2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. 2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് ലയണല്‍ മെസിയും സംഘവും 2026 ലോകകപ്പിനൊരുങ്ങുന്നത്. ഇപ്പോള്‍ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്ക് വെല്ലുവിളി സൃഷ്ടിക്കുക ഏതെല്ലാം ടീമുകളായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.
ഒമ്പത് ടീമുകളെയാണ് ലോകകപ്പിലെ മികച്ച ടീമായി സ്‌കലോണി തെരഞ്ഞെടുത്തത്. സ്പെയ്ന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍, കൊളംബിയ, മൊറോക്കോ, ക്രോയേഷ്യ, ഉറുഗ്വ എന്നീ ടീമുകളെകുറിച്ചാണ് സ്‌കലോണി സംസാരിച്ചത്. ഡയറിയോ ഓലെക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്‌കലോണി.
’10 ടീമുകള്‍ ഉണ്ടോയെന്ന് എനിക്ക് കൃത്യമായി അറിയില്ല. എന്നാല്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് തീര്‍ച്ചയായും മികച്ച മത്സരം ഉണ്ടായിരിക്കും. അവര്‍ കിരീടം നേടുമോ എന്നെനിക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആ 10-12 ശക്തമായ ടീമുകള്‍ക്കൊപ്പം ഫൈനലില്‍ എത്താന്‍ അര്‍ജന്റീന പോരാടും. സ്പെയ്ന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍, കൊളംബിയ, മൊറോക്കോ, ഉറുഗ്വ… എത്ര ടീമുകളുടെ പേരുകള്‍ പറഞ്ഞുവെന്ന് എനിക്ക് അറിയില്ല.
ക്രൊയേഷ്യയെ ഞാന്‍ മറന്നു പോയി. ഇനിയും ചില ടീമുകളെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. ലോകകപ്പില്‍ വിജയിക്കാന്‍ നല്ല കളി മാത്രം മതിയാകില്ല ശക്തമായ ഒരു ദേശീയ ടീമും ഉണ്ടായിരിക്കണം. അതോടൊപ്പം പല കാര്യങ്ങളും അനുകൂലമായി വരണം അപ്പോഴാണ് ഫൈനലിലേക്കും കിരീടത്തിലേക്കുമുള്ള വഴി എളുപ്പമാവുക,’ ലയണല്‍ സ്‌കലോണി പറഞ്ഞു.
2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. താരതമ്യേന ദുര്‍ബലരായ എതിരാളികളുള്ള ഈ ഗ്രൂപ്പില്‍ നിന്നും അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്.
2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.
1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.
Content Highlight: Lionel Scaloni has revealed which teams will challenge Argentina in the 2026 World Cup