ദല്‍ഹി വംശഹത്യാനന്തരമുള്ള
ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ജീവിതവും രാഷ്ട്രീയവും, ഒരു മാര്‍ഗരേഖ
Muslim Politics
ദല്‍ഹി വംശഹത്യാനന്തരമുള്ള ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ജീവിതവും രാഷ്ട്രീയവും, ഒരു മാര്‍ഗരേഖ
ഷാജഹാന്‍ മാടമ്പാട്ട്
Monday, 30th March 2020, 7:51 pm

ദല്‍ഹിയില്‍ ഫെബ്രുവരി അവസാനം നടന്ന വര്‍ഗീയഹിംസയും അതില്‍ മുസ്ലിങ്ങള്‍ നേരിട്ട ഭീമമായ ജീവ-ഭൗതിക നഷ്ടങ്ങളും സംഭവം നടക്കുമ്പോള്‍ സകല രാഷ്ട്രീയ കക്ഷികളും പ്രകടിപ്പിച്ച നിസ്സംഗതയും ഒരു നിഗമനം അനിവാര്യമാക്കുന്നുണ്ട്; സ്വന്തമായി സംഘടിക്കുക മാത്രമാണിന്ത്യയില്‍ മുസ്ലിംകളുടെ മുമ്പിലുള്ള ഏക പോംവഴി.

അവര്‍ ഇതുവരെ സ്വീകരിച്ച മറ്റുവഴികളെല്ലാം നിഷ്ഫലമായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്. മുസ്ലിംകള്‍ക്ക് വേണ്ടി അവര്‍ തന്നെ സംഘടിപ്പിച്ച ഒരു രാഷ്ട്രീയകക്ഷി ദല്‍ഹിയില്‍ നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ ഭ്രാന്ത വിദ്വേഷവുമായി നരനായാട്ടിനിറങ്ങിയ ഫാസിസ്റ്റ് ഗുണ്ടകളെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമായിരുന്നുവെന്നതുറപ്പാണ്.

പ്രതിരോധമെന്ന വാക്ക് ഞാനിവിടെ ഉപയോഗിക്കുന്നത് ശാരീരിക പ്രതിരോധമെന്ന പരിമിതമായ അര്‍ത്ഥത്തിലല്ല. അധികാരികളുടെ മേല്‍ സമ്മര്‍ദം ചെലുത്തല്‍, ഇരകളുടെ വാസസ്ഥലങ്ങളില്‍ ബഹുജനസാന്നിധ്യമുണ്ടാക്കി ഗുണ്ടകളെ ഭയപ്പെടുത്തല്‍, മാധ്യമങ്ങളുമായി വ്യക്തവും കൃത്യവുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്ന, പ്രദേശിക ദേശീയ പ്രാമുഖ്യമുള്ള വക്താക്കളും നേതാക്കളുമുണ്ടാവുക, ഇതെല്ലാം പ്രതിരോധത്തിന്റെ വിശാലാര്‍ത്ഥത്തിലുള്‍പ്പെടുന്നു.

‘മതനിരപേക്ഷ’ കക്ഷികളെന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളെ ആശ്രയിക്കുകയും അവരുടെ വോട്ടിന് വേണ്ടി നടത്തുന്ന ചൂഷണത്തിന് നിരന്തരമായി വഴിപ്പെടുകയും ചെയ്യുന്ന പതിവ് രീതിയില്‍ നിന്ന് മുസ്ലിങ്ങള്‍ ഇനിയെങ്കിലും മാറിയേ തീരു. കലാപം നടന്ന ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്ന പ്രദേശികമായോ ദേശീയമായോ അറിയപ്പെടുന്ന ഒരൊറ്റ നേതാവ് പോലും അവര്‍ക്കിടയിലുണ്ടായില്ലെന്നത് നമ്മുടെ മുഖ്യധാര ‘മതനിരപേക്ഷ’ രാഷ്ട്രീയം എന്തുമാത്രം ഉള്ളുപൊള്ളയാണെന്നതിന്റെ അവസാനത്തെ നിദര്‍ശനമാണ്.

നാലു കാരണങ്ങള്‍

ഇന്ത്യന്‍ മുസ്ലിങ്ങളിലെ മഹാഭൂരിഭാഗത്തെയെങ്കിലും ഒരു രാഷ്ട്രീയ കുടക്കീഴില്‍ കൊണ്ട് വരിക ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇതിനനുകൂലമായി നിരവധി കാരണങ്ങള്‍ ചുണ്ടിക്കാണിക്കാനാകും. സ്ഥലപരിമിതി മൂലം നാല് പ്രധാനകാരണങ്ങള്‍ മാത്രം വിവരിക്കാം.

ഒന്നാമതായി പറയേണ്ട സംഗതി അതൊരമൂര്‍ത്തഘടകമാണെങ്കില്‍പ്പോലും സുപ്രധാനമാണ്. ജീവനും സ്വത്തിനും സ്വത്വത്തിന്റെ പേരില്‍ മാത്രം എതു നിമിഷവും ഭീഷണി നേരിടാവുന്ന ഒരിന്ത്യന്‍ മുസ്ലിമിന്റെ കര്‍തൃത്വം. അയാളെ എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുന്ന പൂര്‍ണ്ണമായും മതനിരപേക്ഷവാദിയായ അമുസ്ലിമിന്റെ കര്‍തൃത്വത്തില്‍ നിന്നു മനഃശാസ്ത്രപരമായി വ്യത്യസ്തമാണ്. ഇതിനര്‍ത്ഥം അവര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യവും രാഷ്ട്രീയമായ ഇണക്കവും അപ്രസക്തമാണെന്നല്ല.

സ്വന്തം പേരു മൂലം, അല്ലെങ്കില്‍ വസ്ത്രധാരണത്തിന്റെ രീതിയോ ശരീരത്തിലെ അടയാളങ്ങളോ മൂലം കൊല്ലപ്പെടാവുന്ന ഒരാളുടെ മനോനില അങ്ങനെയല്ലാത്ത ഒരാളുടെ മനോനിലയില്‍ നിന്നും മൗലികമായി വ്യതിരിക്തമാണ്. അത്തരം കൊലപാതകത്തിനും അക്രമത്തിനുമനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഭരണകൂടവും, അതിന് ഓശാന പാടുന്ന നീതിന്യായ- മാധ്യമ-സാംസ്‌കാരിക ഘടനയും രൂഢമൂലമായ ഒരു രാജ്യത്ത് കര്‍ത്തൃത്വത്തെ സംബന്ധിച്ച ഈ നിരീക്ഷണം സവിശേഷമാം വിധം രാഷ്ട്രീയാര്‍ത്ഥപൂര്‍ണ്ണമാണ്.

ഇത് മനസ്സിലാക്കാന്‍ നല്ലൊരുദാഹരണമുണ്ട്, യോഗേന്ദ്രയാദവും നിധി റാസ്ദാനും ദല്‍ഹിഹിസംയുടെ മൂര്‍ധന്യദശയിലെഴുതിയ സാമൂഹ്യമാധ്യമ (ട്വീറ്റ്) സന്ദേശങ്ങള്‍ നോക്കുക. ഇരുവരുടെയും മതനിരപേക്ഷ പ്രതിബദ്ധതയില്‍ എനിക്കൊരു സംശയവുമില്ല. ഒരു ബുദ്ധിജീവിയും ആദര്‍ശവാദിയായ രാഷ്ട്രീയക്കാരനുമെന്നനിലയക്ക് യാദവും സെക്യുലര്‍ മാധ്യമപ്രവര്‍ത്തകയെന്ന നിലയ്ക്ക് റാസ്ദാനും മാതൃകാവ്യക്തിത്വങ്ങളാണ്.

യോഗേന്ദ്ര യാദവ്, നിധി റാസ്ദാന്‍ എന്നിവര്‍

അവരുടെ സന്ദേശങ്ങളിലെ ഉല്‍ക്കണ്ഠ അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ നടക്കുന്ന കലാപം ഇന്ത്യയുടെ അന്തര്‍ദ്ദേശീയ പ്രതിച്ഛായക്കുണ്ടാക്കാവുന്ന ആഘാതത്തെകകുറിച്ചായിരുന്നു. അതില്‍ തെറ്റില്ലതാനും. ജീവനും സ്വത്തിനും നേര്‍ക്കുനേരെ ഭീഷണിനേരിടാത്ത അവരിരുവര്‍ക്കും വിശാലപ്രശ്നങ്ങളെക്കുറിച്ച് ബൗദ്ധികമായും രാഷ്ട്രീയമായും പ്രതികരിക്കാനുള്ള സൗകര്യവുമുണ്ട്.

പക്ഷേ ഒരു മുസ്ലിം പൗരനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കത്തരം ആഢംബരങ്ങളില്ല. അതിജീവനവും ജീവരക്ഷയും മാത്രമേ അയാളുടെ മനസ്സിലുണ്ടാവൂ. ഒരു മുസ്ലിം പൗരനെ സംബന്ധിച്ചിടത്തോളം സംഘിഹിംസ അയാളുടെയും കുടുംബത്തിന്റേയും ജീവനും സ്വത്തിനും നേരെയുള്ള ഭീഷണിയാണ്.

സാഹചര്യത്തിന്റെ ദാര്‍ശനിക രാഷ്ട്രീയമാനങ്ങളെക്കുറിച്ചുല്‍ക്കണ്ഠ പങ്കിടാനുള്ള പൗരസഹജമായ ബാധ്യത അയാളുടെ മനോനിലയ്ക്കും കര്‍തൃത്വത്തിനുമതീതമാണ്. ഇതേ കാര്യം പൗരത്വഭേദഗതിനിയമം, ദേശീയ പൗരത്വപ്പട്ടിക, ദേശീയജനസംഖ്യാപ്പട്ടിക എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കര്‍തൃത്വത്തിലെ മുസ്ലിം-അമുസ്ലിം വ്യത്യാസം പ്രസക്തമാണ്.

മുസ്ലിം പൗരന് ഇവ അയാളുടെ ഭാരതീയ പൗരത്വത്തിനു നേരെയുള്ളള അസ്തിത്വപരമായ ഭീഷണിയാണ്. അവയെ എതിര്‍ക്കുന്ന മറ്റുള്ളവര്‍ക്കാകട്ടെ അതൊരു രാഷ്ട്രീയ നൈതിക പ്രശ്നം മാത്രവും. കൊല്ലാന്‍ വരുന്ന സംഘി ഗുണ്ടകളോട് ഒരു മുസ്ലിമിന് വാതില്‍ തുറന്ന് ഇങ്ങനെ പറയാന്‍ കഴിയുമോ? ”സുഹൃത്തുക്കളെ… അമേരിക്കന്‍ പ്രസിഡണ്ട് ഇന്നിവിടെയുണ്ട്, ഇന്ന് നിങ്ങള്‍ ഞങ്ങളെ കൊല്ലുകയും വീട് കത്തിക്കുകയും ചെയ്താല്‍ നാടിന് ദുഷ്പേരാവും, രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് വരൂ”. ഇതൊരല്പം അതിശയോക്തി കലര്‍ന്ന താരത്യമാണ്. പക്ഷേ കര്‍തൃത്വത്തിലെ മുസ്ലിം – മതനിരപേക്ഷമുസ്ലിമേതര്‍ തമ്മിലുള്ള വ്യത്യാസം കൃത്യമായി വിശദീകരിക്കാന്‍ ഇത് വേണ്ടി വന്നു.

രണ്ടാമത്തെ കാരണം മുസ്ലിംകളുടെ ‘മതനിരപേക്ഷ’ രാഷ്ട്രീയകക്ഷികളോടുള്ള ആശ്രിതത്വം പ്രസ്തുതകക്ഷികള്‍ക്ക് ധാരാളമായി ഗുണം ചെയ്തിട്ടുണ്ടെന്നല്ലാതെ മുസ്ലിംകള്‍ക്ക് കാര്യമായ ഗുണമൊന്നുമുണ്ടായിട്ടില്ലെന്നതാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലുടനീളം ഇതിങ്ങനെ തന്നെയായിരുന്നു.

അപൂര്‍വ്വമായ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വര്‍ഗീയകലാപങ്ങളിലൊന്നില്‍പ്പോലും ‘മതനിരപേക്ഷ’ കക്ഷികള്‍ മുസ്ലിംകളുടെ ജീവനും സ്വത്തും രക്ഷിക്കാന്‍ രംഗത്തുണ്ടായിട്ടില്ല. (വര്‍ഗീയ കലാപം എന്നത് തന്നെ തെറ്റായ പ്രയോഗമാണ്. നെല്ലി, മുറാദാബാദ്, മലിയാന മുതല്‍ ഗുജറാത്ത്, വടക്ക് കിഴക്കന്‍ ദല്‍ഹി വരെയുള്ളതെല്ലാം ഭരണകൂടപിന്തുണയോടെയുള്ള വംശഹത്യകളായിരുന്നു) കലാപസമയത്ത് ‘മതനിരപേക്ഷ’ കക്ഷികളുടെ നേതാക്കള്‍ക്കാര്‍ക്കും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇരകളെ പിന്തുണക്കാനും ആശ്വസിപ്പിക്കാനുമുള്ള ധൈര്യമുണ്ടായില്ല.

ഇതിനു പ്രധാനകാരണം ഹിന്ദുവോട്ട് നഷ്ടപ്പെടുമോയെന്ന ഭയമാണ്. ഈ ഭയത്തിനൊരു കാരണമുണ്ട്, ഹിന്ദുക്കള്‍ ഇരകളാണെന്നുള്ള സംഘപരിവാര്‍ പ്രചാരണം ഗണ്യമായൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിച്ചു കഴിഞ്ഞുവെന്ന് അവര്‍ക്കുറപ്പുള്ളത് കൊണ്ടാണ് ഈ ഭയം. അതസ്ഥാനത്തല്ലതാനും.

മുസ്ലിങ്ങള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് നിരുത്തരവാദപരമായി രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത്തരമൊരു നേതൃത്വം തങ്ങളുടെ ആള്‍ക്കാര്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം മുസ്ലിങ്ങള്‍ക്കിടയിലുള്ള മതഭ്രാന്തരെ തടയാനും മുന്നിട്ടിറങ്ങിയേനേ. നിരപരാധികളായ ഹിന്ദുക്കളെ പ്രതികാര വ്യഗ്രതയോടെ മുസ്ലിം ജനക്കൂട്ടങ്ങളാക്രമിച്ച സംഭവങ്ങളും ദല്‍ഹിയിലുണ്ടായിട്ടുണ്ട്. നല്ലൊരു സമുദായനേതൃത്വം അതൊരിക്കലും അനുവദിക്കുമായിരുന്നില്ല.

മൂന്നാമതായി, നമ്മുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട ഒരനിഷേധ്യമായ വസ്തുതയുണ്ട്. സ്വന്തമായി രാഷ്ട്രീയമായി സംഘടിച്ചപ്പോള്‍ മാത്രമാണിന്ത്യയില്‍ അധസ്ഥിതവിഭാഗങ്ങള്‍ക്ക് കുറച്ചെങ്കിലും ശാക്തീകരണവും ആത്മവിശ്വാസവും സാധ്യമായിട്ടുള്ളത്. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തുടങ്ങി എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഇതിനുപോദ്ബലമായി ചൂണ്ടിക്കാണിക്കാനാവും.

നാലാമതായി, ശരിയായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യരാഷ്ട്രീയ നേതൃത്വം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കുണ്ടായാല്‍ തീവ്രവാദപ്രവണതകളും ചിന്താശൂന്യമായ എടുത്തുചാട്ടങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. രാജ്യത്തെ സമകാലിക രാഷ്ട്രീയ സാഹചര്യം എല്ലാനിലയ്ക്കും മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പ്രതികൂലമാണ്.

കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനാഗ്രഹിക്കുന്ന തീവ്രവാദധാരകള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്. ഇരുപത് കോടി മുസ്ലിങ്ങളില്‍ നിന്ന് ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമേ ഇസ്ലാമിക് സ്റ്റേറ്റിലും അല്‍ഖാഇദയിലും ചേര്‍ന്നുള്ളൂ എന്ന് മേനി പറഞ്ഞിരുന്നതൊക്കെ ഇന്നത്തെ അവസ്ഥയില്‍ ഭൂതരതി മാത്രമായി പരിണമിക്കാന്‍ സാധ്യതയുണ്ട്. അത്രമേല്‍ മോശമാണ് അവസ്ഥ.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇതുവരെ ആഗോള ജിഹാദീ സാഹസികതയുടെ ആകര്‍ഷണ വലയത്തിലകപ്പെടാതിരുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സ്വന്തം നാടാണിതെന്ന വൈകാരികബോധമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യപൗരത്വം, അത് ഫലത്തില്‍ അത്ര തുല്യമല്ലെങ്കില്‍പോലും ഇന്ത്യന്‍ മുസ്ലിമിനെ വൈകാരികമായി ഈ രാജ്യത്തിന്റെ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തിയിരുന്നു. ഇന്നതല്ല സ്ഥിതി.

ഭരണഘടന മാറിയിട്ടില്ല, പക്ഷേ അത് നടപ്പാക്കേണ്ടവര്‍ നാഴികക്കു നാല്‍പ്പതുവട്ടം ഈ രാജ്യം നിങ്ങളുടേതല്ലെന്നും നിങ്ങളുടെ കൂറ് ഈ മണ്ണിനോടല്ലെന്നും നിരന്തരമായി, പച്ചയായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. മനഃശാസ്ത്രപരമായ പൗരത്വനിഷേധം പലവട്ടം സംഭവിച്ചുകഴിഞ്ഞു. പൗരത്വഭേദഗതി നിയമവും ദേശീയപൗരത്വപ്പട്ടികയും അതിനെ മനഃശാസ്ത്രതലത്തില്‍ നിന്നു വാസ്തവികതയിലേക്ക് പരിണമിപ്പിക്കാനുള്ള നിഗൂഢ തന്ത്രങ്ങളാണെന്നവര്‍ ന്യായമായും ഭയപ്പെടുന്നു.

ഇതിനൊക്കെപ്പുറമെ മിത്രങ്ങളെന്നും സഖ്യകക്ഷികളെന്നും കരുതിയവര്‍-‘മതനിരപേക്ഷ’ കക്ഷികള്‍ – തങ്ങളെ പരിപൂര്‍ണ്ണമായും വഞ്ചിക്കുകയും കയ്യൊഴിയുകയും ചെയ്തുവെന്നും അവര്‍ മനസ്സിലാക്കുന്നു. സര്‍വ്വോപരി, കലാപങ്ങളിലൂടെയും കൂട്ടകൊലകളിലൂടെയും തങ്ങളെ ശാരീരികമായി ഉന്മൂലനം ചെയ്യാനോ സമ്പൂര്‍ണ്ണമായി പ്രാന്തവത്കരിക്കാനോ ഉള്ള പദ്ധതികള്‍ അനുദിനം ഫലപ്രാപ്തിയിയോടടുത്ത് തുടങ്ങിയെന്നും അവര്‍ ഭീതിയോടെ ഇന്നു തിരിച്ചറിയുന്നുണ്ട്.

ഇന്ത്യന്‍ ദേശീയ രാഷ്ട്രത്തിന്റെ സകല സ്ഥാപനങ്ങളിലും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കു വിശ്വാസം നഷ്ടമായിട്ടുണ്ട്, ഭരണകൂടം, പോലീസ്, നീതിന്യായവ്യവസ്ഥ, മാധ്യമങ്ങള്‍, രാഷ്ട്രീയകക്ഷികള്‍, പൗരസമൂഹം-ഇവയിലൊന്നില്‍പ്പോലും അവര്‍ക്കിന്നു വിശ്വാസമില്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

‘കേള്‍വിയും കേള്‍പ്പോരു’മില്ലാത്ത സമുദായം എന്ന് പണ്ടു പറഞ്ഞിരുന്നത് ഇന്ന് പൂര്‍ണ്ണമായും അന്യര്‍ത്ഥമായികഴിഞ്ഞു. തങ്ങള്‍ക്കെതിരിലുള്ള വെറുപ്പും വിദ്വേഷവും ഉന്മൂലന വ്യഗ്രതയും കാട്ടുതീ പോലെ വലിയൊരു വിഭാഗം ഹൈന്ദവര്‍ക്കിടയില്‍ പടര്‍ന്ന് പിടിക്കുന്നത് അവരറിയുന്നുണ്ട്. വെറുപ്പിന്റേയും വര്‍ഗീയ സ്പര്‍ധയുടേയും പ്രചാരകരില്‍ തങ്ങളുടെ സ്വന്തം രാജ്യത്തെ പരമോന്നതപദവികള്‍ വഹിക്കുന്നവരുമുണ്ടെന്ന അറിവ് അവരെ ഹതാശരും നിസ്സഹായരുമാക്കി മാറ്റിയിട്ടുണ്ട്. അധികാരികള്‍ സൂക്ഷ്മശ്രദ്ധയോടെ പുതിയ നിയമങ്ങളും നയങ്ങളും കൊണ്ട് വന്ന് തങ്ങളുടെ നിലനില്‍പിനെ കൂടുതല്‍ കൂടുതല്‍ നരകീയമാക്കാന്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കറിയാം.

അതിതീവ്ര ചിന്താഗതികള്‍ക്കും റാഡിക്കല്‍ ഭാവനകള്‍ക്കും എല്ലാ അര്‍ത്ഥത്തിലും വെള്ളവും വളവും കൊടുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നാട്ടില്‍. നൈതികബോധ്യവും ഭരണഘടനാദത്തമായ ആശയാദര്‍ശങ്ങളോട് അചഞ്ചലമായ പ്രതിബദ്ധതയുമുള്ള ഒരു രാഷ്ട്രീയ സാമൂഹ്യനേതൃത്വത്തിന് മാത്രമേ ഇന്ത്യയില്‍ മുസ്ലിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കൂ.

അത്തരമൊരു നേതൃത്വം ഉദയം ചെയ്തില്ലെങ്കില്‍ ഇന്നത്തെ നേതൃശൂന്യതയിലേക്ക് വിജയശ്രീലാളിതരായി കടന്നുവരുന്നവര്‍ കടുത്ത മതഭ്രാന്തരും ദോഷൈകദൃക്കുകളായ വികാരചൂഷകരുമായിരിക്കും. അതേ സമയം പുതിയ നേതൃത്വവും രാഷ്ട്രീയ സംഘാടനവും എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ കൃത്യമായ കാഴ്ച്ചപ്പാടും വ്യക്തമായ ധാരണയും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

പുതിയൊരു മുസ്ലിം രാഷ്ട്രീയത്തിന്റെ അഭിലഷണീയഘടകങ്ങള്‍

പുതിയ മുസ്ലിം രാഷ്ട്രീയം സമുദായത്തിനകത്തും പുറത്തുമുള്ള വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഗാന്ധിയന്‍ വിശാലത പുലര്‍ത്തണം. ഹിന്ദു മുസ്ലിം ഐക്യവും മൈത്രിയും, അഹിംസ, എന്നീകാര്യങ്ങളിലും ഗാന്ധിയന്‍ സ്വാഭാവമുള്ളതാവണം അത്. ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത മാത്രം പോരാ, നേതൃത്വത്തിലും അണികളിലും മുസ്ലിം സമുദായത്തിലെ സമസ്തധാരകളേയും സാവേശം കണ്ണിചേര്‍ക്കാനുള്ള സജീവ പ്രതിബന്ധതയുള്ളതാവണം അതിന്റെ നേതൃത്വം.

വിവിധ അവാന്തരവിഭാഗങ്ങള്‍ സുന്നി, ശിയ, സ്വവര്‍ഗ പ്രേമികള്‍, ഉഭയലൈംഗികര്‍, സ്വതന്ത്രചിന്തകര്‍, നിരീശ്വരവാദികള്‍, നിര്‍മ്മതവാദികള്‍, മതഭക്തര്‍, എന്നുവേണ്ട മുസ്ലിം പേരുള്ളത് കൊണ്ട് സംഘപരിവാര്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുള്ള രാഷ്ട്രീയമാകണം ഇത്. ‘മുസ്ലിം’ എന്ന പദം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ‘ഇരത്വ’ത്തിന്റെ അടിസ്ഥാനത്തിലാകണം ഇവിടെ നിര്‍വ്വചിക്കപ്പെടേണ്ടത്.

രണ്ടാമതായി ഇതിന്റെ നേതൃത്വത്തില്‍ സിംഹഭാഗവും സ്ത്രീകളായിരിക്കണം. ആണുങ്ങള്‍ രണ്ടാം നിരയിലേക്ക് നിഷ്‌ക്രമിക്കണം. പുരുഷനേതൃത്വങ്ങള്‍ പൊതുതാത്പര്യത്തെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് അടിയറവെച്ച അനുഭവങ്ങളാണ് ചരിത്രത്തിലുടനീളമുള്ളത്. ആണ്‍കോയ്മ പ്രോക്തമായ ഗര്‍ഹണീയ മനോഭാവങ്ങളാണ് നമ്മുടെ രാഷ്ട്രീയത്തെ ഇത്രമേല്‍ നിരാറ്ദ്‌റവും മനുഷ്യത്വവിരുദ്ധവും മൂല്യനിരപേക്ഷവുമാക്കിയത്. ഇതിലൊരുമാറ്റം ആവശ്യമാണ്.

ശഹീന്‍ബാഗ് ഇതിനൊരൊന്നാന്തരം ഉദാഹരണവും അനുകരണീയമായ മാതൃകയുമാണ്. പെണ്ണുങ്ങളുടെ നേതൃത്വവും പങ്കാളിത്തവും ശഹീന്‍ബാഗിനെ സാധാരണ രാഷ്ട്രീയ സമരങ്ങളില്‍ നിന്നു ഗുണപരമായി വ്യത്യസ്തമാക്കി. അനിര്‍വ്വചനീയമായ ഒരു കുലിനത, ഹിംസയോടുള്ള സ്വാഭാവിക-ജൈവിക-ഉദാത്തവിമുഖത, അത്യസാധാരണമായ ക്ഷമയും സഹനശക്തിയും സദ്വാശിയും ഇച്ഛാശക്തിയും ഇവയെല്ലാമാണ് ശഹീന്‍ബാഗിനെ വ്യതിരിക്തമാക്കിയത്.

പെണ്ണുങ്ങള്‍ നേതൃത്വത്തിലേക്ക് വരുന്നത് മുസ്ലിം സമുദായത്തിലെ ആന്തരിക പരിഷ്‌കരണത്തിനും വലിയൊരു നിമിത്തവും പ്രേരകവുമായി മാറും. അതിന്റെ വിശദാംശങ്ങളെന്തായാലും പുതിയ മുസ്ലിം രാഷ്ട്രീയം ലിംഗ നീതിയിലധിഷ്ഠിതമായിരിക്കണം.

മൂന്നാമതായി, പുതിയ മുസ്ലിംരാഷ്ട്രീയം മതചിഹ്നങ്ങളെയും മതാത്മകമുദ്രാവാക്യങ്ങളെയും പൂര്‍ണ്ണമായി ഒഴിവാക്കണം. ഇന്ത്യന്‍ ദേശീയതയുടേയും ദേശത്വത്തിന്റേയും ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമാവണം അതിനെ നിര്‍വ്വചിക്കുന്നത്, ഇവിടെയും ശഹീന്‍ബാഗ് ഉത്തമമാതൃകയാണ്.

ദേശീയതയുടെ ചിഹ്നങ്ങളെ സ്വന്തമാക്കി പ്രയോഗിക്കുന്നത് രാഷ്ട്രീയമായ അടവോ തന്ത്രമോ എന്ന നിലയ്ക്കല്ല, മറിച്ച് പൗരത്വാവകാശത്തെ സ്ഥാപിക്കാനുള്ള ആവേശദായകമായ ഒരു രാഷ്ട്രീയ നീക്കമെന്ന നിലയ്ക്കാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിന്റെ ചരിത്ര പ്രതീകങ്ങളേയും ഉദാത്തചിഹ്നങ്ങളേയും ഭരണഘടനയുടെ പീഠികയേയുമൊക്കെ വികാരഭരിതമായി ശഹീന്‍ബാഗ് ആഘോഷിച്ചപ്പോള്‍ ഉദയം കൊണ്ടത് മതനിരപേക്ഷമായ, അതേസമയം സ്വത്വ നിരാസപരമല്ലാത്ത പുതിയൊരു രാഷ്ട്രീയ ഭാഷയും ശൈലിയുമായിരുന്നു.

നാലാമതായി, ഇന്ത്യന്‍ മുസ്ലിങ്ങളുടെ പുതിയ രാഷ്ട്രീയ സംഘാടനം ഒരേകശിലാസ്തംഭത്തിന്റെ മാതൃകയിലാവരുത്. അയഞ്ഞ ഘടനയുള്ള, ഒരു കുടക്കീഴില്‍ വിവിധ പ്രദേശങ്ങളുടേയും സംസ്ഥാനങ്ങളുടേയും വൈവിധ്യമാര്‍ന്ന മുസ്ലിം ജനസാമാന്യത്തെ ഒരുമിപ്പിക്കുന്ന രീതിയാണ് പലകാരണങ്ങളാല്‍ അഭികാമ്യം.

ഓരോ സംസ്ഥാനത്തേയും വസ്തുനിഷ്ഠസാഹചര്യം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മൗലികമായി വ്യതിരിക്തമാണ്. ഉത്തര്‍പ്രദേശിലെ മുസ്ലിമിനാവശ്യമുള്ള രാഷ്ട്രീയ സമീപനമല്ല കേരളത്തിലെ മുസ്ലിമിന് അനുയോജ്യം. ദേശീയതലത്തിലുള്ള ഒരൊറ്റക്കല്‍രാഷ്ട്രീയ കക്ഷിയില്‍ പ്രാദേശികമോ ഭാഷാപരമോ ആയ ആന്തരിക അധീശത്വം രൂപപ്പെടാനുള്ള സാധ്യതയും വളരെക്കൂടുതലാണ്.

ഇങ്ങനെയുള്ള വൈവിധ്യമാര്‍ന്ന സംഘടനകളെ ഒരുമിച്ച് ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്ന ഘടനയ്ക്ക് പൊതുവായ രണ്ട് ഘടകങ്ങള്‍ അനിവാര്യമാണ്. ഭരണഘടനാദത്തവും സാര്‍വ്വജനീനവുമായ ധാര്‍മ്മിക നൈതിക പ്രതിബദ്ധതയും, ഇന്ത്യയെ സമനില തെറ്റുന്നതിനു മുമ്പുള്ള അവസ്ഥതയിലേക്ക് തിരിച്ചുകൊണ്ട് പോകുവാന്‍ കഴിയുമെന്നുള്ള സ്വപ്നവും വിശ്വാസവും.

അഞ്ചാമതായി, നാമിവിടെ വിഭാവനം ചെയ്യുന്ന രാഷ്ട്രീയം അഞ്ച് പത്ത് കൊല്ലത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണം. ഇക്കാലയളവില്‍ ജനങ്ങളെ സംഘടിപ്പിക്കല്‍, രാഷ്ട്രീയ വിദ്യാഭ്യാസവും ബോധവത്കരണവും, സാമൂഹികക്ഷേമം, മതമൈത്രിയ്ക്കായുള്ള പ്രചാരണങ്ങളും പദ്ധതികളും തുടങ്ങിയകാര്യങ്ങളില്‍ പൂര്‍ണ്ണമായും മുഴുകണം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തുടക്കത്തിലേ കുതിച്ചാല്‍ പാര്‍ലമെന്ററി മോഹവും അഴിമതിയടക്കമുള്ള നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അപചയഹേതുക്കളെല്ലാം ഇതിനെയും ഗ്രസിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ തീരുമാനിക്കാനുള്ള സാഹചര്യവും സംഘടനാബലവും കൈവരിക്കുന്നത് വരെ മാറിനില്‍ക്കണമെന്ന് മാത്രമാണ്.

ആറാമതായി, പൗരസമൂഹ കൂട്ടായ്കമകളുമയി പുതിയ മുസ്ലിം രാഷ്ട്രീയം അടുത്ത ബന്ധം സ്ഥാപിക്കുകയും പരസ്പരസഹകരണം ഉറപ്പ് വരുത്തുകയും വേണം. വര്‍ഗീയത, പരിസ്ഥിതി നാശം, മനുഷ്യാവകാശ ലംഘനങ്ങള്‍, പൗരസ്വാതന്ത്ര്യ നിഷേധങ്ങള്‍ ഇവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാരാളം പൗര സംഘടനകള്‍ ഇന്ത്യയിലുണ്ട്.

അവയുടെ നേതാക്കളും പ്രവര്‍ത്തകരും പൊതുവെ അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയും നൈതികനിഷ്ഠയും പുലര്‍ത്തുന്നവരാണ്. രാഷ്ട്രീയകക്ഷികളെപ്പോലെ താല്‍ക്കാലിക ലാഭത്തിനായി നയവഞ്ചനയും അവിഹിതമായ അനുരഞ്ജനങ്ങളും അവയുടെ പതിവല്ല.

ഒറ്റ ഉദാഹരണം മതി ഇത് സമര്‍ത്ഥിക്കാന്‍. ഇന്ത്യയിലെ മിക്ക ‘മതനിരപേക്ഷ’ രാഷ്ട്രീയ കക്ഷികളും ഒരിക്കലെങ്കിലും അധികാരത്തിനായി ബി.ജെ.പിയുമായി സഖ്യം സ്ഥാപിച്ചവരാണ്. കോണ്‍ഗ്രസാവട്ടെ ബി.ജെ.പി മൊത്തമായി ചെയ്യുന്നതെല്ലാം കാര്യലാഭത്തിനായി ചില്ലറയായി ചെയ്തു കൂട്ടിയിട്ടുമുണ്ട്. അതേസമയം പൗരസമൂഹത്തിലെ കൂട്ടായ്മകളില്‍ മിക്കവയും ഒരിക്കല്‍ പോലും അത്തരം അവിഹിത അനുരഞ്ജനങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

മേധാപട്ക്കര്‍, ഹര്‍ഷ്മന്ദര്‍ തുടങ്ങി എ.എ.പിയില്‍ ചേരുന്നതിന് മുമ്പുള്ള സി.ആര്‍ നീലകണ്ഠനെ വരെ നോക്കുക. മറ്റെന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും അവരാരും തങ്ങളുടെ അടിസ്ഥാനബോധ്യങ്ങളേയും ആദര്‍ശാടിത്തറയേയും താത്ക്കാലികലാഭങ്ങള്‍ക്കായി വിറ്റു തുലച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ മുസ്ലിംരാഷ്ട്രീയം ഇന്ത്യയിലെ അവശേഷിക്കുന്ന ആദര്‍ശവാദികളായ ന്യൂനാല്‍ന്യൂനപക്ഷവുമായി ഗാഢമായ പാരസ്പര്യം സ്ഥാപിക്കണം. മുസ്ലിം പ്രശ്നങ്ങളില്‍ മാത്രം ഇടപെടുന്ന പതിവ് രീതി മാറ്റി പൊതു സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണം.

മേധാപട്ക്കര്‍, ഹര്‍ഷ്മന്ദര്‍ എന്നിവര്‍

ഏഴാമതായി നാം വിഭാവനം ചെയ്യുന്ന മുസ്ലിം രാഷ്ട്രീയം കൂടുതല്‍ ഹൈന്ദവരെ സംഘപരിവാര്‍ പാളയത്തിലേക്ക് നയിക്കാനിടയുള്ള ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുത്. ഹൈന്ദവനും സംഘിയും തമ്മിലുള്ള വ്യത്യാസം മുസ്ലിംകള്‍ കൃത്യമായി തിരിച്ചറിയുന്നത് അവരുടെ വാക്കിലും പ്രവൃത്തിയിലും വ്യക്തമായി പ്രതിഫലിക്കണം.

ഏട്ടാമതായി പുതിയ മുസ്ലിം രാഷ്ട്രീയം സ്വത്വസമര്‍ത്ഥനത്തിലുള്ള പ്രലോഭനത്തെ പ്രതിരോധിക്കുകയും പൗരത്വ സമര്‍ത്ഥനത്തില്‍ നിരന്തരമായി ഊന്നുകയും വേണം.

ഹര്‍ഷ് മന്ദര്‍ തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞു. ‘ഇവിടെ സന്നിഹിതരായ മുസ്ലിം സഹോദരി സഹോദരന്മാരും കുട്ടികളും സ്വന്തം തീരുമാനപ്രകാരം ഇന്ത്യക്കാരായവരാണ്. എന്നെപ്പോലെയുള്ളവറ് യാദൃശ്ചയാ ഇന്ത്യക്കാരായവരാണ്. ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊരു രാജ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ഈ രാജ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ നിങ്ങള്‍ മുസ്ലിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊരു രാജ്യമുണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ഈ രാജ്യത്ത് ജീവിക്കാനാണ് തീരുമാനിച്ചത്. ഇന്ന് ഈ രാജ്യം ഭരിക്കുന്നവര്‍ പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദാലി ജിന്ന ശരിയായിരുന്നുവെന്നും മഹാത്മാഗാന്ധി തെറ്റായിരുന്നുവെന്നും തെളിയിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്’

ഇന്ത്യയിലിന്ന് ജീവിക്കുന്ന മുസ്ലിങ്ങളുടെ ധാര്‍മ്മികവും ചരിത്രപരവുമായ കര്‍ത്തവ്യമാണ് ജിന്നയും സവര്‍ക്കറും തെറ്റായിരുന്നുവെന്ന് തെളിയിക്കല്‍. ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച തങ്ങളുടെ പിതാമഹന്മാരോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവരുടെ മുമ്പിലുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗമാണത്.

ഇതേ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ലേഖകന്റെ മറ്റൊരു ലേഖനം ഈ ലക്കം ഔട്ട്‌ലുക്ക് മാസിക പ്രസിദ്ധീകരിച്ചിരുന്നു 

 

 

ഷാജഹാന്‍ മാടമ്പാട്ട്
എഴുത്തുകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍