പുരാനി ദില്ലിയില്‍ നിലാവിന്റെ ചത്വരം 
DISCOURSE
പുരാനി ദില്ലിയില്‍ നിലാവിന്റെ ചത്വരം 
ഹരിദാസ് കൊളത്തൂര്‍
Sunday, 24th September 2023, 4:27 pm

നമ്മുടെ തലസ്ഥാനനഗരമായ ദല്‍ഹി, ഒരു ഹെറിറ്റേജ് സിറ്റി (പൈതൃകനഗരം) ആയാണറിയപ്പെടുന്നത്. ചില നഗരങ്ങള്‍ അങ്ങിനെയാണ്, അവയുടെ തെരുവുകളിലും, ഗലികളിലും, ഓരങ്ങളിലുമെല്ലാം ചരിത്രം പുതഞ്ഞു കിടപ്പുണ്ടാവും. ഒന്ന് ചികഞ്ഞാല്‍ ഉറങ്ങിക്കിടക്കുന്ന ചരിത്രം നിങ്ങളോട് സംവദിക്കാന്‍ തുടങ്ങും. ഇന്ദ്രപ്രസ്തം അത്തരത്തിലൊരു നഗരമാണ്. പ്രത്യേകിച്ചും ഓള്‍ഡ് ദല്‍ഹി (പുരാനി ദില്ലി ).

നമ്മുടെ ഭരണചക്രം തിരിക്കുന്ന പാര്‍ലിമെന്റ് മന്ദിരവും, രാഷ്ട്രപതി ഭവനും, ദല്‍ഹിയുടെ ഹൃദയഭാഗമായ കൊണോട്‌പ്ലെസുമൊക്കെ നിര്‍മിച്ചത് കൊളോണിയല്‍ കാലത്തെ ഇംഗ്ലീഷ്‌കാരാണ്. അതായത് ന്യൂ ദല്‍ഹിക്ക് ഒരു നൂറ്റാണ്ടോളം പഴക്കമേ ഉള്ളൂ എന്നര്‍ത്ഥം. എന്നാല്‍ ഓള്‍ഡ് ദല്‍ഹി എന്ന പുരാനി ദല്‍ഹിക്ക് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, ചരിത്രമുണ്ട്.

ദല്‍ഹിയുടെ ആദ്യകാലത്തെ പേര് ‘ഷാജഹാനാബാദ് ‘ എന്നായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കാലത്താണ് 1600 കളില്‍, പുരാനി ദല്‍ഹി നിര്‍മ്മിക്കപ്പെടുന്നത്. ഇംഗ്ലീഷ് കാരുടെ കാലത്ത്, ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഷാജഹാനാബാദ് എന്ന പേര് മാറ്റി, ദല്‍ഹി (1911) എന്നാക്കുന്നത്.

പുരാനി ദില്ലിയിലെ (Old Delhi ) ഏറ്റവും മനോഹരമായതും, തിരക്കുപിടിച്ചതുമായ പ്രദേശമാണ് ‘ചാന്ദ്‌നി ചൗക് ‘. ചാന്ദ്‌നി ചൗക് എന്നാല്‍ ‘നിലാവിന്റെ ചത്വരം ‘ എന്നര്‍ത്ഥം. ഷാജഹാന്റെ മകള്‍ ജഹാനിറ ഡിസൈന്‍ ചെയ്തതത്രേ ചാന്ദ്‌നി ചൗക്. പണ്ടിവിടെ യമുനയില്‍ നിന്ന് ആരംഭിക്കുന്ന രണ്ടു കനാലുകള്‍ (തോടുകള്‍ )നിര്‍മ്മിച്ചിരുന്നു. നിലാവുള്ള രാത്രികളില്‍ ഈ കനാലുകളിലെ റെഡ് ഫോര്‍ട്ടിന്റെ പ്രതിഫലനം ഒരു നല്ല കാഴ്ച്ചയായിരുന്നുവത്രേ. അങ്ങിനെയാണ് ചാന്ദ്‌നി ചൗക് എന്ന് പേര് വന്നതെന്ന് പറയപ്പെടുന്നു.

റെഡ്‌ഫോര്‍ട്ട്

റെഡ്‌ഫോര്‍ട്ടില്‍ നിന്നും ഫത്തെപുരി മസ്ജിദ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഉള്ള ഗലികളെല്ലാം ചേര്‍ന്നതാണ് ചാന്ദ്‌നി ചൗക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപര കേന്ദ്രം. ചാന്ദ്‌നി ചൗകില്‍ ലഭ്യമല്ലാത്ത സാധനങ്ങള്‍ ഒന്നുമില്ല. ചാന്ദ്‌നി ചൗകില്‍ ആരും വാഹനങ്ങളില്‍ സഞ്ചരിക്കാറില്ല. അത്രയ്ക്ക് തിരക്കാണ്. ചാന്ദ്‌നി ചൗക് മെട്രോ സ്റ്റേഷനില്‍ ഇറങ്ങി കല്‍നടയായി പോയി ഷോപ്പിങ് നടത്തി മെട്രോയില്‍ തന്നെ തിരിച്ചു പോകാറാണ് പതിവ്.

പ്രധാന റോഡിന്റെ ഇരുവശങ്ങളിലേക്കും നീണ്ടുകിടക്കുന്ന നിരവധി ഇടുങ്ങിയ തിരക്ക് പിടിച്ച ഗലികള്‍ കാണാം. ഗലികളില്‍ താഴെ കടകളും, ഹവേലികളും കാണാം. ഹവേലിയെന്നാല്‍ മുസ്ലിം ശൈലിയിലുള്ള പഴയ കെട്ടിടങ്ങള്‍, താമസസ്ഥലങ്ങള്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ചരിത്രമുറങ്ങുന്ന നിരവധി പ്രസിദ്ധമായ ഹവേലികളുണ്ടിവിടെ. പ്രശസ്ത ഉര്‍ദു/ പേര്‍ഷ്യന്‍ കവിയും, ഷായിറുമായിരുന്ന മിര്‍സാ ഗാലീബിന്റെ ഹവേലി ഇവിടെ ബലിമാരന്‍ ഗലിയിലാണ്. ഇത് ഡല്‍ഹി ഗവണ്മെന്റ് ഏറ്റെടുത്തു ഒരു സ്മാരകമാക്കി പരിരക്ഷിക്കുന്നുണ്ട്. അവിടെ ഗാലീബിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഗസലുകളുടെയും, കവിതകളുടെയും ഉറുദുവിലും, പേര്‍ഷ്യനിലുമുള്ള കയ്യെഴുത്തു പ്രതികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മെഹ്ദി ഹസനും, ബീഗം അക്ത്തറും, ഗുലാമലി യും, ജഗ്ജീത് സിങ്ങുമെല്ലാം പാടി അരങ്ങു തകര്‍ത്ത പല ഗസലുകളും മിര്‍സാ ഗാലീബിന്റെ രചനകളാണ്.അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷായുടെ ദര്‍ബാറിലെ ആസ്ഥാന കവിയായിരുന്നു മിര്‍സാ ഗാലീബ്.

ഗാലീബിന്റെ ഹവേലിക്കു പുറമെ നിരവധി പ്രസിദ്ധവും, പുരാതനവുമായ ഹവേലികളുണ്ട് ചാന്ദ്‌നി ചൗകില്‍. ചുന്നാമലി ഹവേലി, ഹൈദര്‍ കുലി ഹവേലി, ധരംപുര ഹവേലി, മുര്‍ത്തല്‍ ഹവേലി എന്നിവ അവയില്‍ ചിലതാണ്. പലതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവയുടെയൊക്കെ വാസ്തുവിദ്യ (Architecture) വ്യത്യസ്തവും, വിസ്മയിപ്പിക്കുന്നതുമാണ്. പഴയ ഹവേലികളില്‍ പലതും പുതുക്കി പണിത് വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റിക്കഴിഞ്ഞു. ചിലതെല്ലാം പഴയ പ്രൌഢിയോടെ നില നിര്‍ത്തിയിട്ടുണ്ട്. കാലക്രമേണ അതും അപ്രത്യക്ഷമായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇവിടത്തെ സ്ട്രീറ്റ് ഫുഡ്‌സ് പ്രസിദ്ധമാണ്. അതുപോലെ തന്നെ ഇവിടത്തെ മധുരപലഹാരങ്ങളും (ഹല്‍വായി കടകള്‍ ). പൊറാട്ടെ വാലെ ഗലി ചാന്ദ്‌നി ചൗകിലെ മറ്റൊരാകര്‍ഷണമാണ്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊറോട്ട കഴിക്കാന്‍ ആളുകള്‍ ഇവിടെയെത്തുന്നു. പലപ്പോഴും ഇരിപ്പിടമൊഴിയാന്‍ ആളുകള്‍ കാത്തിരിക്കുന്നത് കാണാം. പല പൊറോട്ട കടകളും മൂന്നും, നാലും നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടുന്നു. ചില കടകളില്‍ മുപ്പതോളം ഇനം പൊറോട്ടകള്‍ ലഭ്യമാണ്. ആലു പൊറോട്ട (ഉരുളക്കിഴങ്ങ് ), ഗോപി പൊറോട്ട ( ക്വളി ഫ്‌ലവര്‍ ), മൂലി പൊറോട്ട (മുള്ളങ്കി ) എന്നിങ്ങിനെ വിവിധയിനം പൊറോട്ടകള്‍.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മസാല(Spice Market) മാര്‍ക്കറ്റ് ചാന്ദ്‌നി ചൗകിലാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുവാനും വില്‍ക്കുവാനുമായി വ്യാപാരികള്‍ ദിവസേന ഇവിടെയെത്തുന്നു.അതുപോലെ ബ്രാസ്, വെങ്കലം (Brass, Bronze ) ഉത്പന്നങ്ങളുടെ പ്രസിദ്ധ മാര്‍ക്കറ്റ് ആയ ചൗരി ബസാര്‍ ചാന്ദ്‌നി ചൗകിലെ മറ്റൊരാകര്‍ശനമാണ്. വിവിധതരം ബ്രാസ് /ബ്രോണ്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആണിത്.

പുരാനി ദില്ലിയിലെ, ചാന്ദ്‌നി ചൗകിലെ ഗലികളിലൂടെ അലയുമ്പോഴാണ് നിങ്ങള്‍ യഥാര്‍ത്ഥ ഡല്‍ഹിയെ അടുത്തറിയുകയും, അനുഭവിക്കുകയും, ആസ്വദിക്കുകയും ചെയ്യുക.

ചാന്ദ്‌നി ചൗക് ആരംഭിക്കുന്നത് മുഗള്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ചെങ്കോട്ടയില്‍ നിന്നാണ്. അവിടെനിന്ന് നോക്കിയാല്‍ ചെങ്കോട്ടയോളം തന്നെ പഴക്കമുള്ള ജെയിന്‍ മന്ദിര്‍ കാണാം. തൊട്ടടുത്ത് അത്രതന്നെ പഴക്കമുള്ള ശീശ് ഗന്ജ് ഗുരുദ്വാരയും, ലക്ഷമീ മന്ദിറും കാണാം. മറ്റെ അറ്റത്തു സുനെഹ്രി മസ്ജിദ്. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഇവിടെ തോളോട് തോളുരുമ്മി നിലകൊള്ളുന്നു. നമ്മുടെ മതേതര പൈതൃകത്തിന്റെ അടയാളങ്ങള്‍ ചാന്ദ്‌നി ചൗകില്‍ നിങ്ങള്‍ക്ക് കണ്ടെടുക്കാനാകും.

content highlights: Haridas Kolathur writes about Chandni Chowk