ലോകത്തിലെ ആദ്യ താരമാവാന്‍ മെസി; പുതിയ ചരിത്രം അരികെ 
FIFA World Cup 2026
ലോകത്തിലെ ആദ്യ താരമാവാന്‍ മെസി; പുതിയ ചരിത്രം അരികെ 
സുദേവ് എ
Tuesday, 7th July 2026, 6:09 pm

2026 ഫിഫ ലോകകപ്പില്‍ ഈജിപ്തും അര്‍ജന്റീനയും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയ്‌ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ 3-2ന് ജയിച്ചുകയറിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെ നേരിടാനെത്തുന്നത്.

മറുഭാഗത്ത് ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് തയ്യാറെടുക്കുന്നത്. അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.

ഈ മത്സരത്തില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി തന്നെയാവും ഏവരുടെയും ശ്രദ്ധാ കേന്ദ്രം. മത്സരത്തില്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ചരിത്ര റെക്കോഡാണ്. മുഹമ്മദ് സലയുടെ ഈജിപ്തിനെതിരെ കളത്തിലിറങ്ങിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍(പുരുഷ/വനിത) ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി മെസി മാറും.

നിലവില്‍ തന്റെ ആറാം ലോകകപ്പില്‍ 30 ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മെസി ഈജിപ്തിനെതിരെ കളത്തിലിറങ്ങുന്നതോട് കൂടി ലോക ഫൊട്‌ബോളില് പുതിയ ചരിത്രവും എഴുതിച്ചേര്‍ക്കും.

നിലവില്‍ ഈ റെക്കോഡില്‍ അമേരിക്കന്‍ വനിത താരമായ ക്രിസ്റ്റീൻ ലിലിയെ മറികടക്കാന്‍ സാധിക്കും. അമേരിക്കക്ക് വേണ്ടി 30 മത്സരങ്ങളാണ് ലിലിയും കളിച്ചിട്ടുള്ളത്. 1991, 1995, 1999, 2003, 2007 എന്നീ വര്‍ഷങ്ങളിലായിരുന്നു താരം ലോകകപ്പില്‍ പന്തുതട്ടിയത്.

അതേസമയം ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയാണ് മെസി കുതിക്കുന്നത്. മെസി ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകളും ഇതുവരെ അടിച്ചുകൂട്ടിയിട്ടുണ്ട്.

ഈ ലോകകപ്പിലും ഗോള്‍ നേട്ടം ഏഴ് കടന്നതോടെ ഒരു ചരിത്ര നേട്ടവും മെസി കൈപ്പിടിയിലാക്കി. രണ്ട് ലോകകപ്പ് എഡിഷനില്‍ ഏഴിലധികം ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

ലയണൽ മെസി. Photo: Sudanalytics/x.com

2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും മെസി ഏഴ് തവണ വല കുലുക്കിയിട്ടുണ്ട്. സൗദി അറേബ്യ, മെക്സിക്കോ, ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ ഓരോ ഗോളും ഫ്രാന്‍സിനെതിരെ ഫൈനലില്‍ ഇരട്ട ഗോളും സ്‌കോര്‍ ചെയ്തിരുന്നു.

 

Content Highlight: Lionel Messi set to make a new history in world cup

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.