ആ സീനില്‍ ചാക്കോച്ചന്റെ ചവിട്ട് കൊണ്ട് തല ടേബിളില്‍ ഇടിച്ചു, ഒരാഴ്ചയോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല: ലയ മാമന്‍
Entertainment
ആ സീനില്‍ ചാക്കോച്ചന്റെ ചവിട്ട് കൊണ്ട് തല ടേബിളില്‍ ഇടിച്ചു, ഒരാഴ്ചയോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല: ലയ മാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th March 2025, 3:37 pm

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ഇതിനോടകം 50 കോടി കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം സ്‌കോര്‍ ചെയ്യാന്‍ വില്ലന്‍ ഗ്യാങ്ങിന് സാധിച്ചു. അടുത്തിടെ മലയാളത്തില്‍ വന്നതില്‍ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള വില്ലന്‍ ഗ്യാങ്ങാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വിശാഖ് നായര്‍, ലയ മാമന്‍, ഐശ്വര്യ, വിഷ്ണു ജി. വാര്യര്‍, അമിത് ഈപ്പന്‍ എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലയ മാമന്‍.

ചിത്രത്തിലെ മോര്‍ച്ചറി ഫൈറ്റ് വളരെ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്തതായിരുന്നെന്ന് ലയ പറഞ്ഞു. ആ ഫൈറ്റിനിടെ കുഞ്ചാക്കോ ബോബന്റെ ചവിട്ട് കൊണ്ട് സ്ലൈഡ് ചെയ്ത് പോയെന്നും അവിടെയുണ്ടായിരുന്ന മേശയുടെ എഡ്ജില്‍ തല ഇടിച്ചെന്നും ലയ കൂട്ടിച്ചേര്‍ത്തു. ഇടിയുടെ ഇംപാക്ടില്‍ തലയില്‍ വലിയൊരു മുഴ വന്നെന്നും ലയ പറഞ്ഞു.

ഒരാഴ്ചയോളം ഉറങ്ങാന്‍ സാധിക്കാതെ വന്നെന്നും ക്ലൈമാക്‌സ് ഫൈറ്റിന്റെ സമയത്ത് പനി പിടിച്ചെന്നും ലയ കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബനെ ചാടി ചവിട്ടുന്ന സീനുണ്ടായിരുന്നെന്നും ശരീരം മര്യാദക്ക് അനക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ആ ഫൈറ്റ് ചെയ്തതെന്നും ലയ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലയ മാമന്‍ ഇക്കാര്യം പറഞ്ഞത്.

‘മോര്‍ച്ചറി ഫൈറ്റ് റിയലിസ്റ്റിക്കായാണ് കൊറിയോഗ്രാഫ് ചെയ്തത്. ചില സീനില്‍ അടിയൊക്കെ ശരിക്ക് കൊണ്ടിട്ടുണ്ട്. ആ ഫൈറ്റിനിടെ ചാക്കോച്ചന്‍ എന്നെ ചവിട്ടുന്നുണ്ട്. ചവിട്ട് കിട്ടിയിട്ട് ഞാന്‍ സ്ലൈഡ് ചെയ്ത് ഒരു ടേബിളിന്റെ എഡ്ജില്‍ പോയി തലയിടിച്ചു. തലയുടെ ഒരു സൈഡില്‍ വലിയൊരു മുഴ വന്നു. ഒരാഴ്ച മര്യാദക്ക് ഉറങ്ങാന്‍ പറ്റിയില്ല. ഒരു സൈഡിലേക്കും തിരിഞ്ഞ് കിടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഹൈ ഫീവറായിരുന്നു. ഇത് തീര്‍ത്താല്‍ പിന്നെ റെസ്റ്റ് എടുക്കാമല്ലോ എന്ന ചിന്തയില്‍ ഷൂട്ടിന് പോയി. ചാക്കോച്ചനെ ചാടി ചവിട്ടുന്ന ഒരു ഷോട്ടുണ്ട്. ചാടാനൊക്കെ റെഡിയായി നിന്നു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ചാടാന്‍ ശ്രമിച്ചു. ബോഡി അനങ്ങുന്നുണ്ടായിരുന്നില്ല. ഒരുവിധം ശക്തിയെടുത്ത് ചാടുന്ന ഷോട്ടെടുത്തു,’ ലയ മാമന്‍ പറഞ്ഞു.

Content Highlight: Laya Mammen shares the shooting experience of Officer on Duty movie