പൃഥ്വിരാജിനെവെച്ച് നോക്കുമ്പോൾ എന്റെ കഷ്ടപ്പാട് ചെറുത്; എങ്കിലും ഞാൻ പാടുപെട്ടു: ലെന
Entertainment
പൃഥ്വിരാജിനെവെച്ച് നോക്കുമ്പോൾ എന്റെ കഷ്ടപ്പാട് ചെറുത്; എങ്കിലും ഞാൻ പാടുപെട്ടു: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th August 2023, 11:25 am

ആർട്ടിക്കിൾ 21 എന്ന ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി ലെന. ആടുജീവിതം എന്ന ചിത്രത്തിനായി പൃഥ്വിരാജ് കഷ്ടപ്പെട്ടതിന്റെ അത്രയും താൻ കഷ്ടപ്പെട്ടിട്ടില്ലെന്നും അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ തന്റേത് ചെറിയ സ്ട്രഗിൾ ആണെന്നും ലെന പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിനായി കഷ്ടപ്പെട്ടപോലെയാണോ താൻ ആർട്ടിക്കിൾ 21 എന്ന ചിത്രത്തിനായി കഷ്ടപ്പെട്ടതെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലെന.

‘ആർട്ടിക്കിൾ 21ലേക്ക് എത്തുന്നതിനുമുമ്പ് ഞാൻ ‘സാജൻ ബേക്കറി’ എന്ന ചിത്രത്തിനായി വർക്ക് ചെയ്യുകയായിരുന്നു. അജു വർഗീസും ഞാനും അതിൽ വർക്ക്‌ ചെയ്തപ്പോൾ നിറമൊക്കെ വെച്ചായിരുന്നു ഇരുന്നത്. അത് തീർത്തിട്ട് ഒരു ദിവസത്തിന്റെ ഗ്യാപ്പിലാണ് ഞാൻ ആർട്ടിക്കിൾ 21ലേക്ക് കയറുന്നത്.

സാജൻ ബേക്കറിയുടെ ഷൂട്ട് തീരുന്ന അവസാന മൂന്നു ദിവസം ഞാൻ വെറും പച്ചവെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. അഞ്ചാം ദിവസമാണ് ഞാൻ ഷൂട്ടിങ്ങിന് കയറിയത്. പട്ടിണി കിടക്കുന്ന ആ സമയം അത് വളരെ റിയൽ ആണ്. അത് അഭിനയിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമ്മുടെ മൈൻഡ് തന്നെ മാറും.

ഞാൻ ഒരു മെത്തേഡ് ആക്റ്റർ അല്ല. ആ തുടുത്ത ലുക്കിൽ നിന്നും ക്ഷീണിച്ച് പട്ടിണി കിടന്ന ആളിലേക്ക് മാറാൻ വേണ്ടി ചെയ്തതാണെങ്കിലും അത് ഫിസിക്കൽ ട്രോമ തരും. നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാത്ത അവസ്ഥ ഭയങ്കരമാണ്. നമ്മുടെ മാനസികാവസ്ഥ തന്നെ മാറും.

ഈ ചിത്രത്തിലെ കഥാപാത്രം നടക്കുന്നതുപോലെ നടക്കാൻ നോക്കിയിട്ട് എനിക്ക് സ്‌പൈനൽ മിസ് അലൈൻമെന്റ് ഉണ്ടായി. അതുകൊണ്ട് എനിക്ക് മർമ ചികിത്സ ചെയ്യേണ്ടി വന്നു.

മുറുക്കുന്ന സമയത്ത് അടക്ക ചവക്കാൻ പാടില്ലെന്ന് എനിക്കറിയില്ലായിരുന്നു. അത് പതുക്കെ പതുപതുത്തതാക്കുന്ന പരിപാടി ആണ്. സെറ്റിൽ എനിക്ക് വലിയ അടക്ക തരും. ഞാൻ അത് വായിൽ ഇട്ട് ചവച്ചിട്ട് ഇപ്പോൾ പല്ലിന്റെ രണ്ട് വശങ്ങളിലും ക്യാപ് ഇടേണ്ടി വന്നു, റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. നമ്മുടെ മണ്ടത്തരമാണ്. എങ്കിലും ഒരു സിനിമക്ക് വേണ്ടി അത്യാവശ്യം പാടുപെടേണ്ടി വന്നു.

അല്ലാതെ പൃഥ്വിരാജ് കഷ്ടപ്പെട്ടപോലെയല്ല. പൃഥ്വിരാജ് ആടുജീവിതത്തിനുവേണ്ടി കഷ്ടപ്പെട്ടപോലെ ഇല്ലെങ്കിലും ഞാനും അത്യാവശ്യം കഷ്ടപ്പെട്ടു. ആടുജീവിതം ഒരു വലിയ പടമാണ് എന്റേത് ഒരു ചെറിയ പടവും, പൃഥ്വിരാജിന്റേത് വലിയ സ്ട്രഗിളാണ് എന്റേത് ചെറുത്. നല്ല വ്യത്യാസമുണ്ട്,’ ലെന പറഞ്ഞു.

Content Highlights: Lena on her struggle for Article 21 movie and Prithviraaj’s struggle for  Aadujeevitham