വിരമിച്ച മണ്ണില്‍ കിരീട പോരാട്ടം; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി അഞ്ചാം കിരീടത്തിന് മിശിഹ
FIFA World Cup 2026
വിരമിച്ച മണ്ണില്‍ കിരീട പോരാട്ടം; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി അഞ്ചാം കിരീടത്തിന് മിശിഹ
സുദേവ് എ
Sunday, 19th July 2026, 2:09 pm

2026 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയ്നുമാണ് നേർക്കുനേർ എത്തുന്നത്. അർജന്റൈൻ നായകൻ സൂപ്പർ താരം ലയണൽ മെസിയും സ്പാനിഷ് യുവതാരം ലാമിൻ യമാലും നേർക്കുനേർ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന തുടർച്ചയായ രണ്ടാം ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.

അതേസമയം സ്‌പെയ്ൻ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് സ്‌പെയ്ൻ ലോകകപ്പ് ഫൈനൽ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ൻ കണ്ണുവെക്കുക.

വീണ്ടും ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ മെസിയും അർജന്റീനയും പന്തുതട്ടാനിറങ്ങുമ്പിൽ അർജന്റൈൻ ആരാധകരെ 10 വർഷം പുറകോട്ട് കൊണ്ടുപോയിട്ടുണ്ടാവും.നീണ്ട 10 വർഷങ്ങൾക്ക് മുമ്പ് മെസിയുടെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപനത്തിന് സാക്ഷിയായ ഗ്രൗണ്ടാണ് ന്യൂ ജേഴ്സി സ്റ്റേഡിയം.

2016ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടപ്പോഴായിരുന്നു മെസി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഫൈനലിൽ ചിലിയോട് പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന തോറ്റത്. ഷൂട്ടൗട്ടിൽ മെസി നിർണായകമായ ഒരു പെനാൽട്ടി പുറത്തേക്ക് അടിക്കുകയും ചെയ്തിരുന്നു.

അന്ന് തുടർച്ചയായി മൂന്നാം തവണയായിരുന്നു അർജന്റീന ഫൈനലിൽ പരാജയപ്പെട്ടത്. 2014ൽ ലോകകപ്പ് ഫൈനലിൽ ജർമനിയോടും പിന്നീട് 2015ൽ കോപ്പ ഫൈനലിൽ ചിലിയോടും ടീം തോറ്റിരുന്നു. പിന്നീട് 2016ൽ വീണ്ടും തോറ്റപ്പോൾ താരത്തിന്റെ മനസ് തളരുകയായിരുന്നു. ഇതോടെയാണ് മെസി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

എന്നാൽ മെസി തന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കുകയും അർജന്റീനക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങി. മെസിയുടെ തിരിച്ചുവരവിന് പിന്നാലെ 2021ൽ കോപ്പ അമേരിക്കയും 2022ൽ ഫൈനിലിസിമയും നേടി അർജന്റീന തങ്ങളുടെ കിരീട വരൾച്ച അവസാനിപ്പിച്ചു.

പിന്നീട് 2022 ഖത്തർ ലോകകപ്പും സ്വന്തമാക്കി മെസിയും സംഘവും ലോകത്തിന്റെ നെറുകയിലെത്തി. 2024ൽ വീണ്ടും കോപ്പ അമേരിക്ക കിരീടം നേടി അർജന്റീന തങ്ങളുടെ ട്രോഫികളുടെ എണ്ണം ഉയർത്തുകയും ചെയ്തു.

2022 ലോകകപ്പുമായി അർജന്റീന ടീം.

ഒരു കിരീടം പോലും നേടാനാവാതെ മെസിയുടെ കണ്ണീർ വീണ അതേ ന്യൂയോർക്ക് സ്റ്റേഡിയം 10 വർഷങ്ങൾക്കിപ്പുറം അർജന്റീനക്കൊപ്പം നാല് കിരീടങ്ങളുടെ തലയെടുപ്പുമായി അഞ്ചാം കിരീടം സ്വന്തമാക്കാനിറങ്ങുന്ന മെസിയെയായിരിക്കും സാക്ഷ്യം വഹിക്കുക.

അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലും എല്ലാ കണ്ണുകളും മെസിയിലായിരിക്കും. ഈ ലോകകപ്പിൽ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. ഫൈനലിലും മെസിയുടെ ബൂട്ടുകളിൽ നിന്നും അത്ഭുതങ്ങൾ പിറക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Lionel Messi historical journey of Argentina football team

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.