കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്; മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും
Football
കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്; മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 5:26 pm

ബാഴ്‌സലോണ: ലയണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ഒപ്പുവെച്ചു എന്ന് റിപ്പോര്‍ട്ട്. 2023 വരെയാണ് മെസി തുടരുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണ്‍ വരെയാണ് താരത്തിന് ക്ലബുമായി കരാര്‍ ഉണ്ടായിരുന്നത്.

മാഞ്ചാസ്റ്റര്‍ സിറ്റിയില്‍ നിന്ന് അര്‍ജന്റീനിയന്‍ ടീമിലെ സഹതാരമായ സെര്‍ജിയോ അഗ്യൂറോ ബാഴ്‌സയിലെത്തിയത് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്‌സയില്‍ തുടരുക. ബാഴ്‌സക്ക് വേണ്ടി ഈ സീസണിലെ അവസാന മത്സരം കളിക്കാതെ മെസി നേരത്തെ കോപ്പാ അമേരിക്ക ടൂര്‍ണമെന്റിനായി മടങ്ങിയിരുന്നു.

ഈ സീസണിന്റെ തുടക്കത്തില്‍ മെസി ക്ലബ്ബ് വിടാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാഴ്സലോണ മാനേജ്‌മെന്റ് മെസിയെ വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടെടുത്തതോടെയാണ് താരം ക്ലബ്ബില്‍ തുടര്‍ന്നത്. ലയണല്‍ മെസി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ട നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പരിശീലകന്‍ റൊണാല്‍ഡ് കോമാന്റെ ഭാവിയില്‍ ഉറപ്പുപറയാന്‍ ബാഴ്‌സ തയ്യാറായില്ല. അടുത്ത ആഴ്ച കോമാനുമായി ബാഴ്‌സലോണ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയില്‍ കോമാന്റെ ഭാവിയെപ്പറ്റി തീരുമാനം ഉണ്ടായേക്കും.

നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും 10 ലാ ലിഗ കിരീടങ്ങളും മെസിയുടെ നേതൃത്വത്തില്‍ ബാഴ്‌സലോണ നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : Lionel Messi has signed a two-year deal with Spanish club Barcelona