ചരിത്രത്തിലേക്കുള്ള ദൂരം ഒറ്റ ജയം; ഇതിഹാസത്തിനൊപ്പമെത്താൻ മെസി
FIFA World Cup 2026
ചരിത്രത്തിലേക്കുള്ള ദൂരം ഒറ്റ ജയം; ഇതിഹാസത്തിനൊപ്പമെത്താൻ മെസി
സുദേവ് എ
Wednesday, 15th July 2026, 9:33 am

ഫിഫ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രി 12.30നാണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ ജൂലൈ 20ന് നടക്കുന്ന കിരീടപോരാട്ടത്തില്‍ സ്‌പെയ്‌നിനെ നേരിടും.

1966ല്‍ ലോകകപ്പ് വിജയിച്ചതിന് ശേഷം ഒരിക്കല്‍ പോലും കിരീടം നേടാന്‍ ത്രീ ലയണ്‍സിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക. മറുഭാഗത്ത് ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ മറികടന്ന് അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടിയാല്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ലോകകപ്പില്‍ മൂന്ന് ഫൈനലുകളുടെ ഭാഗമാവുന്ന താരമെന്ന നേട്ടമാണ് മെസിക്ക് സ്വന്തമാക്കാന്‍ സാധിക്കുക.

ഇതിനോടകം തന്നെ രണ്ട് ലോകകപ്പ് ഫൈനലുകള്‍ മെസി കളിച്ചിട്ടുണ്ട്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് മെസി ആദ്യമായി ഫൈനല്‍ കളിക്കുന്നത്. അന്ന് ജര്‍മനിയോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലാണ് മെസി രണ്ടാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന കിരീടവും സ്വന്തമാക്കിയിരുന്നു.

ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലെത്തിയാല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫൈനലുകളുടെ ഭാഗമാവുന്ന ബ്രസീലിയന്‍ ഇതിഹാസം കഫുവിന്റെ റെക്കോഡിനൊപ്പവും മെസിയെത്തും. 1994, 1998, 2002 എന്നീ ലോകകപ്പ് ഫൈനലുകളിലാണ് കഫു കാനറികള്‍ക്കായി കളത്തിലിറങ്ങിയത്. 1994, 2002 എന്നീ ലോകകപ്പില്‍ കഫു കിരീടം ചൂടിയപ്പോള്‍ 1998ല്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.

ലോകകപ്പില്‍ രണ്ട് ഫൈനലുകള്‍ കളിച്ച താരങ്ങളില്‍ മെസിക്കൊപ്പം ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമുണ്ട്. 2018, 2022 ലോകകപ്പുകളിലാണ് എംബാപ്പെ ഫ്രാന്‍സിനായി കളത്തിലിറങ്ങിയത്. 2018ല്‍ ലോക കിരീടം ചൂടിയ എംബാപ്പെ 2022ല്‍ ടീമിനൊപ്പം റണ്ണേഴ്സ് അപ്പുമായി.

അതേസമയം ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ മാത്രമായിരുന്നു മെസി ഗോള്‍ നേടാതെ പോയത്. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം അര്‍ജന്റൈന്‍ നായകന്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ സ്വിസ് ടീമിനെതിരെ ഗോള്‍ നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നേടി താരം തിളങ്ങി. ലോകകപ്പിന്റെ ചരിത്രത്തില്‍ 10 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് മെസി ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങാനൊരുങ്ങുന്നത്.

 

Content Highlight: Lionel Messi will becomes the first player to appear in three World Cup finals to beat England

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.