റൊണാൾഡോക്ക് ശേഷം മെസിയും; പുതിയ അധ്യായത്തിന് തുടക്കമിട്ട് അർജന്റൈൻ ഇതിഹാസം
Football
റൊണാൾഡോക്ക് ശേഷം മെസിയും; പുതിയ അധ്യായത്തിന് തുടക്കമിട്ട് അർജന്റൈൻ ഇതിഹാസം
Sudev A
Friday, 17th April 2026, 5:55 pm

സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ് യു.ഇ കോർണെല്ലയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി അർജന്റൈൻ ഇതിഹാസം ലയണൽ മെസി. മെസി സ്പാനിഷ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയെന്ന് യു.ഇ കോർണെല്ല സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

മെസിയുടെ കടന്ന് വരവ് ക്ലബ്ബിന്റെ ചരിത്രത്തിൽ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്നും യു.ഇ കോർണെല്ല ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കാറ്റലോണിയയിലുള്ള കായിക പ്രതിഭകളെ വളർത്തുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മെസി സ്പാനിഷ് ക്ലബ്ബിന്റെ ഉടമയായത്. ബാഴ്സലോണ, എസ്പാനിയോൾ എന്നീ ക്ലബ്ബുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച യൂത്ത് അക്കാദമികളുള്ള ക്ലബ്ബാണ് യു.ഇ കോർണെല്ല.

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരത്തെ സ്പാനിഷ് ക്ലബ്ബിന്റെ ഉടമയായി കഴിഞ്ഞിട്ടുണ്ട്. യു.ഡി അൽമേരിയയുടെ 25 ശതമാനം ഉടമസ്ഥാവകാശമായിരുന്നു റൊണാൾഡോ സ്വന്തമാക്കിയിരുന്നത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമാണ് അൽമേരിയ. ഫുട്ബോൾ ലോകം അടക്കി വാഴുന്ന രണ്ട് ഇതിഹാസ താരങ്ങളും സ്പാനിഷ് ക്ലബ്ബുകളിൽ വമ്പൻ നിക്ഷേപം താഴെത്തട്ടിലുള്ള ക്ലബ്ബുകൾ മുന്നോട്ട് ഉയർന്നു വരുമെന്നുറപ്പാണ്.

അതേസമയം ഫുട്ബോൾ ലോകം അടക്കി വാഴുന്ന ഇതിഹാസ താരങ്ങളായ റൊണാൾഡോയും മെസിയും തങ്ങളുടെ സുവർണ കാലഘട്ടം അടയാളപ്പെടുത്തിയത് സ്പാനിഷ് ലീഗിലായിരുന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനൊപ്പമാണ് റൊണാൾഡോ ഐതിഹാസികമായ ഒരു ഫുട്‌ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയത്.

നീണ്ട ഒമ്പത് റയലിനായി പന്തുതട്ടിയ റൊണാൾഡോ 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളിൽ പങ്കാളിയാവാനും റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യൻസ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെൽറേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നീ ട്രോഫികളാണ് റൊണാൾഡോ റയലിനൊപ്പം നേടിയത്.

ബാഴ്സലോണക്കായി നീണ്ട 17 വർഷക്കാലത്തെ ഫുട്ബോൾ യാത്രയാണ് മെസി നടത്തിയത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലൻമാർക്കൊപ്പം നീണ്ട വർഷത്തെ ഫുട്ബോൾ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യൻസ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികൾ മെസി ബാഴ്സയിൽ പന്തുതട്ടി നേടിയിട്ടുണ്ട്.

Content Highlight: Lionel Messi Buy the ownership of spanish club UE Cornella

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.