ചരിത്രത്തിലെ ആദ്യ താരം; പുതിയ ലോക റെക്കോഡ് തൂക്കി മെസി
FIFA World Cup 2026
ചരിത്രത്തിലെ ആദ്യ താരം; പുതിയ ലോക റെക്കോഡ് തൂക്കി മെസി
സുദേവ് എ
Sunday, 28th June 2026, 10:45 am

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്ക് ഹാട്രിക് വിജയവുമായി ആധികാരികമായി അടുത്ത റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ-യില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കരുത്തുകാട്ടിയത്.

ഈ മത്സരത്തിലും അര്‍ജന്റീനക്ക് വേണ്ടി മെസി ലക്ഷ്യം കണ്ടിരുന്നു. രണ്ടാം പകുതിയില്‍ 80ാം മിനിട്ടില്‍ കളത്തിലിറങ്ങിയ മെസി ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ലക്ഷ്യം കണ്ടത്.

ഈ മത്സരത്തിലും ഗോള്‍ നേടിയതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായും മെസി മാറി. 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ തുടങ്ങിയ മെസിയുടെ ഗോള്‍ വേട്ട ഇന്ന് ജോര്‍ദാനെതിരെയാണ് എത്തിനില്‍ക്കുന്നത്.

2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ലക്ഷ്യം കണ്ടു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകളും മെസി സ്വന്തമാക്കി.

ലയണൽ മെസി

ഈ ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി വരവറിയിച്ച മെസി രണ്ടാം മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍ നേടിയും തിളങ്ങി. ഇപ്പോള്‍ ഈ മത്സരത്തിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചതോടെയാണ് മെസി പുതിയ ചരിത്രം സൃഷ്ടിച്ചത്.

ലോകകപ്പുകളില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടിയ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍, മുന്‍ ബ്രസീല്‍ സൂപ്പര്‍താരം ജെയ്ര്‍സിഞ്ഞോ എന്നിവരെ മറികടന്നാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.

1958 ലോകകപ്പിലാണ് ഫ്രാന്‍സിനായി ജസ്റ്റ് ഫോണ്ടെയ്ന്‍ ഈ നേട്ടം കൈവരിച്ചത്. 13 ഗോളുകളാണ് താരം ആ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഫോണ്ടെയ്ന്‍ തന്നെയാണ്.

1970ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനായി ആറ് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് ജെയ്ര്‍സിഞ്ഞോ നേടിയത്.

അതേസമയം മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി മെസിക്ക് പുറമെ ജിയോവാനി ലോ സെല്‍സോ, ലൗട്ടാരോ മാര്‍ട്ടീനസ് എന്നിവരും ഗോള്‍ നേടി. 19ാം മിനിട്ടില്‍ ജിയോവാനി ലോ സെല്‍സോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.

31ാംമിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് അര്‍ജന്റീനക്കായി ലീഡ് ഉയര്‍ത്തിയത്. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം. 55ാം മിനിട്ടില്‍ മൂസ അല്‍ താമരിയാണ് ജോര്‍ദാനായി ലക്ഷ്യം കണ്ടത്.

റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍. ജൂലൈ നാലിനാണ് മത്സരം. മയാമി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Lionel Messi becomes first player to score in seven consecutive World Cup matches

 

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.