യമാലിനും സ്‌പെയ്‌നിനും ഫൈനൽ മികച്ച ദിവസമാവില്ലെന്ന് പ്രതീക്ഷിക്കുന്നു: മെസി
FIFA World Cup 2026
യമാലിനും സ്‌പെയ്‌നിനും ഫൈനൽ മികച്ച ദിവസമാവില്ലെന്ന് പ്രതീക്ഷിക്കുന്നു: മെസി
സുദേവ് എ
Saturday, 18th July 2026, 7:54 am

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്പെയ്ന്‍ കണ്ണുവെക്കുക.

മറുഭാഗത്ത് 2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവ വിസ്മയം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി യമാലിനെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മെസി. ഫൈനല്‍ ദിവസം യമാലിനും സ്പെയ്നിനും മികച്ച ദിവസമായിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മെസി പറഞ്ഞത്. പണ്ട് യമാലുമായി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അര്‍ജന്റൈന്‍ നായകന്‍ സംസാരിച്ചു.

‘ലാമിനും ഞാനും ഇന്ന് ഇവിടെ ഒരുമിച്ച് നില്‍ക്കുന്നത് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. അവന്‍ കുഞ്ഞായിരുന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ ഇന്നും ഓര്‍മയുണ്ട്. ജീവിതം ശരിക്കും അത്ഭുതം നിറഞ്ഞതാണ്. ഞങ്ങള്‍ മികച്ചൊരു മത്സരം കളിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവനും അവന്റെ ടീമിനും ഫൈനൽ മികച്ച ദിവസം ആവില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ലയണല്‍ മെസി പറഞ്ഞു.

2007ല്‍ ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്നൗവില്‍ വെച്ചുള്ള ഒരു ഫോട്ടോ സെക്ഷനിലാണ് മെസി വെറും ആറ് മാസം പ്രായമുള്ള കുട്ടിയോടൊപ്പം ചിത്രം എടുക്കുന്നത്. അന്ന് മെസിക്കൊപ്പം ഫോട്ടോ എടുത്ത ആ ചെറിയ കുട്ടി യമാലായിരുന്നു.

ഇപ്പോള്‍ ഇതേ മെസിക്കെതിരെ തന്നെ ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ നേരിടാന്‍ ഒരുങ്ങുകയാണ് യമാല്‍. 39ാം വയസില്‍ ലോക കിരീടം നിലനിര്‍ത്താന്‍ മെസിയും 19ാം വയസില്‍ ലോകചാമ്പ്യനാവാന്‍ യമാലും ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് ഇതൊരു അപൂര്‍വ കാഴ്ചയാവുമെന്നുറപ്പാണ്.

ഇരുവരും ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. അഞ്ച് തവണയാണ് മെസി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.

യമാല്‍ ഒരു ഗോളാണ് ഇതുവരെ സ്‌പെയ്‌നിന് വേണ്ടി നേടിയിട്ടുള്ളത്. മൂന്ന് മത്സരങ്ങളില്‍ താരമായും 19കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

Content Highlight: Lionel Messi talks about facing Lamine Yamal and Spain in world cup final

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.