ഇവിടെ വടംവലി ഉദ്ഘാടനം നടക്കുന്നുണ്ട്, അരി വിതരണം നടക്കുന്നുണ്ട്; നല്ല ആളുകൂടുന്ന പരിപാടിയാണെന്ന് പൃഥ്വിരാജിനോട് പറ; തനിക്ക് വരുന്ന ഫോണ്‍വിളികളെ കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
Entertainment news
ഇവിടെ വടംവലി ഉദ്ഘാടനം നടക്കുന്നുണ്ട്, അരി വിതരണം നടക്കുന്നുണ്ട്; നല്ല ആളുകൂടുന്ന പരിപാടിയാണെന്ന് പൃഥ്വിരാജിനോട് പറ; തനിക്ക് വരുന്ന ഫോണ്‍വിളികളെ കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 1:11 pm

മലയാള സിനിമയിലെ ഹിറ്റ് നിര്‍മാണ കൂട്ടുകെട്ടുകളില്‍ ഒന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍- പൃഥ്വിരാജ് സുകുമാരന്‍ കോമ്പോ. ഡ്രൈവിങ് ലൈസന്‍സ്, ജന ഗണ മന, കടുവ തുടങ്ങി നിരവധി ഹിറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ളത്.

ഇരുവരും നല്ല സുഹൃത്തുക്കളാണ്. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കുന്ന അഭിമുഖങ്ങളിലും പൃഥ്വിയുടെയും ലിസ്റ്റിന്റെയും കെമിസ്ട്രി വെളിപ്പെടാറുണ്ട്.

പൃഥ്വിരാജിനോടുള്ള തന്റെ ബന്ധം കാരണം ഓരോ ഉദ്ഘാടനങ്ങള്‍ക്ക് പൃഥ്വിയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആളുകള്‍ തന്നെ വിളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ്റ്റിന്‍.

വടംവലി മത്സരവും അരി വിതരണവുമൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പൃഥ്വിരാജിനോട് പറയാമോ എന്ന് ചോദിച്ച് ആളുകള്‍ വിളിക്കുമെന്നും ചെയ്ത് കൊടുത്തില്ലെങ്കില്‍ ഞാനിപ്പൊ വലിയ ആളായി പോയതിന്റെ ജാഡയാണെന്ന് വിചാരിക്കുമെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്.

”വടംവലി മത്സരത്തിന് ആശംസകള്‍ പറയാന്‍ പൃഥ്വിരാജിനോട് ഒന്ന് പറയാമോ. ഇന്ന സ്ഥലത്ത് നടക്കുന്ന വടംവലി ഉദ്ഘാടനത്തിന് വരാന്‍ പറയാമോ. ഈ സ്ഥലത്ത് അരി വിതരണം നടക്കുന്നുണ്ട്, ഒന്ന് പൃഥ്വിരാജിനോട് ഉദ്ഘാടനം ചെയ്യാന്‍ പറയാമോ.

നല്ല ആളൊക്കെ കൂടുന്ന പരിപാടിയാണെന്ന് പൃഥ്വിരാജിനോട് പറ, എന്നൊക്കെ ആളുകള്‍ വിളിച്ചിട്ട് പറയും. പൃഥ്വിരാജ് കാണാത്ത ആളുകളാണോ എന്ന് ഞാന്‍ വിചാരിക്കും. ഇവര്‍ എല്ലായിടത്തും ഉദ്ഘാടനം നടത്തുന്നതല്ലേ.

ഇപ്പൊ സ്‌കൂളില്‍ യുവജനോത്സവം പരിപാടി നടക്കുന്നു, പൃഥ്വിരാജിനോട് അവിടെ ഗസ്റ്റ് ആയി വരാന്‍ പറയാന്‍ പറഞ്ഞ് ആളുകള്‍ വിളിക്കും.

ഇത് ഞാന്‍ ചെയ്ത് കൊടുത്തില്ലെങ്കില്‍, ‘ഓ അവനിപ്പൊ സിനിമയില്‍ കയറി വലിയ ആളായി, പണ്ടൊക്കെ എങ്ങനെ നടന്നതാണ്’ എന്ന് പറയും. ഇതാണ് അവരുടെ ചിന്താഗതി. അവരുടെ മനസിന്റെ വലിപ്പം അത്രയേ ഉള്ളൂ. അവര്‍ അങ്ങനെയായിരിക്കും ചിന്തിക്കുന്നത്.

ഇതിപ്പൊ ഞാന്‍ ഓരോ ദിവസവും പൃഥ്വിരാജ് വിളിക്കുമ്പോള്‍ ‘അവിടെ ഒരു വടംവലിയുണ്ട്, ഇവിടെ അരി വിതരണമുണ്ട്,’ എന്ന് പറയാനാണോ. ഒരെണ്ണം ചെയ്ത് കൊടുത്താല്‍ പിന്നെ അടുത്ത ദിവസം പിന്നെ കുവൈത്തില്‍ നിന്ന് വരുന്നു, ഇറ്റലിയില്‍ നിന്ന് വരുന്നു, ജര്‍മനിയില്‍ നിന്ന് വരുന്നു, ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നു. ഇങ്ങനെ വന്ന് കഴിഞ്ഞാല്‍ എനിക്കിത് എപ്പോഴും ചെന്ന് പൃഥ്വിരാജിനോട് പറയാന്‍ പറ്റുമോ.

ഇത് ആവശ്യപ്പെടുന്നവര്‍ കൂടി അത് മനസിലാക്കേണ്ടേ. അപ്പോഴേക്കും, ‘നീ പൃഥ്വിരാജിന്റെ കൂടെ അല്ലേ’ എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ഇത് ഇവന് ചെയ്ത് തരാനുള്ള ബുദ്ധിമുട്ടാണെന്ന് ആളുകള്‍ വിചാരിക്കും,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയായിരുന്നു ലിസ്റ്റിനും പൃഥ്വിരാജും ഏറ്റവുമൊടുവില്‍ ഒരുമിച്ച ചിത്രം. പൃഥ്വിരാജി നായകനായ ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ചേര്‍ന്നാണ്.

Content Highlight: Listin Stephen about people asking him to call Prithviraj for inaugurations