പി.എം ശ്രീയുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു; വി.ഡി സതീശന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്
Kerala
പി.എം ശ്രീയുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു; വി.ഡി സതീശന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2026, 2:39 pm

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ച കത്ത് വിവിധ മലയാളം മാധ്യമങ്ങള്‍ പുറത്തുവിട്ടു. പദ്ധതിയുമായി കേരളം സഹകരിക്കില്ലെന്നും തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുമെന്നും അറിയിച്ചുകൊണ്ട് മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്താണ് റിപ്പോര്‍ട്ടര്‍ ടി.വിയും ദേശാഭിമാനിയും പുറത്തുവിട്ടിട്ടുള്ളത്.

പി.എം. ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ തുടരാനുള്ള മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു വി.ഡി. സതീശന്‍ ഇക്കാര്യം പറഞ്ഞത്.

മുന്‍ സര്‍ക്കാര്‍ കത്ത് അയച്ചില്ലെന്ന വാദം തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന, മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് വ്യക്തമാക്കുന്നത്. 2025 നവംബറില്‍ കേന്ദ്രത്തിന് അയച്ചതാണ് ഈ കത്ത്.

പി.എം. ശ്രീ പദ്ധതിയില്‍ ഭാഗമാവാന്‍ സംസ്ഥാനം നിര്‍ബന്ധിതരായ അവസ്ഥയാണെന്ന് ഇന്ന് ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പുവച്ചത്. കേരളം പദ്ധതിയില്‍ പങ്കാളികളാണ്. 2024ലാണ് പദ്ധതിയില്‍ ഒപ്പുവച്ചത്. പദ്ധതിയുടെ ഭാഗമായി പണം വാങ്ങിയതിനാല്‍ ഒഴിവാകാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ബാധിക്കാതെയും സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ ബലി കഴിക്കാതെയും പി.എം. ശ്രീ പദ്ധതിയില്‍ തുടരാനാണ് സര്‍ക്കാര്‍ നോക്കുന്നത്. നേരത്തെ തന്നെ ഒപ്പുവച്ചതിനാല്‍ അതില്‍ നിന്ന് പുറത്ത് പോകാനാവില്ല. കേരളത്തില്‍ എന്‍.ഇ.പിയും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വച്ചതിനാലാണ് ഇപ്പോള്‍ പി.എം ശ്രീയില്‍ ഒപ്പുവക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി മാദ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വി.ഡി. സതീശന്റെ വാദങ്ങള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തള്ളിയിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ചതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തുടരാന്‍ നിര്‍ബന്ധിതരായെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തെറ്റെന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പി.എം. ശ്രീ സ്‌കൂള്‍ പദ്ധതിയും സമഗ്ര ശിക്ഷാ കേരളം പദ്ധതിയും (എസ്.എസ്.കെ) രണ്ട് വ്യത്യസ്ത പദ്ധതികളാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. എസ്.എസ്.കെയ്ക്ക് ലഭിച്ച ഫണ്ട് പി.എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും നിര്‍ബന്ധമായി ലഭിക്കേണ്ടതുമാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് വാങ്ങുകയും പി.എം. ശ്രീ പദ്ധതി നടപ്പാക്കാതിരിക്കുകയും ചെയ്യുക എന്ന നയമായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആ തീരുമാനത്തിലെത്തിയത് കേന്ദ്രത്തിന്റെ സമ്മര്‍ദം കാരണമാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ച പി.എം. ശ്രീ സ്‌കൂള്‍ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Letter of Former Higher Education Secretary on PM Shri