2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.
ഈ ലോകകപ്പില്‍ അര്‍ജന്റീനക്കൊപ്പം ക്യാപ്റ്റനായി കളത്തിലിറങ്ങുമ്പോള്‍ മെസിക്ക് ഒരു ചരിത്രനേട്ടം നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. നാല് വ്യത്യസ്ത ലോകകപ്പില്‍ അര്‍ജന്റീനയെ നയിക്കുന്ന ആദ്യ ക്യാപ്റ്റനാവാനുള്ള അപൂര്‍വ നേട്ടമാണ് മെസിക്ക് മുന്നിലുള്ളത്. ഇതിഹാസ താരം ഡീഗോ മറഡോണയെ മറികടക്കാനുള്ള അവസരമാണ് മെസിക്കുള്ളത്.
ലയണൽ മെസി
2014 ലോകകപ്പിലാണ് മെസി അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്. പിന്നീട് 2018 ലോകകപ്പിലും മെസിയുടെ കീഴില്‍ അര്‍ജന്റീന കളത്തിലിറങ്ങി. 2022 ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടിയതും മെസിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ കളത്തിലിറങ്ങിയതോടെ മറഡോണയുടെ നേട്ടത്തിനൊപ്പം മെസിയെത്തിയിരുന്നു.
ഇപ്പോള്‍ മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ മറഡോണയെയും മറികടന്ന് ക്യാപ്റ്റന്‍സിയില്‍ ഒന്നാമനാവാന്‍ മെസിക്ക് സാധിക്കും. 1986, 1990, 1994 എന്നീ വര്‍ഷങ്ങളിലായിരുന്നു മറഡോണ ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചിരുന്നത്. 1986ല്‍ അര്‍ജന്റീനക്ക് ലോകകിരീടം സമ്മാനിക്കാനും മറഡോണക്ക് സാധിച്ചു.
ഡീഗോ മറഡോണ
മെസി തന്റെ കരിയറിലെ ആറാം ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളില്‍ അര്‍ജന്റീനക്കായി പന്തുതട്ടിയ മെസി തന്റെ അവസാന ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. 2026 ലോകകപ്പ് സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും.
അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്. 1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയ അര്‍ജന്റീന ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനി, ഇറ്റലി എന്നീ ടീമുകള്‍ക്കൊപ്പവുമെത്തും.
ലോകകപ്പില്‍ ഗ്രൂപ്പ് ജി-യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്.