ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ ദേശീയ പതാക ഉയര്‍ത്തി മിന്നല്‍ പ്രതിഷേധം നടത്തിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിരംഗ മാര്‍ച്ചിന് ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ.

ഒക്ടോബര്‍ പതിനാറിന് വൈകീട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാകയുമായി എത്താനാണ് ദീപ്‌കെ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

‘ദേശീയ പതാക വീശിയ കുറ്റത്തിനാണ് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ജയിലിലിട്ടിരിക്കുന്നത്.ഒക്ടോബര്‍ 16ന് വൈകുന്നേരം 5 മണിക്ക് കാനോട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാകയുമായി ഒത്തുചേരുക. ദേശീയപതാക വീശുന്നത് കുറ്റകൃത്യമല്ല എന്ന് നമ്മള്‍ വിളിച്ചുപറയും’,ദീപ്‌കെ പറഞ്ഞു.

ദല്‍ഹിയില്‍ എത്താന്‍ കഴിയാത്തവര്‍ സ്വന്തം നഗരങ്ങളില്‍ തിരംഗ മാര്‍ച്ച് നടത്താനും ദേശിയ പതാക അഭിമാനമാണെന്ന്് പറയാനും ദീപ്‌കെ ആഹ്വാനം ചെയ്തു.

ഇതിനുശേഷം തന്നെയും ജയിലില്‍ ഇടാന്‍ സാധ്യത ഉണ്ടെന്നും അതിനെപ്പറ്റി താന്‍ ചിന്തിക്കുന്നില്ലെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. താന്‍ പിന്മാറില്ലെന്നും ത്രിവര്‍ണ പതാക തന്റെ അഭിമാനമാണെന്നും അത് വീശുക തന്നെ ചെയ്യുമെന്നും ദീപ്‌കെ പറഞ്ഞു.

ഇന്നലെയാണ് (ഒക്ടോബര്‍ 13, ചൊവ്വ) പൊലീസ് വിലക്ക് മറികടന്ന് ജന്തര്‍ മന്ദറിലേക്കുള്ള വഴിയിലേക്ക് ഗെയ്റ്റ് ചാടിക്കടന്ന് അശുതോഷ്, സൗരവ്, അജിങ്ക്യ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം സി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിലെത്തി ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തില്‍ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കസ്റ്റഡിയാലായിരുന്ന മറ്റൊരു സി.ജെ.പി നേതാവായ അജിങ്ക്യ ഷിന്‍ഡെയെ പൊലീസ് വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചു.

ജന്തര്‍ മന്ദര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദല്‍ഹി പൊലീസ് ഈ തിങ്കളാഴ്ച ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സി.ജെ.പി നേതാക്കളുടെ മിന്നല്‍ പ്രതിഷേധം. ജന്തര്‍ മന്ദര്‍ പ്രതിഷേധിക്കാനുള്ള സ്ഥലമാണെന്നും അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും സി.ജെ.പി വ്യക്തമാക്കിയിരുന്നു.

Content Highlight:  ‘Lehra do Tiranga’: CJP’s Abhijeet Dipke announces protest on Oct 16, asks supporters to gather at Delhi’s Central Park