ഫാസിസത്തിലേക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ലിബറല്‍ ഡെമോക്രസി
DISCOURSE
ഫാസിസത്തിലേക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ലിബറല്‍ ഡെമോക്രസി
ശ്രീകാന്ത് ടി.കെ
Thursday, 23rd January 2025, 2:26 pm
അമേരിക്കന്‍ ഡെമോക്രസിയുടെ ആരാധകരാണ് ജനാധിപത്യത്തെക്കുറിച്ച് വാചാലരായി ക്യൂബയിലെ മുതല്‍ ചൈനയിലെ വരെ ജനാധിപത്യത്തെ ഓര്‍ത്ത് കുണ്ഠിതപ്പെടുക. ബാലറ്റ് പേപ്പറിലൂടെ ഫാസിസ്റ്റുകളെ തെരഞ്ഞെടുത്താലൊന്നും അവര്‍ക്ക് കുഴപ്പമില്ല, ഇടയ്ക്കിടെ വോട്ട് ചെയ്തു എന്ന് തോന്നലുണ്ടാക്കിയാല്‍ ജനാധിപത്യമായി. ജനാധിപത്യത്തിന്റെ പത്ത് അടിസ്ഥാന ആശയങ്ങളെടുത്താല്‍ ഒമ്പതാമതോ പത്താമതോ മാത്രം വരുന്ന തെരഞ്ഞെടുപ്പ് എന്ന ആശയം ഇവര്‍ ഒന്നാമതും ഒരേയൊന്നുമായ ഡെമോക്രാറ്റിക്കല്‍ വാല്യൂ ആക്കി അവതരിപ്പിക്കും.| ശ്രീകാന്ത്.ടി.കെ

ഇലോണ്‍ മസ്‌ക് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇനാഗുറേഷന്‍ പരിപാടിയില്‍ നാസി സല്യൂട്ട് ചെയ്തത് കണ്ടപ്പോള്‍ എന്ത് തോന്നി..? കൂടുതല്‍ ഒന്നും തോന്നാന്‍ ഇല്ല, ലിബറല്‍ ഡെമോക്രസി എന്ന കോമാളിത്തരം അതിന്റെ സ്വാഭാവിക അപ്‌ഡേഷനായ ഫാസിസത്തിലേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു.

ജര്‍മനിയില്‍ നാസി സല്യൂട്ട് പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നാസി സല്യൂട്ട് മാത്രമല്ല, സ്വസ്തിക അടക്കമുള്ള നാസി ചിഹ്നങ്ങള്‍ പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

എ.എഫ്.ഡി അഥവാ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്നത് നാസി ആശയങ്ങളോട് കൂറു പുലര്‍ത്തുന്ന ജര്‍മനിയിലെ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി വരാന്‍ പോകുന്ന ജര്‍മന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന പാര്‍ട്ടിയാകുമെന്നോ, ഒരുവേള അധികാരം പോലും നേടുമെന്നോ പറയപ്പെടുന്നുണ്ട്.

തീവ്ര കുടിയേറ്റ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ലൈംഗിക ന്യൂനപക്ഷ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത, തീവ്ര ദേശീയത, കണ്‍സര്‍വേറ്റിസം എന്നിങ്ങനെ ഒരു ശരാശരി വലതുപക്ഷ പാര്‍ട്ടിയുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ എ.എഫ്.ഡി മുന്നേ തന്നെ ജര്‍മനിയിലെ ചില സ്റ്റേറ്റ് ഇലക്ഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു.

ഈ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിങ് പോസ്റ്ററുകളില്‍ ചില സൂത്രപ്പണികള്‍ അവര്‍ ഒപ്പിക്കും. ഉദാഹണത്തിന് ഒരു പോസ്റ്ററില്‍ ഒരു അച്ഛനും അമ്മയും നാസി സല്യൂട്ട് ചെയ്ത് മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു. പക്ഷേ അവരുടെ കൈ വിരല്‍ തുമ്പുകള്‍ പരസ്പരം സ്പര്‍ശിക്കുന്നുണ്ട്. അപ്പോള്‍ അത് ‘ഇന്‍വേര്‍ട്ടഡ് V’ ഷേപ്പില്‍ വരും. അതിന് താഴെ ഒരു കുഞ്ഞും. അതായത് പോസ്റ്ററില്‍ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നു എന്ന വ്യാജേന ജനങ്ങളുടെ മുന്നിലേക്ക് നാസി സല്യൂട്ട് മുന്നോട്ട് വെക്കുന്നു. മറ്റൊരു പോസ്റ്റര്‍ സ്‌കൂള്‍ വണ്ടിയില്‍ പോകുന്ന കുട്ടിയും രക്ഷിതാവും പരസ്പരം ബൈ പറയുന്ന രീതിയില്‍ നാസി സല്യൂട്ട് കാണിക്കുന്നതാണ്.

ജര്‍മനിയിലെ സമ്പ്രദായിക വലത്-സെന്റര്‍ റൈറ്റ് പാര്‍ട്ടികളെ ഒഴിവാക്കി ഈ നിയോ നാസി പാര്‍ട്ടിയുടെ നേതാക്കളെയാണ് ട്രംമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇലോണ്‍ മസ്‌ക് പ്രദര്‍ശിപ്പിച്ച നാസി സല്യൂട്ടും എ.എഫ്.ഡി ഉപയോഗിക്കുന്ന അതേ ട്രിക്കിലൂടെയാണ് ചെയ്തത്.

ഹൃദയത്തില്‍ തൊട്ട് ജനങ്ങളിലേക്ക് കൈ വീശി നാസി സല്യൂട്ട് കാണിക്കുന്ന രൂപത്തിലാണ് മസ്‌ക് കൈ വീശിയത്. കാണുന്ന മുഴുവന്‍ പേര്‍ക്കും അതെന്താണെന്ന് മനസിലായി, പക്ഷേ സാങ്കേതികമായി നിങ്ങള്‍ക്കത് നാസി സല്യൂട്ട് ആണെന്ന് തെളിയിക്കാന്‍ പറ്റില്ല.

എ.എഫ്.ഡി നേതാക്കള്‍ മാത്രമല്ല ലോകത്താകമാനമുള്ള ഫാര്‍ റൈറ്റ് പാര്‍ട്ടികളുടെ നേതാക്കളാണ് ട്രമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതും പങ്കെടുക്കുന്നതും. പരസ്യമായി മുസോളിനി ആരാധികയാണെന്ന് തുറന്ന് പറഞ്ഞ ഇറ്റാലിയന്‍ പ്രൈം മിനിസ്റ്റര്‍, അര്‍ജന്റീനിയന്‍ ഭരണാധികാരി, ഇന്ത്യയില്‍ നിന്ന് വിദേശ കാര്യ മന്ത്രി ജയശങ്കര്‍ എന്നിവരൊക്കെ അതില്‍ ചിലത്. ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ബോള്‍സൊനാരോയെ ക്ഷണിച്ചെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറി കേസിനെ തുടര്‍ന്ന് സുപ്രീം കോടതി പാസ്‌പോര്‍ട്ട് കണ്ട് കെട്ടിയതിനാല്‍ അങ്ങേര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് കേട്ടു.

അതിസമ്പന്നന്മാരായ ബില്യണയര്‍മാരുടെ അയ്യര് കളിയാണ് ട്രമ്പ് ക്യാബിനറ്റ്. അത് പിന്നെ എല്ലാ കാലത്തും അമേരിക്കയില്‍ അങ്ങനെ തന്നെയായിരുന്നു. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്നതാണ് അമേരിക്കന്‍ രാഷ്ട്രീയം. പലപ്പോഴും സാധാരണക്കാരുടെ തലച്ചോറിന് മില്യണും ബില്യണും എളുപ്പം തരം തിരിക്കാന്‍ സാധിക്കാറില്ല.

ആയിരം മില്യണ്‍ ആണല്ലോ ഒരു ബില്യണ്‍. വിവിധ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ഇലോണ്‍ മസ്‌ക്കിന്റെ മൊത്തം ആസ്തി 333-416 ബില്യണ്‍ ഡോളര്‍ ആണ്. അതായത് നമ്മള്‍ ഒരു സെക്കന്റില്‍ ഒരു ഡോളര്‍ വച്ച് സമ്പാദിച്ചാല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തിയുടെ അത്രയും സാമ്പാദിക്കാന്‍ അടുത്ത 7,300 -7,500 വര്‍ഷങ്ങള്‍ വേണ്ടി വരും..! ഇത്തരത്തില്‍ 13ല്‍പ്പരം മള്‍ട്ടി ബില്യണയര്‍മാരാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ക്യാബിനറ്റില്‍ ആ നാട്ടുകാര്‍ക്കും ലോകത്തിനും വേണ്ട നയങ്ങള്‍ രൂപീകരിക്കാന്‍ പോകുന്നത്.

പാരിസ് ക്ലൈമറ്റ് അക്കോര്‍ഡില്‍ നിന്ന് അമേരിക്ക പിന്മാറി, ഡബ്ല്യു.എച്ച്.ഒയില്‍ നിന്ന് പുറത്ത് വരിക ആണെന്ന് പ്രഖ്യാപിച്ചു, പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും, സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പല അന്താരാഷ്ട്ര ഫണ്ടുകളും നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം തിരുത്തുമെന്നും, ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കുമെന്നും നേരത്തെ തന്നെ ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ലിബറല്‍ ജനാധിപത്യ വാദികളുടെ പറുദിസ.. സോ കോള്‍ഡ് ഓള്‍ഡസ്റ്റ് ഡെമോക്രസി.

ഈ അമേരിക്കന്‍ ഡെമോക്രസിയുടെ ആരാധകരാണ് ജനാധിപത്യത്തെക്കുറിച്ച് വാചാലരായി ക്യൂബയിലെ മുതല്‍ ചൈനയിലെ വരെ ജനാധിപത്യത്തെ ഓര്‍ത്ത് കുണ്ഠിതപ്പെടുക. ബാലറ്റ് പേപ്പറിലൂടെ ഫാസിസ്റ്റുകളെ തെരഞ്ഞെടുത്താലൊന്നും അവര്‍ക്ക് കുഴപ്പമില്ല, ഇടയ്ക്കിടെ വോട്ട് ചെയ്തു എന്ന് തോന്നലുണ്ടാക്കിയാല്‍ ജനാധിപത്യമായി. ജനാധിപത്യത്തിന്റെ പത്ത് അടിസ്ഥാന ആശയങ്ങളെടുത്താല്‍ ഒമ്പതാമതോ പത്താമതോ മാത്രം വരുന്ന തെരഞ്ഞെടുപ്പ് എന്ന ആശയം ഇവര്‍ ഒന്നാമതും ഒരേയൊന്നുമായ ഡെമോക്രാറ്റിക്കല്‍ വാല്യൂ ആക്കി അവതരിപ്പിക്കും.

പൗരന്മാരെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കുന്ന, മെച്ചപ്പെട്ട പാര്‍പ്പിടവും തൊഴിലും അവസര സമത്വവും നല്‍കുന്ന, മികച്ച പൊതുജനാരോഗ്യ സംവിധാനവും പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളും, ഗ്രാമീണ വികസനവും, മികച്ച ഇന്‍ഫ്രാസ്ട്രക്ച്ചറും, ജനങ്ങള്‍ക്ക് മികച്ച ആയുര്‍ദൈര്‍ഘ്യവും, കുറഞ്ഞ മാതൃ-ശിശു മരണ നിരക്കുകളുമൊക്കെയായി തങ്ങളുടെ പൗരന്മാര്‍ക്ക് അന്തസുള്ള ജീവിതം നല്‍കുന്ന ഒരു സിസ്റ്റത്തെ നോക്കി അവര്‍ ചോദിക്കും, നിങ്ങളുടെ പ്രസിഡന്റിനെ പരിഹസിച്ചു സ്റ്റാന്റ് അപ്പ് കോമഡി ചെയ്യാന്‍ പറ്റുമോ എന്ന്.

സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ അടുത്ത വര്‍ഷം 1918ലാണ് സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള നിയമം നടപ്പിലാക്കിയത്. സോ കോള്‍ഡ് അമേരിക്കന്‍ ജനാധിപത്യം അതിനെടുത്തത് ഒന്നേകാല്‍ നൂറ്റാണ്ടിനും മേലെയാണ്, 1920ല്‍.

ഇത് മാത്രമല്ല ഈക്വല്‍ പേ, വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള അവകാശങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍, കൂലി വര്‍ദ്ധനവ്, തൊഴില്‍ സമയം, ഇന്‍ഷുറന്‍സ് അങ്ങനെ പല അവകാശങ്ങളും സോവിയറ്റ് യൂണിയന്‍ 30കള്‍ക്ക് മുന്നേ നടപ്പിലാക്കുകയും, ആ സോവിയറ്റ് സ്വാധീനം പടിഞ്ഞാറന്‍ ലോകത്ത് വ്യാപിക്കുന്നത് തടയാനുമാണ് അവിടങ്ങളിലും അതില്‍ പല അവകാശങ്ങളും നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായതും.

പിന്നീട് കോള്‍ഡ് വാര്‍ കാലം മുതലുള്ള പ്രൊപ്പഗാണ്ടയാണ് സോവിയറ്റ് റഷ്യയും ചൈനയും മുതല്‍ ലിബറല്‍ ഡെമോക്രസിയുടെ വട്ടത്തില്‍ നിലക്കാത്ത മറ്റെല്ലാ ജനാധിപത്യത്തെയും ഏകാധിപത്യമെന്ന് അമേരിക്കന്‍ ലോകം ലാബല്‍ ചെയ്തതും പാണന്മാര്‍ പതിറ്റാണ്ടുകളായി അതേറ്റു പാടുന്നതും.

പനാമ കനാല്‍ പിടിച്ചെടുക്കും, ഗ്രീന്‍ലാന്‍ഡ്‌ അമേരിക്കയുടെ ഭാഗമാക്കും, കാനഡ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കും എന്നൊക്കെയുള്ള സര്‍വ മര്യാദകളും ലംഘിച്ചുള്ള പ്രഖ്യാപനങ്ങളാണ് ‘അമേരിക്കന്‍ ജനാധിപത്യം’ ആധുനിക ലോകത്തോട് ഈ 2025ല്‍ പറയുന്നത്.

ലോകം മുഴുവന്‍ യുദ്ധം വിതക്കുന്ന, തീവ്രവാദ ഗ്രൂപ്പുകളെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന, കോര്‍പ്പറേറ്റുകളെ തീറ്റി പോറ്റുന്ന, തങ്ങള്‍ക്ക് വിധേയപ്പെടാത്ത രാജ്യങ്ങളില്‍ സൈന്യത്തെ അയച്ചോ അഭ്യന്തര കലാപമുണ്ടാക്കിയോ അട്ടിമറി നടത്തുന്ന, ലോകം നൂറ്റാണ്ടുകള്‍ കൊണ്ട് ആര്‍ജിച്ച എല്ലാ ആധുനിക മൂല്യങ്ങളെയും ഇല്ലാതാക്കി പിന്നോട്ട് നടത്തുന്ന ഈ ലിബറല്‍ ജനാധിപത്യമെന്ന കോമാളിത്തരം മാത്രമാണ് ഒരേയൊരു ജനാധിപത്യമെന്നാണ് അവര്‍ നമ്മളോട് പറയുന്നത്. മുസോളിനിയുടെ തന്നെ നിര്‍വചന പ്രകാരം കോര്‍പ്പറേറ്റ് താത്പര്യങ്ങളും ഭരണകൂട താത്പര്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ഫാസിസ്റ്റ് കാലം.

മഹാനായ ലെനിന്റെ ഓര്‍മ്മ ദിവസമാണ് ജനുവരി 21. ലെനിന്‍ ഓര്‍മ്മയായിട്ട് 101 വര്‍ഷങ്ങള്‍. 80 വര്‍ഷങ്ങള്‍ക്ക് മുന്നേ നാസി സല്യൂട്ടും പ്രദര്‍ശിപ്പിച്ച് ലോകത്തെ പിടിച്ചടക്കുമെന്ന് ഇതുപോലെ വെല്ലുവിളിച്ച് നടന്നവന്മാരുടെ നെഞ്ച് അരിപ്പയാക്കിയും വിളക്ക് കാലില്‍ കെട്ടി തൂക്കിയും ലോകത്തെ രക്ഷിച്ചത് സ്റ്റാലിന്റെ സോവിയറ്റ് ചെമ്പടയാണ്. അന്ന് ബാക്കി വന്ന നാസികളെയും പെറുക്കി കൂട്ടി കൊണ്ട് പോയി നാസയില്‍ മുതല്‍ സി.ഐ.എയില്‍ വരെ അടയിരുത്തിയതാണ് ലോകത്തിലെ പഴക്കം ചെന്ന ഈ അമേരിക്കന്‍ ലിബറല്‍ ജനാധിപത്യം.

Content Highlight: Liberal democracy being software updated to fascism

 

ശ്രീകാന്ത് ടി.കെ
ഡിജിറ്റൽ ക്രീയേറ്റർ