ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നില്‍ക്കുന്ന രണ്ടുതട്ടിലുള്ള ആളുകളുമാണ് ആ സിനിമയുടെ വിഷയം: ലിജോ ജോസ് പെല്ലിശ്ശേരി
Entertainment
ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നില്‍ക്കുന്ന രണ്ടുതട്ടിലുള്ള ആളുകളുമാണ് ആ സിനിമയുടെ വിഷയം: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 12:31 pm

മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്.

കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആയിരുന്നു ഏറ്റവും ഒടുവിലിറങ്ങിയ അദ്ദേഹത്തിന്റെ സിനിമ.

ആമേന്‍ എന്ന സിനിമയാണ് മലയാളികള്‍ക്കിടയില്‍ ലിജോയെ സ്വീകാര്യനാക്കിയത്. കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയിലെ പാലത്തിനെ പോലെയാണ് ആമേനില്‍ പള്ളിയെ അവതരിപ്പിക്കുന്നതെന്നും ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നില്‍ക്കുന്ന രണ്ടുതട്ടിലുള്ള ആളുകളുമാണ് ആ സിനിമയുടെ വിഷയമെന്നും ലിജോ പറയുന്നു.

എന്നാല്‍ മലയാളികള്‍ കാണാത്ത വിധത്തിലുള്ള ഒരു ഗ്രാമത്തില്‍ കഥ പറയുകയെന്നതായിരുന്നു തന്റെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഞ്ചവടിപ്പാലത്തിലെ പാലമാണ് ആമേനിലെ പള്ളി. മ്യൂസിക്കും അതുമായി ബന്ധപ്പെട്ട മത്സരവുമെല്ലാം സമാന്തരമായ കഥാതന്തു മാത്രമാണ്. പറയുന്ന വിഷയം ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നില്‍ക്കുന്ന രണ്ടുതട്ടിലുള്ള ആളുകളുമാണ്. എന്നാല്‍, ആ സിനിമ ചെയ്യുമ്പോഴുണ്ടായിരുന്ന പ്രധാന വെല്ലുവിളി മറ്റൊന്നായിരുന്നു.

മലയാളിയെ സംബന്ധിച്ച് ഗ്രാമം എന്നുപറയുമ്പോള്‍ മനസില്‍ വരിക സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ ദൃശ്യങ്ങളാണ്. അതിനെ ബ്രേക്ക് ചെയ്യുകയെന്നതായിരുന്നു ആമേന്‍ ചെയ്യുമ്പോഴുള്ള ആദ്യ വെല്ലുവിളി. അത് മറികടന്നാലേ പുതിയ രീതിയിലുള്ള ഗ്രാമത്തിലെ കഥ പറയാനാവൂ. ആമേനിലെ വിഷ്വല്‍ പാറ്റേണും അതിനെ സമീപിച്ച രീതിയുമെല്ലാം അങ്ങനെ ഉണ്ടായിവന്നതാണ്. അതിനോടൊപ്പം ചെറിയ കാര്യങ്ങളൊക്കെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

Content Highlight: Lijo Jose Pellissery Talks About Aamen Movie