കലാപരമായും കളക്ഷന്‍പരമായും മികച്ച ചിത്രങ്ങള്‍ ലഭിച്ച വര്‍ഷമായിരുന്നു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2025. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ നായികയായെത്തി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയടക്കം ഒരു പിടി മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചത്.
ബുക്ക് മൈ ഷോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആപ്ലിക്കേഷന്‍ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോയ ചിത്രങ്ങളുടെ കണക്കുകള്‍ പുറത്തു വിട്ടിരിക്കയാണ് സിനിമാ പേജായ കേരള ബോക്‌സ് ഓഫീസ്. ആദ്യ പത്ത് സ്ഥാനങ്ങളിലെ ചിത്രങ്ങളുടെ ലിസ്റ്റാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എമ്പുരാന്‍. Photo: IB TIMES INdia
ഇതിലെ ആദ്യ സ്ഥാനം നേടിയിരിക്കുന്നത് കല്യാണി നായികയായെത്തി റെക്കോഡിട്ട സൂപ്പര്‍ ഹീറോ ചിത്രം ലോകഃ തന്നെയാണ്. 55 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചാണ് 300 കോടി തിയേറ്ററുകളില്‍ നിന്നും നേടിയ ലോകഃ ബുക്ക് മൈ ഷോയിലും ഒന്നാമതെത്തിയത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം മികച്ച മേക്കിങ്ങ് കൊണ്ട് കാഴ്ച്ചക്കാരെ അമ്പരിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത്.
പതിവിന് വിപരീതമായി ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും മലയാള സിനിമയില്‍ തന്നോളം പോന്ന ആരുമില്ലെന്ന പ്രഖ്യാപനവുമായി ലിസ്റ്റിലെ ആദ്യ അഞ്ചില്‍ മൂന്ന് സ്ഥാനങ്ങളും മലയാളത്തിന്റെ മോഹന്‍ലാലിന്റെ പേരിലാണ്. 2024 താരത്തിന് അത്ര നല്ല വര്‍ഷമല്ലായിരുന്നെങ്കിലും 2025 ഒറ്റക്ക് തൂക്കിയാണ് വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയത്.
45 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും, 37 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍, പതിനഞ്ച് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വവും മോഹന്‍ലാലിന്റെതായി ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇതോടെ ഒരു കോടിയോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി മാത്രം മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി വിറ്റഴിച്ചത്.
കളങ്കാവല്‍. Photo: Theatrical Poster
ലിസ്റ്റിലേക്ക് കാമിയോ നടത്തിയിരിക്കുന്നത് വര്‍ഷാവസാനം ക്രിസ്മസ് റിലീസായെത്തി പത്ത് ദിവസം കൊണ്ട് 100 കോടി നേട്ടത്തിലെത്തിയ നിവിന്‍ പോളി ചിത്രം സര്‍വ്വം മായയാണ്. തിയേറ്ററില്‍ ഇപ്പോഴും മികച്ച മുന്നേറ്റ തുടരുന്ന ചിത്രത്തിന്റെ 20 ലക്ഷത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റഴിച്ചിരിക്കുന്നത്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, പ്രണവ് മോഹന്‍ ലാല്‍ നായകനായ ഹൊറര്‍ ഴോണര്‍ ചിത്രം ഡീയസ് ഈറെ, പ്രതിനായകവേഷത്തിലെത്തി മമ്മൂട്ടി തകര്‍ത്തഭിനയിച്ച കളങ്കാവല്‍ തുടങ്ങിയ ചിത്രങ്ങളും യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലുണ്ട്.
Content Highlight: List of top ticket sale in Book My show for Malayalam movies in 2025
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.