രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍. തന്റെ ഏഴാമത്തെ ഐ.പി.എല്‍ സീസണാണ് കളിക്കുന്നതെന്നും വൈഭവിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ കൃത്യതയോടെയാണ് വൈഭവ് കളിക്കുന്നതെന്നും എവിടെ പന്തെറിഞ്ഞാലും യുവ താരം അടിച്ചുപറത്തുമെന്നും ലിയാം കൂട്ടിച്ചേര്‍ത്തു.
‘ഇതുപോലൊതാരത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഈ വര്‍ഷം എന്റെ ഏഴാമത്തെ ഐ.പി.എല്‍ ആയിരുന്നു, വളരെ നല്ല കളിക്കാരോടൊപ്പവും അവര്‍ക്കെതിരെയും കളിച്ചിട്ടുണ്ട്, എന്നാല്‍ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല. മധ്യനിരയില്‍ ഹെന്റിക് ക്ലാസന്‍ സ്പിന്നിനെതിരെ ഏറ്റവും മികച്ച രീതിയില്‍ കളിക്കുന്ന താരമാണ്. പക്ഷേ ഈ കുട്ടി, അവന്‍ പന്ത് വളരെ കൃത്യതയോടെ അടിക്കുന്നു. അവന്‍ ഒരിക്കലും ഒരു പന്ത് തെറ്റായി അടിക്കുന്നില്ല.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരു കളിക്കാരന്‍ എന്ന നിലയില്‍ അവന്‍ ഉണ്ടാക്കിയ ഓളം അവിശ്വസനീയമാണ്… ഞങ്ങള്‍ ബൗണ്‍സറുകള്‍ എറിയുമ്പോള്‍, അവന്‍ അത് തേര്‍ഡ് മാന്റെ മുകളിലേക്ക് പറത്തി, പിന്നെ മറ്റൊരു വശത്തേക്ക് എറിഞ്ഞു, അവന്‍ അത് അവിടെനിന്നും അടിച്ചു. നിങ്ങള്‍ എത്ര നന്നായി ബൗള്‍ ചെയ്താലും അവന്‍ അത് പറത്തിയടിക്കും. ഒരു ലോ ഫുള്‍ ടോസ് എറിയുക, അവന്‍ അത് ഫ്‌ളിക്ക് ചെയ്യും, നിങ്ങള്‍ പറയൂ! നമ്മള്‍ എവിടെയാണ് പന്ത് എറിയേണ്ടത്?,’ സ്റ്റിക് ടു ക്രിക്കറ്റില്‍ ലിയാം ലിവിങ്‌സറ്റണ്‍ പറഞ്ഞു.
2026ലെ സീസണില്‍ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
Content highlight: Liam Livingstone Talking About Vaibhav Sooryavanshi