വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala News
വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2025, 12:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരിനും കാസര്‍ഗോഡിനും പുറമെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ (ഞായര്‍, ജൂണ്‍ 15) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ജൂണ്‍ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂണ്‍ 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകള്‍

15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്

17/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

18/06/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് (ശനി) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16, 17, 18 ദിവസങ്ങളിലും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും. ജൂണ്‍ പതിനെട്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഈ മേഖലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പള്ളിക്കല്‍, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്നും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും അറിയിപ്പുണ്ട്.

Content Highlight: latest weather updates in kerala, Red alert in five districts today