ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. മികച്ച സിനിമകളുടെ ഭാഗമായ ലിജോമോള്‍ വളരെ വേഗം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ജയ് ഭീം എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും താരം ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയാണ് ലിജോമോള്‍.
കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍ ജോസ്. തനിക്ക് പത്തുവയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്നും അതിന് ശേഷം അമ്മ രണ്ടാമത് വിവാഹം കഴിച്ചെന്നും ലിജോമോള്‍ പറഞ്ഞു. ആ പ്രായത്തില്‍ തനിക്ക് അത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അച്ഛന്റെ കുടുംബവുമായി തങ്ങള്‍ അതോടെ അകന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയുമായി സംസാരിക്കുകയായിരുന്നു ലിജോമോള്‍.
‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചു. ആ പ്രായത്തില്‍ എനിക്കത് അംഗീകരിക്കാന്‍ സാധിച്ചില്ല. അമ്മയുമായി ആ സമയം തൊട്ട് എനിക്ക് ചെറിയൊരു അകല്‍ച്ചയുണ്ടായിരുന്നു. അമ്മ രണ്ടാമത് കല്യാണം കഴിച്ചതോടെ അച്ഛന്റെ ബന്ധുക്കളുമായി അകല്‍ച്ചയുണ്ടായി.
അതുവരെ ഞങ്ങളോട് കളിച്ച് ചിരിച്ച് നടന്ന കസിന്‍സ് പിന്നീട് മിണ്ടാതായി. അതിന് മുമ്പൊക്കെ വെക്കേഷന് അവരുടെയൊക്കെ വീടുകളില്‍ പോകുമായിരുന്നു. എന്നാല്‍ അതും പിന്നീട് നിന്നു. വെക്കേഷന് ഞങ്ങളുടെ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു ആ സമയത്ത് ഞാന്‍ അനുഭവിച്ചത്. പക്ഷേ, അമ്മ എന്തിന് അങ്ങനെ ചെയ്തു എന്നത് ആ സമയത്ത് ഞാന്‍ ചിന്തിച്ചില്ല.
എന്നെയും അനിയത്തിയെയും നല്ല രീതിയിലായിരുന്നു അമ്മ നോക്കിയത്. പക്ഷേ, ആ സമയത്ത് എനിക്ക് കിട്ടേണ്ട ഒരു സപ്പോര്‍ട്ട് അമ്മയില്‍ നിന്ന് കിട്ടിയില്ല. ഞാന്‍ അമ്മയോട് എന്ത് പറഞ്ഞാലും അത് ഇച്ചാച്ചന്റെയടുത്ത് എത്തുമായിരുന്നു. അതൊന്നും എനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. തിരിഞ്ഞ് നോക്കുമ്പോഴാണ് അമ്മ ചെയ്തതില്‍ തെറ്റില്ലായിരുന്നു എന്ന് മനസിലാകുന്നത്.
ഈയടുത്ത് ഞാന്‍ ചെയ്ത ഒരു സിനിമയില്‍ കുടുംബങ്ങളില്‍ ഓപ്പണ്‍ കോണ്‍വര്‍സേഷന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് മനസിലാകുന്നത്. ആ സിനിമയില്‍ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ ടേക്ക് എവേയായാണ് അതിനെ കാണുന്നത്. അന്ന് അത്തരം കാര്യങ്ങളെക്കാള്‍ അമ്മക്ക് പ്രധാനപ്പെട്ട വേറെ പലതും ഉണ്ടായിരുന്നു. അമ്മയുടെ ഭാഗത്ത് നിന്ന് ഇപ്പോഴാണ് ഞാന്‍ ചിന്തിക്കുന്നത്,’ ലിജോമോള്‍ ജോസ് പറയുന്നു.
Content Highlight: Lijomol Jose shares her childhood experiences