അക്രമം നടക്കുമ്പോള്‍ ചുമരിലായിരുന്ന ഗാന്ധി എപ്പോഴാണ് തറയിലായത്; ദൃശ്യങ്ങളില്‍ സംശയമുന്നയിച്ച് ഇടതുപക്ഷ പ്രൊഫൈലുകള്‍
Kerala News
അക്രമം നടക്കുമ്പോള്‍ ചുമരിലായിരുന്ന ഗാന്ധി എപ്പോഴാണ് തറയിലായത്; ദൃശ്യങ്ങളില്‍ സംശയമുന്നയിച്ച് ഇടതുപക്ഷ പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th June 2022, 12:18 pm

വയനാട്: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തില്‍ മാഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ച് ഇടതുപക്ഷ പ്രൊഫൈലുകള്‍. കഴിഞ്ഞ ദിവസം എസ്.ഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളിലും പ്രവര്‍ത്തകരെ പുറത്താക്കി പൊലീസ് ഓഫീസിന് ഷട്ടറിട്ട സമയത്തെ ദൃശ്യങ്ങളിലും ഗാന്ധി ചുമരില്‍ തന്നെയുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന അക്രമത്തിനിടയിലുള്ള ദൃശ്യങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ ചിത്രങ്ങളും ചുമരില്‍ കാണാമെന്നും എന്നാല്‍ ഇന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ഗാന്ധിയുടെ ചിത്രം തറയില്‍ വീണ് കിടക്കുന്നതായി കാണിച്ചിരിക്കുന്നു എന്നും ഇത് എപ്പോഴായിരിക്കാം സംഭവിച്ചതെന്നുമുള്ള സംശയമാണ് ഇടത് പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നത്.

‘കോണ്‍ഗ്രസ് നേതാവ് നെയ്യാറ്റിന്‍കര സെല്‍വരാജിന്റെ വീടിന് തീയിട്ട കേസില്‍ അകത്തായത്ത് സെല്‍വരാജ് തന്നെയാണ്, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വന്തം മുടി മുറിച്ചത് മാധ്യമങ്ങളുടെ സഹായത്തോടെ സി.പി.ഐ.എമ്മിന്റെ പിടലിക്ക് വെച്ചു പോലീസ് അന്വേഷണത്തില്‍ അവര്‍ തന്നെ കുടുങ്ങി, വെഞ്ഞാറമൂട്ടില്‍ ഡി.സി.സി ഭാരവാഹിയായ വനിതാ നേതാവിന്റെ വീട്ടില്‍ സി.പി.ഐ.എം കല്ലെറിഞ്ഞു എന്ന് പ്രചരണം നടന്നു, അവസാനം നേതാവിന്റെ മകന്‍ തന്നെ കുടുങ്ങി,’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഇടത്‌പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നു.

അതേസമയം കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടിയും ഉണ്ടാകും.

May be an image of 1 person and text

സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് യു.ഡി.എഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് പരിസരത്ത് നിന്നും റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അടക്കമുള്ള യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഏറ്റവും നീചമായ സ്ഥിതിയെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ പ്രതികരണം.

Content Highlight: Left profiles cast doubt on Mahatma Gandhi’s photo falling on floor in Rahul Gandhi’s office violence