റൊണാള്‍ഡോയുടെ ലോക റെക്കോഡിനൊപ്പം മെസി; ചരിത്രമെഴുതി മിശിഹ
Football
റൊണാള്‍ഡോയുടെ ലോക റെക്കോഡിനൊപ്പം മെസി; ചരിത്രമെഴുതി മിശിഹ
Sudev A
Friday, 29th May 2026, 7:03 pm

കാത്തിരിപ്പിനൊടുവില്‍ 2026ലെ ഫിഫ ലോകകപ്പിനായുള്ള നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ്
26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഈ ലോകകപ്പിനുള്ള സ്‌ക്വാഡിലും സൂപ്പര്‍ താരം ലയണല്‍ മെസി ഇടം നേടിയതോടെ ഒരു ലോക റെക്കോഡാണ് അര്‍ജന്റൈന്‍ നായകന്‍ സ്വന്തമാക്കിയത്. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരമായാണ് മെസി മാറിയത്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമാണ് മെസിയെത്തിയത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളില്‍ അര്‍ജന്റീനക്കായി പന്തുതട്ടിയ മെസി തന്റെ അവസാന ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടീമില്‍ ഇടം നേടിയതോടെ ഈ നേട്ടം ആദ്യം കൈവരിച്ചത് റൊണാള്‍ഡോ ആയിരുന്നു.

അവസാന ലോകകപ്പിനിറങ്ങുന്ന മെസിക്ക് മറ്റൊരു ചരിത്രനേട്ടം കൈവരിക്കാനുമുള്ള അവസരവുമുണ്ട്. ഈ ലോകകപ്പില്‍ ഒരു അസിസ്റ്റോ ഗോളോ നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യുഷന്‍സ് നടത്തുന്ന താരമായി മാറാന്‍ മെസിക്ക് സാധിക്കും. നിലവില്‍ ഈ നേട്ടത്തില്‍ 21 ഗോള്‍ പങ്കാളിത്തവുമായി മെസി ബ്രസീലിയന്‍ ഇതിഹാസമായ പെലെക്കൊപ്പമാണ്.

27 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി ഇതുവരെ നേടിയിട്ടുള്ളത്. പെലെ 14 മത്സരങ്ങളില്‍ ബ്രസീലിനായി കളത്തിലിറങ്ങി 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലോകകപ്പില്‍ ഗ്രൂപ്പ് ജി-യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാന്‍ മുസോ

ഡിഫന്‍ഡര്‍മാര്‍: ലിയോനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മദീന, നഹുവല്‍ മൊലിന.

മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എക്സിക്വല്‍ പലാസിയോസ്, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്.

ഫോര്‍വേഡുകള്‍: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജിയുലിയാനോ സിമിയോണി, നിക്കോളാസ് പാസ്, ജോസ് മാനുവല്‍ ലോപ്പസ്, ലൗട്ടാരോ മാര്‍ട്ടിനെസ്.

 

Content Highlight: Lionel Messi reached Cristiano Ronaldo world record in world cup

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.