ലോകത്തിലെ എട്ടാമത്തെ അത്ഭുതം; 56 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രമെഴുതി മിശിഹ
FIFA World Cup 2026
ലോകത്തിലെ എട്ടാമത്തെ അത്ഭുതം; 56 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രമെഴുതി മിശിഹ
സുദേവ് എ
Tuesday, 23rd June 2026, 8:10 am

2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഈ മത്സരത്തിലും ഗോള്‍ വേട്ട തുടരുകയായിരുന്നു. മത്സരത്തിന്റെ 38ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും സ്വന്തമാക്കി മെസി അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി.

മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ഗോളുകള്‍ നെടി മെസി ഈ മത്സരത്തിലും അര്‍ജന്റീനയുടെ ഹീറോയായി മാറി.

ഈ മത്സരത്തിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ച മെസി ഒരു അപൂര്‍വ നേട്ടവും കൈവരിച്ചു. ലോകകപ്പുകളില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായാണ് മെസി മാറിയത്. ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍, മുന്‍ ബ്രസീല്‍ സൂപ്പര്‍താരം ജെയ്ര്‍സിഞ്ഞോ എന്നിവര്‍ക്ക് ശേഷമാണ് മെസി ഈ നേട്ടം കൈപ്പിടിയിലാക്കിയിരിക്കുന്നത്.

1958 ലോകകപ്പിലാണ് ഫ്രാന്‍സിനായി ജസ്റ്റ് ഫോണ്ടെയ്ന്‍ ഈ നേട്ടം കൈവരിച്ചത്. 13 ഗോളുകളാണ് താരം ആ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഫോണ്ടെയ്ന്‍ തന്നെയാണ്.

1970ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനായി ആറ് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് ജെയ്ര്‍സിഞ്ഞോ നേടിയത്.

ഇപ്പോള്‍ നീണ്ട 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചരിത്ര നേട്ടത്തിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് മെസി. 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ തുടങ്ങിയ മെസിയുടെ ഗോള്‍ വേട്ട ഇന്ന് ഓസ്ട്രിയക്കെതിരെയാണ് എത്തിനില്‍ക്കുന്നത്.

ലയണൽ മെസി. Photo: Messismo/x.com

2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ലക്ഷ്യം കണ്ടു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകളും മെസി സ്വന്തമാക്കി. ഈ ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി വരവറിയിച്ച മെസി ആറാം മത്സരത്തിലും ഗോള്‍ നേടിയതോടെയാണ് ഈ അപൂര്‍വ നേട്ടം ലോകകപ്പില്‍ വീണ്ടും പിറന്നത്.

അതേസമയം ജൂണ്‍ 28നാണ് ലയണല്‍ മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പല റെക്കോഡുകളും തന്റെ പേരിലാക്കി മാറ്റിയ മെസി വരാനിരിക്കുന്ന മത്സരങ്ങളിലും പല ചരിത്രങ്ങളും തിരുത്തിയെഴുതുമെന്നുറപ്പാണ്.

 

Content Highlight: Lionel Messi create a rare record in world cup after 56 years

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.