ബെയ്‌ജിങ്: ലാറ്റിനമേരിക്കയും കരീബിയൻ ദ്വീപുകളും ആർക്കും തോന്നിയതുപോലെ കയറിയിറങ്ങാനുള്ള സ്ഥലമല്ലെന്ന് ചൈന. അമേരിക്കയുടെ ആധിപത്യ സ്വഭാവത്തിൽനിന്ന് വ്യത്യസ്‌തമായി പരസ്‌പര ബഹുമാനം, സമത്വം, തുറന്ന മനസ്, വിജയത്തിനായുള്ള സഹകരണം എന്നിവയാണ് ചൈനയുടെ ദീർഘകാല തത്വങ്ങളെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.
ചൈനയും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ബന്ധം മൂന്നാം കക്ഷികൾക്കെതിരെ ഉള്ളതല്ലെന്നും ബാഹ്യ ഇടപെടലുകളിൽ നിന്ന് ഇരുരാജ്യങ്ങളും മുക്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലകളിലെ രാജ്യങ്ങൾക്ക് സ്വന്തം വികസന പങ്കാളികളെയും വികസന മാർഗങ്ങളെയും കുറിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള പൂർണ അവകാശമുണ്ടെന്നും ജിയാകുൻ വ്യക്തമാക്കി. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും ചൈന ‘നുഴഞ്ഞുകയറി വിഭവങ്ങൾ കൊള്ളയടിക്കുന്നു’ എന്ന യു. എസ് സതേൺ കമാൻഡ് മേധാവിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഈ ആരോപണങ്ങൾ ചൈനയ്ക്കെതിരായ വസ്‌തുതാവിരുദ്ധവും കാലഹരണപ്പെട്ടതുമായ വാചകമടിയാണെന്നും ജിയാകുൻ കൂട്ടിച്ചേർത്തു.
ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും ഇടപെടാനും നിയന്ത്രിക്കാനും വർഷങ്ങളായി അമേരിക്ക ശ്രമിക്കുന്നുണ്ട്. അമേരിക്ക ഇത്തരത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും പകരം അവിടുത്തെ ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയുടെയും ലാറ്റിൻ അമേരിക്കയുടെയും പങ്കാളിത്തം ഇരുവിഭാഗങ്ങളുടെയും ആവശ്യങ്ങളും പൊതുതാത്പര്യങ്ങളും നിറവേറ്റുകയും സാമ്പത്തിക – സാമൂഹിക വികസനം ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് മേഖലയിലുടനീളമുള്ള സർക്കാരുകളും ജനങ്ങളും അംഗീകരിച്ചുവെന്നും ഗുവോ പറഞ്ഞു.