2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.
അര്‍ജന്റീന മറ്റൊരു ഫൈനലില്‍ കൂടി കടന്നതോടെ ഒരു പുതിയ ചരിത്ര നേട്ടമാണ് നായകന്‍ മെസി സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു ടീമിനെ മൂന്ന് ഫൈനലുകളില്‍ എത്തിച്ച ആദ്യ ക്യാപ്റ്റനായാണ് മെസി മാറിയത്. 2014ലാണ് അര്‍ജന്റീനയെ മെസി ആദ്യമായി ഫൈനലില്‍ എത്തിച്ചത്. എന്നാല്‍ ആ വര്‍ഷം ജര്‍മനിയുടെ എതിരില്ലാത്ത ഗോളുകള്‍ക്ക് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
2022 ഖത്തര്‍ ലോകകപ്പിലാണ് മെസി അര്‍ജന്റീനയെ രണ്ടാം ഫൈനലിലെത്തിച്ചത്. ആ വര്‍ഷം അര്‍ജന്റീനക്ക് കിരീടം നേടികൊടുക്കാനും മെസിക്ക് സാധിച്ചു. ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കിരീട നേട്ടം.
ഇപ്പോള്‍ ഇംഗ്ലണ്ടിനെ മറികടന്ന് മറ്റൊരു കിരീട പോരിന് കൂടി മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന യോഗ്യത നേടിയതോടെയാണ് മെസിയെ തേടി ഈ ചരിത്രനേട്ടമെത്തിയത്. 2018 റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനായി മെസി കളത്തിലിറങ്ങിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു.
അതേസമയം അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. ഈ അവസരം മുതലെടുത്ത അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധം പൊട്ടിച്ചു.
ജൂലൈ 20ന് നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയ്‌നാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍. സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്.
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പ് സ്വന്തമാക്കാന്‍ സ്പെയ്നും കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ ഫൈനലില്‍ വാശിയേറിയ പോരാട്ടമുണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Lionel Messi create a historical record as a captain in world cup