തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാണെന്നും തങ്ങളുടെ ആത്മവിശ്വാസത്തിന് കാരണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന് കനഗോലു ഇല്ല. തങ്ങളെ സംബന്ധിച്ച് ജനങ്ങളും അവരുടെ അനുഭവങ്ങളുമാണ് എല്‍.ഡി.എഫിന്റെ കനഗോലു. കൂടുതല്‍ സീറ്റുകളോടെ ജനങ്ങള്‍ എല്‍.ഡി.എഫിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എല്‍.ഡി.എഫിന്റെ ഗ്രാഫ് വലിയ തോതില്‍ ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കില്‍ എടുത്തായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്തിമ വിധിയുണ്ടാകുന്നത്. ഈ 10 വര്‍ഷത്തെ ആളുകള്‍ വിലയിരുത്തുമ്പോള്‍ അതിന് മുമ്പുള്ള വര്‍ഷങ്ങളെ കുറിച്ചുള്ള ഓര്‍മകളും ജനങ്ങളുടെ മനസിലേക്ക് വരും. ആ താരതമ്യം വലിയ സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. പക്ഷെ നമ്മുടെ ജനങ്ങളുടെ മനസില്‍ പഴയ പല ഓര്‍മകള്‍ ഇപ്പോഴുമുണ്ട്.
ഉദാഹരണമായി, ഇന്നത്തെ കേരളത്തില്‍ ഏതെങ്കിലും പോസ്റ്റിലേക്ക് ഒരാളെ നിയമിക്കുന്നതിനായി ആര്‍ക്കെങ്കിലും കൈക്കൂലി കൊടുക്കേണ്ടി വരുന്നുണ്ടോ?
പഴയ കാലത്ത് ചെറിയ തരത്തിലുള്ള റേറ്റുകള്‍ നിശ്ചയിച്ചിരുന്നില്ലേ? ഇപ്പോള്‍ ആ കാലമേ മാറി പോയിട്ടുണ്ട്. എന്നാല്‍ അത് കാലത്തിന്റെ മാത്രം മാറ്റമല്ല. ആ മാറ്റത്തില്‍ എല്‍.ഡി.എഫിനും ഒരു പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലുള്ള ഒട്ടേറെ അനുഭവങ്ങള്‍ ജനങ്ങളുടെ മനസിലുണ്ട്. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുണ്ടായ അത്ഭുതാവഹമായ മാറ്റങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്.
ഇന്ന് കേരളത്തിലെ ഒരു ജനറല്‍ ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താന്‍ മാത്രം വളര്‍ന്നുവെന്നത് ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയായിട്ടല്ലേ കാണേണ്ടത്. നവജാതശിശുക്കളുടെ മരണനിരക്ക് കുറച്ചത് ഒരു ലോക റോക്കോഡായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: LDF’s Kanagolu is the peoples: pinarayi vijayan