മലയാള നിർമാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെ നിരന്തരമായി പ്രതികരിക്കുന്ന വ്യക്തിയാണ് സാന്ദ്ര തോമസ്. ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടൻമാരുടെ മക്കൾ എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാത്തതെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് സാന്ദ്ര തോമസ്.
പെൺകുട്ടികളെ വിടാൻ പറ്റുന്ന ഒരു ഇൻഡസ്ട്രി അല്ല ഇതെന്ന് അപ്പൻമാരായ എല്ലാ പ്രമുഖ നടൻമാർക്കും അറിയാമെന്നും അവരുടെ പെൺകുട്ടികളും ഈ ലക്ഷ്വറിയൊക്കെ അനുഭവിക്കാൻ സ്‌പേസ് ഉണ്ടാക്കിക്കൊടുക്കുകയാണ് താനെന്നും സാന്ദ്ര തോമസ് പറയുന്നു.
പഴയ കാലഘട്ടമല്ല ഇതെന്നും ഇന്ന് മോഹൻലാൽ പോലും തന്റെ മകളെ അതുപോലെ സുരക്ഷിതയാക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവന്നിട്ടുള്ളതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ മകളായ വിസ്മയെ പോലും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലല്ല കൊണ്ടുവന്നിട്ടുള്ളതെന്നും സാന്ദ്ര പറയുന്നു.
‘എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സിനിമയിൽ എത്തിയ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുള്ള ആള് സ്വന്തം മകളെ അതിന് തയ്യാറാക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. അപ്പോഴും ഒരു പവർ പൊസിഷനിൽ നിൽക്കുന്ന അപ്പൻ അവിടെയുണ്ട്. ആ മകളെ ആർക്കും തൊടാൻ പറ്റില്ല. മകളുടെ അടുത്തേക്ക് അടുക്കാൻ പോലും ആർക്കും പറ്റില്ല,’ അവർ കൂട്ടിച്ചേർത്തു.
പല സ്ത്രീ നിർമാതാക്കളുടെയും അപ്പുറത്ത് പവർ പൊസിഷനിൽ ഭർത്താവ് ഉണ്ടെന്നും അങ്ങനെയുള്ളപ്പോൾ അവർക്ക് എന്തും ചെയ്യാമെന്നും സാന്ദ്ര പറഞ്ഞു.
ഒരാളും അവരെ തിരിച്ച് ചോദ്യം ചെയ്യില്ലെന്നും അവർ പ്രൊട്ടക്ഷനിലാണ് നിൽക്കുന്നതെന്നും പറഞ്ഞ സാന്ദ്ര ഇക്കാര്യം ചിന്തിച്ചാൽ മനസിലാകുമെന്നും കൂട്ടിച്ചേർത്തു.
താരാരാധനയിൽ മുഴുകിപ്പോകുമ്പോൾ നമുക്കിതൊന്നും മനസിലാവില്ലെന്നുംഅടുത്ത് അറിയുമ്പോഴാണ് ബിംബങ്ങളൊക്കെ ഉടയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചോദ്യം ശരിയല്ല എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു സാന്ദ്ര.
നിർമാതാക്കളുടെ സംഘടനയിൽ നടന്ന തെരഞ്ഞെടുപ്പിൽ സാന്ദ്ര നൽകിയ പത്രിക പിൻതള്ളിയിരുന്നു. പിന്നാലെ സംഘടയിലെ അംഗങ്ങൾക്കെതിരെ നിയമനടിയുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞ അവർ ഇന്ന് കേസും കൊടുത്തു.
പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ച് കേസിൽ നിന്നും പിൻമാറണമെന്ന് പറഞ്ഞിരുന്നെന്നും സാന്ദ്ര പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ മിണ്ടാതിരിക്കാൻ പറയുമോ എന്നാണ് താൻ മമ്മൂട്ടിയോട് തിരിച്ചുചോദിച്ചതെന്നും പിന്നീട് താനുമായി കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്നും മമ്മൂട്ടി പിൻമാറിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Content Highlight: Leading Malayalam actors know that this is not an industry where girls can be left behind: Sandra Thomas