സെന്‍സര്‍ ബോര്‍ഡ് ഏത് സീനിന് കട്ട് പറയുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ; 'ഹാല്‍' വിവാദത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍
Malayalam Cinema
സെന്‍സര്‍ ബോര്‍ഡ് ഏത് സീനിന് കട്ട് പറയുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ; 'ഹാല്‍' വിവാദത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 5:09 pm

ഹാല്‍ സിനിമയ്ക്കെതിരെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതികരിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

ഒരു സിനിമയില്‍ ബീഫ് കാണിക്കാന്‍ പറ്റില്ല, രാഖി കെട്ടാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് ശരിയായ പ്രവണതയല്ലെന്നും ഒരു സിനിമയില്‍ സാധാരണ കട്ട് പറയുന്ന സീനുകള കുറിച്ച് അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അത് ഏതാണെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിഗം ചിത്രം ഹാലിന് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട് വീണത്. സിനിമയില്‍ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകള്‍ നീക്കം ചെയ്യാനും കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് വന്നത്.

എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ എവിടെയും ബീഫ് ബിരിയാണി കഴിക്കുന്നതായി പറയുന്നില്ലെന്നും സീനിലുള്ളത് ബീഫ് ബിരിയാണി ആണെന്ന് സെന്‍സര്‍ ബോര്‍ഡ് അനുമാനിക്കുകയാണ് ചെയ്തതെന്നും സംവിധായകന്‍ വീര പറഞ്ഞു.

ഒരിക്കലും നീതി പൂര്‍വമല്ലാത്ത നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് തങ്ങള്‍ക്ക് നല്‍കിയതെന്നും തങ്ങളുടെ സിനിമയില്‍ ഒരു തരത്തിലുള്ള വയലന്‍സോ ന്യൂഡിറ്റിയോ ഒന്നും ഇല്ലെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു. സെന്‍സര്‍ ബോഡിനെതിരെ അണിയറപ്രവര്‍ത്തര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Content highlight:  Listin Stephen responds to the Hal movie  controversy