കിഫ്ബി മസാലബോണ്ട്; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണം; ചെന്നിത്തല
Kerala News
കിഫ്ബി മസാലബോണ്ട്; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണം; ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 3:08 pm

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കമ്പനിയുമായി സി.ഡി.പി ക്യൂ വിന് ബന്ധമില്ലെന്ന നിലപാട് പൊളിഞ്ഞെന്നും ഉയര്‍ന്ന പലിശ നല്‍കിയാണ് മസാലബോണ്ട് സി.ഡി.പി.ക്യൂ വാങ്ങിയതെന്നും 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

2024 ല്‍ കേരളം വലിയ തുക തിരികെ നല്‍കേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയില്‍ നിന്ന് വാങ്ങിയ കടത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നു.

ALSO READ: അബ് ഹോഗാ ന്യായ്; ജാവേദ് അക്തറിന്റെ വരികളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി- വീഡിയോ

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ട് ഇറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി
പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടുണ്ട്. മെയ് 17നാണ് ചടങ്ങ് നടക്കുക.

എസ്.എന്.സി ലാവലിന്‍ കമ്പനിയും സര്‍ക്കാര്‍ സംരംഭമായ കിഫ്ബിയില്‍ ഇപ്പോള്‍ കോടികളുടെ നിക്ഷേപം നടത്തിയ സി.ഡി.പി.ക്യുവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.