2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യന്മാരെ വിറപ്പിച്ച് ഈജിപ്ത്. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 13ാം മിനിറ്റില്‍ യാസിര്‍ ഇബ്രാഹിമാണ് അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ആദ്യ ലീഡ് നേടിയത്. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം അര്‍ജന്റീനയുടെ വലകുലുക്കിയത്.
ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മറുപടി ഗോള്‍ നേടാന്‍ അര്‍ജന്റീനക്ക് മികച്ച അവസരം ലഭിച്ചിരുന്നു. അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കുകയായിരുന്നു. ഈജിപ്ത് ഗോള്‍കീപ്പര്‍ ഷൗബര്‍ അനായാസമായി പന്ത് തട്ടിയകറ്റുകയായിരുന്നു.
Back to back penalty miss by Messi. He’s no Ronaldo so everyone’s cool with it https://t.co/p0n978aV9A pic.twitter.com/te3ozZkJA8
— Irigo Mxx 🌪️ (@irigo_m) July 7, 2026
ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് മെസി പെനാല്‍റ്റി പാഴാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലാണ് മെസി പെനാല്‍റ്റി നഷ്ടമാക്കിയത്. ഓസ്ട്രിയക്കെതിരെ മെസി പെനാല്‍റ്റി പുറത്തേക്ക് അടിക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ രണ്ട് പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തുന്ന ആദ്യ താരമാണ് മെസി. ലോകകപ്പില്‍ എട്ട് പെനാല്‍റ്റിയാണ് മെസിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ നാല് പെനാല്‍റ്റിയും മെസി പാഴാക്കി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരവും മെസി തന്നെയാണ്.
തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളിലും പെനാല്‍റ്റി നഷ്ടപ്പെടുന്ന ചരിത്രത്തിലെ ആദ്യ താരവും മെസി തന്നെയാണ്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഐസ്ലാന്‍ഡിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസി 2022 ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരെയും പെനാല്‍റ്റി പാഴാക്കി കളഞ്ഞു.
ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയാണ് മെസി കുതിക്കുന്നത്. മെസി ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകളും ഇതുവരെ അടിച്ചുകൂട്ടിയിട്ടുണ്ട്. ഈ ലോകകപ്പിലും ഗോള്‍ നേട്ടം ഏഴ് കടന്നതോടെ രണ്ട് വ്യത്യസ്ത ലോകകപ്പ് എഡിഷനില്‍ ഏഴിലധികം ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു.
അതേസമയം റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയ്‌ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ 3-2ന് ജയിച്ചുകയറിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെ നേരിടാനിറങ്ങിയത്. മറുഭാഗത്ത് ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് കളത്തിലിറങ്ങിയത്.
Content Highlight: Lionel Messi create a unwanted record in world cup
