2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.
മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി രണ്ട് അസിസ്റ്റുകള്‍ സ്വന്തമാക്കി മിന്നും പ്രകടനമാണ് നായകന്‍ ലയണല്‍ മെസി നടത്തിയത്. ഈ ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയതോടെ ഒരു ചരിത്ര റെക്കോഡാണ് മെസി കൈപ്പിടിയിലാക്കിയത്. ലോകകപ്പില്‍ സെമി ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ഫീല്‍ഡ് താരമായാണ് മെസി മാറിയത്.
ലയണൽ മെസി. Photo: Sudanalytics/x.com
39 വയസിന് ശേഷം സെമി ഫൈനല്‍ കളിക്കുന്ന ആദ്യ താരവും മെസിയാണ്. മുന്‍ ജര്‍മന്‍ താരം ഫ്രിറ്റ്‌സ് വാള്‍ട്ടറിനെ മറികടന്നാണ് അര്‍ജന്റൈന്‍ നായകന്‍ ഈ നേട്ടത്തിലെത്തിയത്. 1958ലെ ലോകകപ്പ് സെമി കളിക്കുമ്പോള്‍ വാള്‍ട്ടറിന് 37 വര്‍ഷവും 236 ദിവസവുമായിരുന്നു പ്രായം.
അതേസമയം അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. ഈ അവസരം മുതലെടുത്ത അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധം പൊട്ടിച്ചു.