ഒറ്റ ഗോളില്‍ ചരിത്രനേട്ടം; ഇടവപ്പാതിയിലും മെസി തകര്‍ത്തു പെയ്യുന്നു
Football
ഒറ്റ ഗോളില്‍ ചരിത്രനേട്ടം; ഇടവപ്പാതിയിലും മെസി തകര്‍ത്തു പെയ്യുന്നു
സുദേവ് എ
Saturday, 4th July 2026, 3:45 pm

2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം.

മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് മെസിയായിരുന്നു. 29ാം മിനിട്ടിലാണ് മെസിയുടെ ഗോള്‍ പിറന്നത്. ഈ ലോകകപ്പിലെ തന്റെ ഏഴാം ഗോള്‍ നേടിയ മെസി ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 20 ആക്കി ഉയര്‍ത്തുകയും ചെയ്തു.

മത്സരത്തില്‍ നേടിയ ഒറ്റ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും അര്‍ജന്റൈന്‍ നായകന്‍ കൈപ്പിടിയിലാക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമായാണ് മെസി മാറിയത്. 1962ന് ശേഷം ഇതാദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. 64 വര്‍ഷം മുമ്പ് മുന്‍ ബ്രസീലിയന്‍ താരം വാവയാണ് ഈ നേട്ടം കൈവരിച്ചത്.

2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ തുടങ്ങിയ മെസിയുടെ ഗോള്‍ വേട്ട ഇന്ന് കേപ് വെര്‍ദെക്കെതിരെയാണ് എത്തിനില്‍ക്കുന്നത്. 2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ലക്ഷ്യം കണ്ടു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകളും മെസി സ്വന്തമാക്കി.

അതേസമയം മത്സരത്തില്‍ മെസിയുടെ ഗോളില്‍ ആദ്യ പകുതി സ്വന്തമാക്കിയ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതംനേടി തുല്യത പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമില്‍ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്നി ലോപ്സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.

എന്നാല്‍ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.

ജൂലൈ ഏഴിനാണ് ലയണല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈജിപ്തിനെയാണ് അര്‍ജന്റീന നേരിടുക.

ഇന്ന് പുലര്‍ച്ചെ ഡാലസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഈജിപ്ത് വിജയിച്ചുകയറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം ആദ്യം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.

 

Content Highlight: Lionel Messi create a historical record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.