ആ സിനിമയാണ് എനിക്ക് ജയ് ഭീമിലേക്കുള്ള വഴി തുറന്നത്: ലിജോമോള്‍
Entertainment
ആ സിനിമയാണ് എനിക്ക് ജയ് ഭീമിലേക്കുള്ള വഴി തുറന്നത്: ലിജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 3:49 pm

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ജയ് ഭീം എന്ന സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍. ‘സിവപ്പ് മഞ്ചള്‍ പച്ചെ’ എന്ന തമിഴ് സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ജ്ഞാനവേല്‍ ഓഡീഷന് വിളിച്ചതെന്ന് ലിജോമോള്‍ പറയുന്നു.

‘തമിഴില്‍ സിദ്ധാര്‍ഥിനും ജി. വി. പ്രകാശിനുമൊപ്പം ചെയ്ത ‘സിവപ്പ് മഞ്ചള്‍ പച്ചെ’ എന്ന ചിത്രമാണ് ‘ജയ് ഭീമി’ലേക്കുള്ള വഴി തുറന്നത്. ‘സിവപ്പ് മഞ്ചള്‍ പച്ചെ’ കണ്ടിട്ടാണ് ജ്ഞാനവേല്‍ സാര്‍ ഓഡീഷന് വിളിക്കുന്നത്. അവിടെ ചെന്നപ്പോള്‍ ‘ജയ് ഭീമി’ലെ ഒരു സീനാണ് തന്നത്. എനിക്ക് ഒട്ടും തമിഴ് അറിയാത്തതുകൊണ്ട് പെര്‍ഫോം ചെയ്യുന്ന സമയത്ത് ഡയലോഗ് ഡെലിവറിയില്‍ വല്ലാതെ ശ്രദ്ധിച്ചു.

സ്വാഭാവികമായും നന്നായിപെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല. എന്റെ ടെന്‍ഷന്‍ കണ്ടപ്പോള്‍ ജ്ഞാനവേല്‍ സാര്‍ പറഞ്ഞു. കണ്ടന്റ് എന്താണെന്നു മനസിലായല്ലോ, അപ്പോള്‍ മലയാളത്തില്‍ പറഞ്ഞ് പെര്‍ഫോം ചെയ്താല്‍ മതിയെന്ന്. അങ്ങനെ മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് പെര്‍ഫോം ചെയ്തിട്ടാണ് തമിഴ് പടത്തിന്റെ ഓഡീഷന്‍ പാസായത്.

2 ഡിയുടെ പ്രൊഡക്ഷനിലുള്ള ചിത്രമാണെന്ന് പറഞ്ഞിരുന്നെങ്കിലും സൂര്യ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. പിറ്റേന്ന് ജ്ഞാനവേല്‍ സാര്‍ വിളിച്ചു. അഡ്വ. ചന്തുവായി അഭിനയിക്കുന്നത് ആരാണെന്നറിയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് സൂര്യയാണ് അത് ചെയ്യുന്നത് എന്നറിഞ്ഞത്.

കൊവിഡ് പ്രശ്നങ്ങള്‍ കൊണ്ട് ഒന്നരവര്‍ഷത്തിലേറെയെടുത്തു ഷൂട്ട് തീരാന്‍. ഷൂട്ടിന് ഒന്നരമാസം മുമ്പ് ട്രെയിനിങ് ഉണ്ടായിരുന്നു. ഇപ്പോഴും എല്ലാവരുമായും കോണ്ടാക്ട് ഉണ്ട്. വളരെ അടുപ്പമുള്ള കുറച്ചാളുകളാണവര്‍,’ ലിജോമോള്‍ പറയുന്നു.

Content Highlight: Lijomol Jose Talks  About  Jai Bhim Movie