ന്യൂയോര്‍ക്ക്: ഭരണത്തിലേറിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങള്‍ അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള മിന്നലാക്രമണമെന്ന് നിയമവിദഗ്ധര്‍. ജന്മാവകാശ പൗരത്വം നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ഭരണഘടനയുടെയും ഫെഡറല്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും നിയമവിദഗ്ധര്‍ പ്രതികരിച്ചു.
നിയമവിദഗ്ധര്‍ക്ക് പുറമെ യു.എസിലെ പ്രമുഖരായ ചരിത്രകാരന്മാരും ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഏതാനും ചരിത്രകാരന്മാര്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല. കുട്ടിയുടെ അമ്മ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെങ്കിലും വിദ്യാര്‍ത്ഥിയോ ടൂറിസ്റ്റോ ആണെങ്കിലും കുട്ടിക്ക് പൗരത്വം നഷ്ടപ്പെടും.
ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ണ്‍ ഡി.സി എന്നിവയുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാര്‍ ട്രംപിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇതിനുപുറമെ ലോകാരോഗ്യസംഘടന, ഉക്രൈന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയവ സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തലാക്കിയിട്ടുണ്ട്. ട്രാന്‍സ് സമുദായത്തെ തഴയുന്നതും കുടിയേറ്റക്കാരെ വലയ്ക്കുന്നതുമാണ് ട്രംപിന്റെ നടപടികള്‍. യു.എസില്‍ ഇനിമുതല്‍ രണ്ട് ജെന്‍ഡറുകള്‍ മാത്രം മാത്രിയെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സൈന്യം, തപാല്‍, ഇമിഗ്രേഷന്‍, ദേശീയ സുരക്ഷാ വകുപ്പുകള്‍ എന്നിവയൊഴികെ മറ്റ് വകുപ്പുകളിലായി പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരെ വെട്ടിച്ചുരുക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.
Content Highlight: legal experts says Trump’s disregard for US constitution ‘a blitzkrieg on the law’