അദ്വാനി മാത്രമല്ല, ബി.ജെ.പി വിസ്മൃതിയിലാക്കിയ നേതാക്കള്‍ വേറെയുമുണ്ട്; ബാബ്‌റി മസ്ജിദ് തകര്‍ക്കലിലേക്കു കാര്യങ്ങളെത്തിച്ചവരില്‍ ചിലര്‍ ഇവരാണ്
Babri Masjid Demolition
അദ്വാനി മാത്രമല്ല, ബി.ജെ.പി വിസ്മൃതിയിലാക്കിയ നേതാക്കള്‍ വേറെയുമുണ്ട്; ബാബ്‌റി മസ്ജിദ് തകര്‍ക്കലിലേക്കു കാര്യങ്ങളെത്തിച്ചവരില്‍ ചിലര്‍ ഇവരാണ്
ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 1:23 pm

ന്യൂദല്‍ഹി: അയോധ്യാ വിധി വന്നശേഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് എല്‍.കെ അദ്വാനി. ബി.ജെ.പിയുടെ പഴയ ഈ ഉരുക്കുമനുഷ്യന്റെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ബാബ്‌റി മസ്ജിദ് പൊളിക്കലിലേക്കും പിന്നീട് അതിന്റെ പേരില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളുടെയും പിന്നില്‍. ആ അദ്വാനി ഇപ്പോള്‍ മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കുന്നതാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍ അദ്വാനിയെ മാത്രമല്ല, ബാബ്‌റി മസ്ജിദ് പൊളിക്കലിലൂടെ ബി.ജെ.പിയുടെ പൊളിറ്റിക്കല്‍ മൈലേജില്‍ അനിതരസാധാരണമായ വ്യത്യാസം കൊണ്ടുവന്ന വേറെയും നേതാക്കള്‍ ഇന്ന് മുഖ്യധാരയിലില്ല.

ഉമാ ഭാരതി

അതിലേറ്റവും പ്രധാനിയാണ് ഉമാ ഭാരതി. മസ്ജിദ് തകര്‍ത്തതില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് ഇന്നോളം ഖേദം പ്രകടിപ്പിക്കാത്ത ഉമ ഇപ്പോള്‍ 20 ദിവസം നീളുന്ന ഗംഗാ യാത്രയിലാണ്. കൂടെ ഏറ്റവും വിശ്വസ്തരായ കുറച്ചുപേരും. ഒന്നാം മോദിസര്‍ക്കാരില്‍ മന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണ സീറ്റ് പോലും നിഷേധിക്കപ്പെട്ടു.

പേരിന് പാര്‍ട്ടി ഉപാധ്യക്ഷയെന്ന പദവിയുണ്ട്. എന്നാല്‍ വലിയ ചുമതലകളൊന്നും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുമില്ല. വാജ്‌പേയി-അദ്വാനി കാലഘട്ടത്തില്‍ അതികായയായിരുന്ന ഉമാ ഭാരതിക്കെതിരെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ഒട്ടേറെ കേസുകളുമുണ്ട്. ഇതില്‍ ചിലതിന്റെ വിചാരണകള്‍ ലഖ്‌നൗ കോടതിയില്‍ നടക്കുന്നുണ്ട്.

മുരളീ മനോഹര്‍ ജോഷി

അദ്വാനിക്കു പുറമേ നരേന്ദ്രമോദി-അമിത് ഷാ ദ്വന്ദ്വത്തില്‍ അരികുവത്കരിക്കപ്പെട്ട നേതാവാണ് മുരളീ മനോഹര്‍ ജോഷി. പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നു പുറത്തായ ജോഷി, ‘മാര്‍ഗദര്‍ശക് മണ്ഡല്‍’ എന്ന നിര്‍ജീവമായ സംവിധാനത്തിലേക്ക് ഒതുക്കപ്പെട്ടു. അദ്വാനിയും കൂടെയുണ്ട്.

ജോഷിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും തഴയുകയായിരുന്നു. പോരാത്തതിന് കാണ്‍പുരില്‍ നിന്നു മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നിഷേധിക്കുകയും ചെയ്തു. പൊതുചടങ്ങുകളില്‍ നിന്നാണ് അദ്വാനി വിട്ടുനില്‍ക്കുന്നതെങ്കില്‍, സെമിനാറുകളില്‍ പങ്കെടുക്കാതെയാണ് ജോഷിയുടെ ജീവിതം.

വിനയ് കത്യാര്‍

മറ്റൊരാള്‍ ഒ.ബി.സി നേതാവായ വിനയ് കത്യാറാണ്. കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുന്നതിനു മുന്‍പ് തങ്ങളുടെ പദ്ധതികളെല്ലാം ആസൂത്രണം ചെയ്തത് കത്യാറുടെ വീട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം കൈമാറിയിരുന്നത് കത്യാറാണ്.

വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്‌റംഗ്ദളിനു തുടക്കമിട്ട് രാമക്ഷേത്ര പ്രക്ഷോഭം ആളിക്കത്തിച്ചത് കത്യാറാണ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി അധ്യക്ഷന്‍, ഫൈസാബാദില്‍ നിന്ന് മൂന്നുപ്രാവശ്യം എം.പി, ഒരുതവണ രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ തനിക്ക് പാര്‍ട്ടിയില്‍ ചുമതലകളൊന്നും ഇല്ലെന്ന് അദ്ദേഹം തന്നെ പറയുന്നു.

ആരെങ്കിലും യോഗത്തിനു വിളിച്ചാല്‍ പോകുമെന്നും ലഖ്‌നൗവില്‍ താമസിക്കുന്ന കത്യാര്‍ പറഞ്ഞു. തന്റെ കാലത്തു തന്നെ ക്ഷേത്രം യാഥാര്‍ഥ്യമാകുമെന്നു കത്യാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

കല്യാണ്‍ സിങ്

മസ്ജിദ് തകര്‍പ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു ബി.ജെ.പി നേതാവ് കല്യാണ്‍ സിങ്. തകര്‍ച്ചയുടെ ഉത്തരവാദിത്വം സ്വയമേറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹത്തെ, മോദിസര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറിയ ഉടന്‍തന്നെ ഗവര്‍ണറായി നിയമിച്ചു. മോദിസര്‍ക്കാര്‍ ഏറ്റവും ആദ്യം നടത്തിയ ഗവര്‍ണര്‍ നിയമനവും ഇതാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിച്ച കല്യാണ്‍, ബാബ്‌റി മസ്ജിദ് കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

ഗോവിന്ദാചാര്യ

ഒരുകാലത്തു ജാതിരാഷ്ട്രീയം കൊണ്ടു കളിച്ച നേതാവാണ് ഗോവിന്ദാചാര്യ. ബാബ്‌റി മസ്ജിദ് തകര്‍ക്കലിലേക്കെത്തിയ രഥയാത്രയില്‍ ഉമാഭാരതിക്കുണ്ടായിരുന്ന പങ്കിനേക്കാള്‍ ഒരുപക്ഷേ അദ്ദേഹത്തിനുണ്ടാവും. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ഈ പേരു പോലും കേള്‍ക്കാനില്ല. ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1996-ലെ തെരഞ്ഞെടുപ്പു കാലത്ത് വാജ്‌പേയിയെ ‘മതേതരത്വത്തിന്റെ മുഖംമൂടി’യെന്നു വിളിച്ചതുമുതലാണ് അദ്ദേഹം ഉള്‍പ്പോരിന്റെ ഇരയായത്. അതോടെ രാഷ്ട്രീയപതനം ആരംഭിച്ചു. 2007-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ നിന്നു പുറത്താക്കപ്പെട്ടു.

ആര്‍.എസ്.എസിനു പ്രിയങ്കരനായ ഗോവിന്ദാചാര്യയെ പാര്‍ട്ടിയിലേക്കു തിരിച്ചെത്തിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വഴങ്ങാതിരുന്നത് ഗോവിന്ദാചാര്യ തന്നെയായിരുന്നു. മോദിക്കൊപ്പം കണക്കാക്കപ്പെട്ടിരുന്ന ഗോവിന്ദാചാര്യ അതോടെ വിസ്മൃതിയിലായി.

പ്രവീണ്‍ തൊഗാഡിയ

മസ്ജിദ് തകര്‍ക്കലിലേക്കു നയിച്ച പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ നേതാക്കളില്‍ പ്രമുഖനായിരുന്നു വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) മുന്‍ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. രണ്ടു ദശാബ്ദക്കാലത്തോളം അയോധ്യാ വിഷയം കത്തിച്ചു നിര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ ഇപ്പോഴും അദ്ദേഹത്തിനെതിരെ ഒട്ടേറെ കേസുകളുണ്ട്. എന്നാല്‍ രാമക്ഷേത്രം നിര്‍മിക്കാത്തതില്‍ മോദിയെ തുടര്‍ച്ചയായി എതിര്‍ത്തതിന്റെ ഫലമായി നിര്‍ബന്ധപൂര്‍വം വി.എച്ച്.പി അന്താരാഷ്ട്ര അധ്യക്ഷസ്ഥാനം തൊഗാഡിയക്കു രാജിവെയ്‌ക്കേണ്ടി വന്നു.

കഴിഞ്ഞവര്‍ഷം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കാണാതായ, തൊഗാഡിയയെ അഹമ്മദാബാദിലെ റോഡില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.