനെ അഴുകിച്ചേരുന്ന മൃതദേഹങ്ങള്‍ മണ്ണിന് വളമായിട്ടാണ് മാറുന്നത്. ഇത്തരത്തില്‍ 86 കന്നുകാലികളെയാണ് നമ്മള്‍ അവിടെ സംസ്‌കരിച്ചത്.

മലിനജലവും ചെളിയും അടിഞ്ഞുകൂടിയ ഒട്ടേറെ കിണറുകളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കാന്‍ നമ്മള്‍ സഹായിച്ചു. ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികളുടെയും വിദഗ്ധരുടെയും പിന്തുണയോടെ വീടുകളിലെ ഇലക്ട്രിക്കല്‍-പ്ലംബിംഗ് മെയ്ന്റനന്‍സ് പണികള്‍ പൂര്‍ത്തിയാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വോളണ്ടിയേഴ്‌സിന്റെ പിന്തുണയോടെ നിരവധി വീടുകള്‍ വൃത്തിയാക്കി. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുന്നതിനെക്കുറിച്ച് പഞ്ചായത്തിനെ ബോധ്യപ്പെടുത്തുകയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ക്ലാസ് നല്‍കുകയും ശുചീകരണ പ്രവര്‍ത്തനങ്ങളിലേക്ക് സന്നദ്ധ പ്രവര്‍ത്തകരേയും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരേയും ഏകോപിപ്പിക്കുകയും ചെയ്തു.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വെള്ളമിറങ്ങിയപ്പോള്‍ ദരിദ്രരായ ജനങ്ങളില്‍ നിരവധി പേര്‍ക്ക് കാണേണ്ടി വന്നത് തകര്‍ന്ന് കിടക്കുന്ന തങ്ങളുടെ കിടപ്പാടങ്ങളാണ്.

സര്‍ക്കാര്‍ വീടുകള്‍ വച്ച് കൊടുക്കും വരെ ഈ മനുഷ്യര്‍ പെരുവഴിയില്‍ തന്നെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ മനുഷ്യരെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.

കുഴൂരിലും ക്യാമ്പുകള്‍ അവസാനിച്ച് പുറത്തിറങ്ങിയ നൂറിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നതുവരെ താത്കാലികമായി താമസിക്കുന്നതിനുള്ള ഇടക്കാല വാസസ്ഥലങ്ങള്‍ അവരുടെ തന്നെ ഭൂമിയില്‍ നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള പരിപാടിക്കും തുടക്കം കുറിച്ചു. കുഴൂരില്‍ നാല് താല്കാലിക വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെയും തദ്ദേശീയ ജനതയുടെയും പിന്തുണ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു.

സാമൂഹിക-സാമ്പത്തിക ആഘാത സര്‍വ്വെ

ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നടത്തേണ്ട ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്തെല്ലാമാണ് എന്നതില്‍ വ്യക്തത വരുത്തുന്നതിനായാണ് വെള്ളപ്പൊക്കക്കെടുതിയുടെ സാമൂഹിക-സാമ്പത്തിക ആഘാത സര്‍വ്വെ നടത്താന്‍ നമ്മള്‍ തീരുമാനിക്കുന്നത്. മഹാപ്രളയത്തില്‍ കുഴൂരിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ജീവനോപാധികളുടെ നാശമാണ്. കൃഷിയും കൃഷിഭൂമിയും ജലസ്രോതസ്സുകളും കന്നുകാലി സമ്പത്തും ചെറുകിട വ്യാപാര സംരംഭങ്ങളും സ്വയംതൊഴില്‍ കൂട്ടായ്മകളുടെ വിഭവങ്ങളും തൊഴിലുപകരണങ്ങളുമെല്ലാം പ്രളയം കാരണം നഷ്ടമായിട്ടുണ്ട്. പലവിധ പിന്തുണകളാല്‍ ഈ ജീവനോപാധികള്‍ തിരികെപ്പിടിച്ചാല്‍ മാത്രമേ കുഴൂരിന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. അത്തരത്തിലുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും നിലവിലെ പദ്ധതിരേഖ പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് പ്രാമുഖ്യം നല്‍കി നവീകരിക്കുന്നതിനും പഞ്ചായത്തിന് സഹായകമാകുന്നതരിത്തിലുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് സര്‍വ്വെ നടത്തുന്നത്.

സര്‍വ്വെയിലൂടെ കുഴൂര്‍ പഞ്ചായത്തിലെ ഓരോ വ്യക്തിക്കുമുണ്ടായ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടം വിലയിരുത്താന്‍ കഴിയും. അത്തരം ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ “പുതിയ കുഴൂര്‍” യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. പഞ്ചായത്ത് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതികളെല്ലാം നിഷ്ഫലമാകുന്നതരത്തിലുള്ള സ്ഥിതി പ്രളയത്താല്‍ സംജാതമായതുകൊണ്ട് ഇത്തരമൊരു വിലയിരുത്തല്‍ വളരെ പ്രധാനമാണ്.

പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സര്‍വ്വെയെക്കുറിച്ച് നമ്മള്‍ വിശദീകരിക്കുകയും ഐക്യകണ്‌ഠേന അത് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടയില്‍ തീര്‍ത്തും ദുരിതബാധിതമായ രണ്ട് വാര്‍ഡുകളുടെ സര്‍വ്വെ പൂര്‍ത്തീകരിച്ച് ഒരു ഇടക്കാല വിലയിരുത്തല്‍ നടത്തുകയും വിഷയവിദഗ്ധരുടെയും ഭരണസമിതിയുടെയും അയല്‍ക്കൂട്ടങ്ങളുടെയും തദ്ദേശീയ ജനതയുടെയും പിന്തുണയോടെ അത് പൊതുവായി ചര്‍ച്ചചെയ്ത് ചില സുസ്ഥിര പദ്ധതികള്‍ പരീക്ഷണാര്‍ത്ഥം ആവിഷ്‌കരിക്കുകയും ചെയ്യും.

തൃശൂര്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന്റെയും സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളുടെയും പിന്തുണയോടെയാണ് സര്‍വ്വെ പൂര്‍ത്തീകരിക്കുന്നത്. ചാലക്കുടി പുഴയോട് ചേര്‍ന്നുകിടക്കുന്ന, പ്രളയം രൂക്ഷമായി ബാധിച്ച ആലമറ്റം, തിരുത്ത എന്നീ വാര്‍ഡുകളിലാണ് സര്‍വ്വെക്ക് തുടക്കമിട്ടിരിക്കുന്നത്.

“പുതിയ കുഴൂര്‍” എന്ന സ്വപ്നം

“പുതിയ കുഴൂര്‍” എന്ന സ്വപ്നം തീര്‍ച്ചയായും പരിസ്ഥിതിയേയും തദ്ദേശീയ ജൈവവൈവിദ്ധ്യത്തെയും പരിഗണിക്കുന്നതും സുസ്ഥിരത ഉറപ്പുവരുത്തുന്നതുമാകണം. ചാലക്കുടി പുഴയുടെ ഒരു നദീതടപ്രദേശം കൂടിയായ കുഴൂരിന് വേണ്ടത് തീര്‍ച്ചയായും ഇത്തരം പരിഗണനകളുള്ള പുനര്‍നിര്‍മ്മാണ പരിപാടികളാണ്. തദ്ദേശീയ വിഭവങ്ങളെയും തദ്ദേശീയ അധ്വാനശേഷിയേയും ഉപതേരത്തിലുള്ള സ്വാശ്രയ പുരോഗതിയാണ് കുഴൂരിന് വേണ്ടത്. ഭരണനിര്‍വ്വഹണത്തിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തെയും അധികാരത്തെയും ദൃഢപ്പെടുത്തി, ജനാധിപത്യത്തിലെ സിവില്‍സമൂഹത്തിന്റെ പങ്കുതിരിച്ചറിഞ്ഞ് നമുക്ക് “പുതിയ കുഴൂരി”നായി, നവകേരളത്തിനായി ഒന്നിക്കാം.