റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണമൊരുക്കി സി.പി.ഐ. നേരത്തെ ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ള ബജ്രംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടികളുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മര്‍ദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. പിന്നാലെ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിന് പിന്തുണ നല്‍കുമെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ നാരായൺപൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ബജ്രംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനമായതായി സി.പി.ഐ എം.പി പി. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.
ജൂലൈ 25നാണ് മലയാളി കന്യാസ്ത്രീകള്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അറസ്റ്റിലാകുന്നത്. നിലവില്‍ ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്‍.എല്‍.എ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലാകുമ്പോള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, പൊലീസ് അവരെ സംസ്ഥാന ശിശുക്ഷേമ വസതിയിലാണ് പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികള്‍ നാരായണ്‍പൂരിലെ വീടുകളിലേക്ക് എത്തുന്നത്.
തുടര്‍ന്ന് ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് പോയതെന്ന് പെണ്‍കുട്ടികള്‍ തുറന്നുപറഞ്ഞിരുന്നു. ബജ്രംഗ്ദള്‍ നേതാക്കളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.
കൂടാതെ ബജ്രംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ തങ്ങളെ മര്‍ദിച്ചതായും മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബജ്രംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ നിയമനടപടിക്കൊരുങ്ങുന്നത്.
അതേസമയം കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാരുടെ സംഘം ഛത്തിസ്ഗഡിലെത്തിയിരുന്നു. കന്യാസ്ത്രീകളെ ജയിലിലെത്തി സന്ദര്‍ശിച്ച എം.പിമാരുടെ സംഘം ജാമ്യത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എം.പിമാരുടെ സംഘം പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു.
Content Highlight: Legal action against Bajrang leaders; CPI provides protection to girls